കാലിക്കറ്റില്‍ അഫ്‌സലുല്‍ ഉലമ ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍; പോലീസ് അന്വേഷണം തുടങ്ങി

Posted on: September 23, 2019 3:36 pm | Last updated: September 23, 2019 at 3:38 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫ്‌സലുല്‍ ഉലമ ഉത്തരക്കടലാസ് തൂക്കി വിറ്റ സംഭവത്തില്‍ വകുപ്പുതല, പോലീസ് അന്വേഷണം തുടങ്ങി. സര്‍വകലാശാല അധികൃതരുടെ പരാതിയെ തുടര്‍ന്ന് കൊണ്ടോട്ടി പോലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിനൊപ്പം സര്‍വകലാശാല വകുപ്പുതലത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ ഉത്തരവാദികളായ പുളിക്കലിലെ മദീനത്തുല്‍ ഉലൂം കോളജ് അധ്യാപകനായ കിഴിശ്ശേരി സ്വദേശി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ഇതിനിടെ ആരോപണ വിധേയനായ അധ്യാപകന്‍ ന്യായീകരണവുമായി രംഗത്തെത്തി.

സര്‍വകലാശാലയില്‍ ഈ വര്‍ഷം അഫ്‌സലുല്‍ ഉലമ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവമാണ് വിവാദമായത്. കഴിഞ്ഞ മാര്‍ച്ച് ആറിനും എട്ടിനും നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കണ്ടെത്തിയവയില്‍ കൂടുതലും. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നമ്പര്‍ വളരെ വ്യക്തമായി കാണാവുന്ന തരത്തിലാണ് ആക്രിക്കടയില്‍ ഉത്തരക്കടലാസുകള്‍ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍.

വ്യാഴാഴ്ച വൈകിട്ടാണ് യൂണിവേഴ്സിറ്റിയുടെ സീല്‍ പതിച്ച മദീനത്തുല്‍ ഉലൂമിലെ ഉത്തരക്കടലാസുകള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ആക്രിക്കടയില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷവും ലോഡ് കണക്കിന് ഉത്തരക്കടലാസുകളും മറ്റ് രേഖകളും മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ ഇതേ ആക്രിക്കടയില്‍ വിറ്റതായുള്ള വിവരം വിവാദത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.

പരീക്ഷാ മൂല്യനിര്‍ണയം നടക്കുന്ന കോളജുകളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാല തിരിച്ച് കൊണ്ടുപോകണമെന്നാണ് നിയമം. പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് ഉത്തരക്കടലാസ് വിറ്റത് ഗുരുതര ക്രമക്കേടായാണ് കണക്കാക്കുന്നത്.

പരീക്ഷാ ഫലത്തിലെ അപാകത ചൂണ്ടിക്കാണിച്ച് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചാല്‍ സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടി വരും.

ഉത്തരക്കടലാസിന്റെ പൂര്‍ണ ഉത്തരവാദിത്വം പരീക്ഷാ കണ്‍ട്രോളര്‍ക്കായിരിക്കേ അധ്യാപകന്‍ ഇത് തൂക്കി വിറ്റത് ഗുരുതര ക്രമക്കേടായാണ് കരുതുന്നത്. സര്‍വകലാശാല അറിയാതെ ഉത്തരക്കടലാസുകള്‍ കോളജില്‍ നിന്ന് എവിടേക്കും മാറ്റാന്‍ അനുവാദമില്ലെന്നിരിക്കെയാണ് നിയമ ലംഘനവും വിവാദവുമുണ്ടായിരിക്കുന്നത്.
ഉത്തരക്കടലാസുകള്‍ കോളജില്‍ സൂക്ഷിക്കാന്‍ സ്ഥലപരിമിതിയുണ്ടായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകാന്‍ മദീനത്തുല്‍ ഉലൂമിലെ കോളജ് മാനേജ്‌മെന്റ്തന്നോട് ആവശ്യപ്പെട്ടെന്നും ഇക്കാര്യം തെറ്റിദ്ധരിച്ച കോളജിലെ ഡ്രൈവര്‍ ആക്രിക്കടയിലേക്ക് കൊണ്ടു പോകുകയായിരുന്നുവെന്നുമാണ് അധ്യാപകന്‍ നല്‍കിയ വിശദീകരണം.