മരട് ഫ്ളാറ്റ്‌: ചീഫ് സെക്രട്ടറിക്കും സര്‍ക്കാറിനും കോടതിയുടെ കടുത്ത വിമര്‍ശനം

Posted on: September 23, 2019 12:39 pm | Last updated: September 23, 2019 at 7:39 pm

ന്യൂഡല്‍ഹി: മരട് ഫഌറ്റ് പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നത് അനിശ്ചിതമായി നീളുന്നതില്‍ സംസ്ഥാന സര്‍ക്കാറിനും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. ചീഫ് സെക്രട്ടറിയെ ശക്തമായ ഭാഷയില്‍ ശകാരിച്ച സുപ്രീംകോടതി കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്നും പറഞ്ഞു. ഇതാണ് നിലപാടെങ്കില്‍ സ്ഥിതി ഗരുതരമാകും. കേസില്‍ വിശദമായ ഉത്തരവ് വെള്ളിയാഴ്ച പുറപ്പെടുവിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

കോടതിയുടെ പുറകിലായിരുന്ന ടോം ജോസിനെ മുന്നോട്ട് വിളിച്ചിരുത്തിയ കോടതി എത്ര ദിവസംകൊണ്ട് നിങ്ങള്‍ ഫഌറ്റ് പൊളിക്കുമെന്ന് ചോദിച്ചു. കോടതി ഉത്തരവിട്ടിട്ട് മൂന്ന് മാസമായി. വിഷയത്തില്‍ എന്ത് നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചത്. ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ല. നിയമലംഘരെ കേരളം സരക്ഷിക്കുകയാണ്. ഫഌറ്റ് പൊളിക്കുന്നതില്‍ കേരളത്തിന്റെ പദ്ധതി എന്താണെന്ന് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം കണ്ടാലറിയാമെന്നും കോടതി പറഞ്ഞു.

കേരളത്തിലെ മൊത്തം തീരദേശത്തെ നിര്‍മാണത്തെക്കുറിച്ചും ഉത്തരവുകളും പരിശോധിക്കേണ്ടിവരും. കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍ എത്ര പേര്‍ മരിച്ചുവെന്ന് അറിയില്ലേ. പ്രളയമുണ്ടായപ്പോള്‍ രാജ്യം മുഴുവന്‍ കേരളത്തിനൊപ്പം നിന്നതാണ്. ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനംകൊണ്ടാണ് പ്രളയം ആവര്‍ത്തിക്കുന്നത്. ദുരന്തം ഉണ്ടായാല്‍ ആദ്യം മരിക്കുക നാല് ഫഌറ്റിലെ മുന്നൂറ് കുടുംബങ്ങളാണ്.
ശക്തമായ വേലിയേറ്റമുണ്ടായല്‍ ഫഌറ്റില്‍ ഒന്നും ബാക്കിയുണ്ടാകില്ലെന്ന് അറിയില്ലേയെന്നും സുപ്രീംകോടതി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായെങ്കിലും അദ്ദേഹത്തിന് കേസില്‍ ഇന്ന് കാര്യമായ ഇടപെടല്‍ നടത്താന്‍ കോടതി അനുവദിച്ചില്ല.