എറണാകുളം സീറ്റ് ലക്ഷ്യമിട്ട് ചരടുവലിക്കായി കെ വി തോമസ് ഡല്‍ഹിയില്‍

Posted on: September 23, 2019 11:45 am | Last updated: September 23, 2019 at 6:50 pm

ന്യൂഡല്‍ഹി: എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ കാണാന്‍ പ്രൊഫ. കെ വി തോമസ് ഡല്‍ഹിയിലെത്തി. എറണാകുളത്ത് തോമസിനെ ഒഴിവാക്കിയായിരുന്നു ഹൈബി ഈഡന് ലോക്‌സഭാ സീറ്റ് നല്‍കിയത്. ഇപ്പോള്‍ ഹൈബിയുടെ ഒഴിവില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നേടിയെടുക്കുക എന്ന ലക്ഷ്യവുമായാണ് കെ വി തോമസ് ഡല്‍ഹിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഒരു യുവനേതാവിനെ എറണാകുളത്ത് പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് താത്പര്യം. നിരവധി തവണ മന്ത്രിയും എം പിയും എം എല്‍ എയുമായ കെ വി തോമസിന് വീണ്ടും സീറ്റ് നല്‍കുന്നതിനെ വലിയ ഒരു വിഭാഗം എതിര്‍ക്കുന്നു. തോമസിന് വീണ്ടും സീറ്റ് നല്‍കിയാല്‍ അത് പ്രചാരണ രംഗത്തും മറ്റും വലിയ തിരിച്ചടിയുണ്ടാകുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ നിരവധി യുവനേതാക്കള്‍ പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ എറണാകുളം സീറ്റിനായും രംഗത്തുണ്ട്. ഈ എതിര്‍പ്പുകളെല്ലാം നിലനില്‍ക്കെയാണ് കെ വി തോമസ് ദേശീയ നേതൃത്വത്തിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് വീണ്ടും സീറ്റ് നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

സോണിയാ ഗാന്ധിയുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന നേതാക്കളില്‍ ഒരാളാണ് കെ വി തോമസ്. സോണിയാ ഗാന്ധി വീണ്ടും കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് താത്കാലികമായെങ്കിലും എത്തിയതോടെ വീണ്ടും തനിക്ക് അനുകൂലമായ ഒരു തീരുമാനം തോമസ് പ്രതീക്ഷിക്കുന്നു. മണ്ഡലത്തില്‍ വലിയ വ്യക്തിബന്ധമുള്ള നേതാവാണ് കെ വി തോമസ്. കൂടാതെ എറണാകുളത്തെ വലിയ സമ്മര്‍ദ ഗ്രൂപ്പുകളായ ക്രിസ്തീയ സഭകളുമായി അടുത്ത ബന്ധവും കെ വി തോമസിനുണ്ട്. ഇതെല്ലാം ഉപയോഗിച്ച് വീണ്ടും ഒരു ശ്രമം നടത്തിനോക്കാനാണ് കെ വി തോമസ് ഡല്‍ഹിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ എന്ത് സമ്മര്‍ദമുണ്ടായാലും കെ വി തോമസിനെ സ്ഥാനാര്‍ഥിയാക്കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളും. ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ആഴ്ച മാത്രം ബാക്കിയിരിക്കെ എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയം ഇതിനാല്‍ യു ഡി എഫിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പ്.