Connect with us

Kozhikode

മാന്യന്മാരായ ആളുകളെ മദ്യപാനിയായി മാറ്റാന്‍ നിങ്ങള്‍ക്കല്ലാതെ സാധിക്കില്ല; മറുപടിയുമായി ടി സിദ്ദീഖ്

Published

|

Last Updated

കോഴിക്കോട്: ദുബൈയിലെ സന്ദര്‍ശനത്തിനിടെ മദ്യപിച്ചുവെന്ന പ്രചരണത്തിന് മറുപടുയുമായി കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ധിഖ്. ഒരിക്കലും മദ്യപിക്കാത്തവരെ പോലും മദ്യപാനി ആക്കാനും, മോശക്കാര്‍ ആക്കാനും തുനിഞ്ഞിറങ്ങിയാല്‍ അതിനു വഴങ്ങാന്‍ തന്നെ കിട്ടില്ലെന്ന് ടി സിദ്ദീഖ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ദുബൈയില്‍ വെച്ച് മദ്യപിച്ചുവെന്ന തരത്തില്‍ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ദൃശ്യങ്ങള്‍
സോഷ്യല്‍ മീഡയയിലുടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയായിരുന്നു  സിദ്ദീഖിന്റെ മറുപടി.

ഇന്‍കാസിന്റേതുള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ദുബൈയിലത്തിയതായിരുന്നു സിദ്ദീഖ്. കുടുംബത്തോടൊപ്പമുള്ള മരുഭൂമിയിലൂടെയുള്ള യാത്രക്കിടെ സിദ്ധിഖിന്റെ ഭാര്യയായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഞാന്‍ മദ്യപിക്കാറില്ല. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല.  ഇനി മദ്യപിക്കുമില്ല. അതെന്റെ തീരുമാനമാണ്. മദ്യപാനിയല്ലാത്ത എന്നെ മദ്യപാനിയാക്കാന്‍ വിചാരിച്ചാല്‍ അതിനോട് വിധേയമാകാന്‍ താന്‍ ഒരുക്കമല്ലെന്നും ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത വീഡിയോ പോസ്റ്റിലൂടെ സിദ്ദീഖ് പറഞ്ഞു. താന്‍ മദ്യപിച്ചു എന്ന് പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസിന് പരാതി നല്‍കുമെന്നും സിദ്ദീഖ് പറഞ്ഞു.

ടി സിദ്ദീഖിന്റെ വാക്കുകള്‍:

കഴിഞ്ഞ ഇരുപതിന് പുലര്‍ച്ചെയാണ് ഞാന്‍ ദുബൈയിലെത്തുന്നത്. കോഴിക്കോട് ജില്ലാ ഇന്‍കാസ് കമ്മിറ്റിയുടെ രൂപീകരണ യോഗവും ഓണാഘോഷത്തിന്റെ സമാപനവും കോഴിക്കോട് ഫ്രണ്ട്‌സിന്റെ പരിപാടികളിലും പങ്കെടുക്കാനായിരുന്നു. അതോടൊപ്പം ഹരിത ചന്ദ്രികയുടെ പരിപാടികളുള്‍പടെ നിരവധി പരിപാടികള്‍ അതുമായി ബന്ധപ്പെട്ട് ക്രമീകരിച്ചിരുന്നു. തലേ ദിവസം രാത്രി മുഴുവന്‍ യാത്രയായിരുന്നു. പിന്നെ കൂട്ടുകാരെ കാണലും വിവിധ യോഗങ്ങളില്‍ പങ്കെടുക്കലുമായി വളരെ ധൃതിപ്പെട്ട ദിവസങ്ങളായിരുന്നു.

ഇരുപതാം തിയതി വരെ രണ്ട് ദിവസത്തെ ഉറക്കും നഷ്ടപ്പെപ്പെട്ടു. എന്നാല്‍ കുടുംബം നേരത്തെ ദുബൈയില്‍ എത്തിയിരുന്നു. അവരെയും കൂട്ടി കൂട്ടുകാരുടെ കുടുംബവുമൊത്ത് മരുഭൂമി സന്ദര്‍ശനത്തിന് പോകാന്‍ തീരുമാനിക്കുകയായിരുന്നു. മരുഭൂമിയിലൂടെ ഒന്നര മണിക്കൂറോളം യാത്ര ചെയ്തു. ശക്തമായ കാറ്റുമുണ്ടായിരുന്നു.

യാത്രയുടെ ഉലച്ചിലും മറ്റുമായി എത്തിയ ശേഷം സുഹൃത്തുക്കള്‍ പായ വിരിച്ചു കുട്ടികളെയും കൂട്ടി ലഘു ഭക്ഷണം കഴിച്ചു. പെപ്‌സിയും ചെറിയ സ്‌നാക്‌സുമാണ് ഞങ്ങളവിടെ നിന്നും കഴിച്ചത്. ശേഷം പിരമിഡുകളെ കുറിച്ചും യാത്രയെ കുറിച്ചും ഏറെ നേരം അവിടെ വച്ച് സംസാരിച്ചു. ഏറെ നേരം ഇരുന്ന ശേഷം ഒരാള്‍ എഴുന്നേല്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുമല്ലോ; മണലാണ്. അതിനൊപ്പം ഞാനും മക്കളും ഭാര്യയും ചേര്‍ന്ന് ഓട്ടമത്സരവും നടത്തി. ഞാനും മക്കളും അതിനിടെ തെന്നി വീണിട്ടുണ്ട്. ഈ വീഡിയോ എടുത്ത് സിപിഎമിന്റെ പ്രവര്‍ത്തകര്‍ അവരുടെ ഗ്രൂപുകളില്‍ താന്‍ മദ്യപിച്ചെന്നാരോപിച്ച് സജീവമായി കൊണ്ടാടാന്‍ തീരുമാനിച്ചു. അവരോടെനിക്ക് സഹതാപം ഉണ്ട്. വല്ലാത്തൊരു തൊലിക്കട്ടി തന്നെ. മാന്യന്മാരായ ആളുകളെ മദ്യപാനിയായി മാറ്റാന്‍ കുടുംബമൊത്തുള്ള യാത്ര ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല.

ഞാന്‍ മദ്യപിക്കാറില്ല. ജീവിതത്തില്‍ ഇതുവരെ മദ്യപിച്ചിട്ടില്ല. ഞാന്‍ ഇനി മദ്യപിക്കുമില്ല. അതെന്റെ തീരുമാനമാണ്. മദ്യപാനിയല്ലാത്ത എന്നെ മദ്യപാനിയാക്കാന്‍ വിചാരിച്ചാല്‍ അതിനോട് വിധേയമാകാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കുകയാണ്. ഞാന്‍ മദ്യപിച്ചു എന്ന് പ്രചരണം നടത്തിയവര്‍ക്കെതിരെ പോലീസിന് പരാതി നല്‍കും.

വീഡിയോ:

---- facebook comment plugin here -----

Latest