വട്ടിയൂര്‍കാവില്‍ മേയര്‍ വി കെ പ്രശാന്ത് എല്‍ ഡി എഫിനായി കളത്തിലേക്ക്

Posted on: September 23, 2019 11:24 am | Last updated: September 23, 2019 at 5:20 pm

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന
വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി കെ പ്രശാന്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകന്‍ സാധ്യത വര്‍ധിച്ചു. വിവിധ സാധ്യതകള്‍ പരിശോധന ശേഷം പ്രശാന്തിന്റെ പേരിന് പ്രാമുഖ്യം നല്‍കിയ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച പട്ടിക കൈമാറി. പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ശിപാര്‍ശ അടുത്ത ദിവസം ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.

പ്രശാന്തിന് പിന്നില്‍ രണ്ടാമതായി തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന്റെ പേരാണുള്ളത്. സാമുദായിക സമവാക്യങ്ങളേക്കാള്‍ ഉപരി പ്രശാന്തിന്റെ വ്യക്തിത്വത്തിനുള്ള സ്വീകാര്യതയാണ് സ്ഥാനാര്‍ഥിയാകന്‍ അദ്ദേഹത്തിന്റെ പേര് ശിപാര്ഡശ ചെയ്യാന്‍ ജില്ലാ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

മേയര്‍ എന്ന നിലയില്‍ പ്രശാന്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണ്. നഗര വോട്ടര്‍മാര്‍ക്കും ഏറെ പരിചിതം. അടുത്തിടെയുണ്ടായ പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രശാന്ത് നടത്തിയ ഇടപെടല്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മലപ്പുറത്തേയും വയനാട്ടിലേയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി വലിയ തോതിലുള്ള സഹായങ്ങളാണ് പ്രശാന്തിന്റെ നേതൃത്വത്തില്‍ എത്തിയത്. തിരുവനന്തപുരം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കാര്യമായ ഇടപെടല്‍ ഇല്ലാത്ത ഒരു സാഹചര്യത്തിലായിരുന്നു മേയറായ പ്രശാന്ത് മുന്നിട്ടിറങ്ങി ദുരിതാശ്വാസ സഹായങ്ങള്‍ ശേഖരിച്ചത്. ഇത് ഏറ്റെടുത്ത സാമൂഹിക മാധ്യമങ്ങള്‍ അദ്ദേഹത്തെ മേയര്‍ ബ്രോ എന്ന നിലയിലാണ് അഭിസംബോധന ചെയ്തത്.