Connect with us

Editorial

നിരീക്ഷണത്തിന്റെ പുതിയ വലയം

Published

|

Last Updated

രാജ്യം വലിയ അരക്ഷിതാവസ്ഥയിലേക്ക് പോകുമ്പോഴാണ് പഴുതടച്ച നിരീക്ഷണം അനിവാര്യമായി വരുന്നത്. ഏറ്റവും ആധുനികമായ നിരീക്ഷണ സംവിധാനങ്ങള്‍ കോടികള്‍ ചെലവിട്ട് ഒരുക്കുന്നതിന് ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്നത് സുരക്ഷയെ കുറിച്ചുള്ള ആധിയായിരിക്കാം. ഒന്നുകില്‍ ഈ ആധി വ്യാജമായി ഉത്പാദിപ്പിക്കുന്നവയാകാം. അല്ലെങ്കില്‍ യഥാര്‍ഥത്തില്‍ ഉള്ളതാകാം. അമേരിക്കയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ അവരുടെ അധീശത്വം അടിച്ചേല്‍പ്പിച്ചത് കൊണ്ടുണ്ടായതാണ്. ചൈന പഴുതടച്ച സുരക്ഷയൊരുക്കുന്നത് സ്വന്തം ജനതയെ വിശ്വാസമില്ലാഞ്ഞിട്ടായിരിക്കാം. വന്‍കിട രാഷ്ട്രങ്ങളിലെല്ലാം ജനങ്ങള്‍ ഇത്തരം നിരീക്ഷണങ്ങളുടെ തടവറയിലാണ് കഴിയുന്നത്. അല്‍പ്പമെങ്കിലും ആശ്വാസമുള്ളത് ദരിദ്ര രാജ്യങ്ങളിലാണ്. അവിടെയും ഭരണാധികാരികളുടെ ആഗ്രഹം പൗരന്‍മാര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാകണമെന്ന് തന്നെയാണ്. വികസ്വര രാഷ്ട്രമായ ഇന്ത്യയും അതിനൂതന നിരീക്ഷണ സംവിധാനം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

മുഖം തിരിച്ചറിയാനുള്ള (ഫേഷ്യല്‍ റിക്കഗ്നിഷന്‍)സാങ്കേതിക വിദ്യ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാനുള്ള വന്‍ പദ്ധതി നടപ്പാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തേ തന്നെ പുറത്തു വന്ന വിവരമാണിത്. ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കം വേഗത്തിലാക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചൈനയുടെ മാതൃകയിലാകും പദ്ധതി നടപ്പാക്കുക. കേന്ദ്രീകൃതമായ മുഖം തിരിച്ചറിയല്‍ സംവിധാനം വികസിപ്പിക്കാനാവശ്യമായ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാസം തുടക്കമിടുമെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യമെമ്പാടും സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ ഈ സാങ്കേതിക വിദ്യയാകും ഉപയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പാസ്സ്‌പോര്‍ട്ട് വിവരങ്ങള്‍, കുറ്റവാളികള്‍, കാണാതായവര്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ഡേറ്റാ ബേങ്കുമായി പുതിയ സംവിധാനം ബന്ധിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മുഴുവന്‍ പൗരന്മാരും സര്‍ക്കാറിന്റെ നിരീക്ഷണത്തിന്‍ കീഴിലാകുമെന്നതാണ് ഇതിന്റെ സവിശേഷത.

ലോകത്തെ ഏറ്റവും ആള്‍ബലം കുറഞ്ഞ പോലീസ് സംവിധാനങ്ങളിലൊന്ന് ഇന്ത്യയിലേതാണെന്നും നിരീക്ഷണം ശക്തമാക്കാന്‍ ഇനി സാങ്കേതിക വിദ്യയെ ഉപയോഗിക്കാതെ രക്ഷയില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നോട്ട് വെക്കുന്ന വാദം. 724 പേര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന രീതിയിലാണ് ഇന്ത്യയിലെ പോലീസ് സംവിധാനത്തിന്റെ അംഗബലം. ലോകത്തിലെ ഏറ്റവും കുറഞ്ഞ അനുപാതമാണ് ഇത്. നിരവധി തീവ്രവാദി ആക്രമണങ്ങള്‍ക്ക് ഇരയായ രാജ്യത്ത് പൊതു സുരക്ഷ വര്‍ധിപ്പിച്ചേ തീരൂ. ഫേഷ്യല്‍ റിക്കഗ്നിഷന്‍ ഡാറ്റാ സംവിധാനം വഴി ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനാകും. ഏത് നുഴഞ്ഞ് കയറ്റക്കാരനെയും പിടികൂടാന്‍ ഇതു വഴി സാധിക്കും. ലഹരിക്കടത്തും തടയാനാകും. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുമാകുമെന്നും ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
ഏതായാലും ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് ഉടന്‍ കരാര്‍ നല്‍കാനാണ് മോദി സര്‍ക്കാറിന്റെ നീക്കം. ഇത്ര തിടുക്കപ്പെട്ട് ഇത്തരമൊരു സംവിധാനത്തിലേക്ക് നീങ്ങുന്നത് സര്‍വൈലന്‍സ് ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നല്ലാതെ രാജ്യത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതുക വയ്യ. 2024ഓടെ ഇന്ത്യയില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ കമ്പോളം 4.3 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കമ്പോള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ സുരക്ഷ പ്രധാനമാണ്. വ്യക്തിയുടെ സ്വകാര്യത അത്ര തന്നെ പ്രധാനമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. സുപ്രീം കോടതി വിധിയിലൂടെ സ്വകാര്യത മൗലികാവകാശമായി മാറിയ രാജ്യമാണ് നമ്മുടെത്.

കാര്യക്ഷമമായ ഡാറ്റാ സംരക്ഷണ നിയമം നിലവിലില്ലാത്ത ഇന്ത്യയില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത് വലിയ ആശങ്കകള്‍ക്കിടയാക്കുന്നുണ്ട്. ചൈനയിലേതുപോലെ ജനങ്ങളെ മുഴുവന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ ഇന്ത്യക്ക് പരിമിതികളുണ്ട്. ഡാറ്റകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്നുള്ള സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ രാജ്യം ഇപ്പോഴും വളരെ പിന്നിലാണ്. പുതിയ ഡാറ്റാ സംരക്ഷണ നിയമം ഇതുവരെ പാര്‍ലിമെന്റിന്റെയോ മന്ത്രിസഭയുടെയോ പരിഗണനയില്‍ വന്നിട്ടുമില്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബയോമെട്രിക് സംവിധാനമെന്ന് വിശേഷിപ്പിക്കപ്പെട്ട ആധാര്‍ നടപ്പാക്കിയപ്പോള്‍ വിവരങ്ങള്‍ വ്യാപകമായി ചോര്‍ന്നത് രാജ്യം കണ്ടതാണ്. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് മുഖം തിരിച്ചറിയാനുള്ള വമ്പന്‍ പദ്ധതി നടപ്പാക്കാനുള്ള നീക്കം അണിയറയില്‍ ഒരുങ്ങുന്നത്. മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റിയവരെപ്പോലും തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് വിവരങ്ങള്‍. സംരക്ഷണമില്ലാത്ത ഡാറ്റാബേസ് തേടിനടക്കുന്ന കമ്പനികള്‍ക്ക് വലിയ സാധ്യതയാണ് സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നതെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അപാര്‍ ഗുപ്ത പറയുന്നു.

പൗരന്റെ സ്വാഭാവിക സ്വാതന്ത്ര്യത്തിന് മേല്‍ സ്റ്റേറ്റ് നിരവധിയായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. മനുഷ്യന്‍ ഒരു രാജ്യത്തിന്റെ പൗരനാകുമ്പോള്‍ ഒഴിച്ചു കൂടാനാകാത്തതാണ് ഈ നിയന്ത്രണങ്ങള്‍. എന്നാല്‍ എല്ലാ പരിധികളും ലംഘിച്ച് നിരീക്ഷണം കുതിക്കുമ്പോള്‍ പൗരന്‍മാരുടെ സ്വകാര്യത കൂടി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അവരുടെ ഹ്രസ്വ സഞ്ചാരങ്ങള്‍ പോലും സ്റ്റേറ്റിന്റെ തുറന്ന കണ്ണിന് മുന്നിലാകും. സുരക്ഷയെയും വ്യക്തി സ്വാതന്ത്ര്യത്തെയും എങ്ങനെ ഏറ്റുമുട്ടലില്ലാതെ കൊണ്ടുപോകാം എന്നതാണ് ചോദ്യം.

---- facebook comment plugin here -----

Latest