കോര്‍പറേറ്റ് പിണക്കം മാറും; മാന്ദ്യം മറികടക്കില്ല

ഇന്ത്യന്‍ യൂനിയനിലെ വലിയ കമ്പോളം ഇപ്പോഴും ഗ്രാമങ്ങളാണ്. അവിടുത്തെ വിപണി സജീവമാകുമ്പോഴാണ് വളര്‍ച്ചാ നിരക്കിലേക്ക് വലിയ സംഭാവനയുണ്ടാകുക. അവരുടെ കൈവശം പണമില്ലാതായാല്‍ ഇന്ത്യയെന്ന വലിയ കമ്പോളത്തിന്റെ 60 ശതമാനം സ്തംഭനത്തിലേക്ക് നീങ്ങുന്നുവെന്നാണ് അര്‍ഥം. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ യഥാര്‍ഥ കാരണങ്ങളിലൊന്ന് ഇതാണ്. അതിന്റെ തുടര്‍ച്ചയിലാണ് ബിസ്‌കറ്റ് മുതല്‍ കാറ് വരെയുള്ള വിപണികള്‍ മുരടിക്കുന്നത്. ഇത് മറികടക്കണമെങ്കില്‍ ആദ്യം വേണ്ടത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുക എന്നതാണ്. അങ്ങനെ ചലിപ്പിക്കണമെങ്കില്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കണം. അത് കൃത്യമായ സമയത്ത് ലഭിക്കുകയും വേണം. മാന്ദ്യം നേരിടാനുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ മട്ടേയില്ല. സ്വകാര്യ - കുത്തക കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയാല്‍ നിക്ഷേപം കൂടുമെന്നും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് കേന്ദ്രം കരുതുന്നത്. 1.45 ലക്ഷം കോടിയുടെ ഇളവ് വന്‍കിട കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ പത്ത് രൂപയുടെ ബിസ്‌കറ്റ് വാങ്ങുന്നതിനെക്കുറിച്ച് രണ്ട് വട്ടം ആലോചിക്കേണ്ടി വരുന്ന സാധാരണക്കാരന് എന്ത് പ്രയോജനം? വാങ്ങാനുള്ള ശേഷി ഇല്ലാതായ സമൂഹത്തിന് മുന്നില്‍, ഉത്പന്നങ്ങളുടെ കൂമ്പാരമുണ്ടായിട്ട് എന്തുകാര്യം? 1.45 ലക്ഷം കോടിയുടെ വരുമാനം വേണ്ടെന്ന് വെക്കുമ്പോള്‍ അത്, നിലവില്‍ തന്നെ നിയന്ത്രണത്തിലല്ലാത്ത ധനക്കമ്മി വീണ്ടും ഉയരാന്‍ കാരണമാകും.
Posted on: September 23, 2019 11:18 am | Last updated: September 23, 2019 at 11:18 am

ഇന്ത്യന്‍ യൂനിയനിലെ ബിസ്‌കറ്റ് വ്യവസായം 35,000 കോടി രൂപയുടെതാണ്. അതായത് ബിസ്‌കറ്റ് നിര്‍മാണവും വിതരണവും വില്‍പ്പനയുമൊക്കെയായി പ്രതിവര്‍ഷം 35,000 കോടി രൂപയുടെ ഇടപാട് നടക്കും. നേരിട്ടും അല്ലാതെയുമായി മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (2018-19 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 31 വരെയുള്ള കാലം) ഈ വ്യവസായത്തിന് പത്ത് ശതമാനം വളര്‍ച്ചയുണ്ടായി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2019-20) ഇതേ പാദത്തില്‍ വളര്‍ച്ച രണ്ട് ശതമാനമായി ചുരുങ്ങി. വളര്‍ച്ച ഇനിയും ചുരുങ്ങിയാല്‍ തൊഴിലാളികളെ പിരിച്ചു വിടേണ്ടി വരുമെന്ന് ബിസ്‌കറ്റ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ കമ്പനിയായ പാര്‍ലെയാണ് വലിയ തിരിച്ചടി ഏറ്റുവാങ്ങിയത്. വളര്‍ച്ച ഇനിയും താഴേക്കാണെങ്കില്‍ 10,000 തൊഴിലാളികളെയെങ്കിലും ഒഴിവാക്കേണ്ടി വരുമെന്ന ആശങ്ക കമ്പനി പ്രകടിപ്പിക്കുന്നു.

ചരക്ക് സേവന നികുതി പ്രാബല്യത്തിലാക്കുകയും ബിസ്‌കറ്റിന്റെ നികുതി പന്ത്രണ്ടില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതോടെയാണ് പ്രതിസന്ധി തുടങ്ങിയത് എന്നാണ് വിവിധ കമ്പനികള്‍ പറയുന്നത്. അതായത് നികുതി ഉയര്‍ത്തിയതോടെ വില്‍പ്പന കുറഞ്ഞുവെന്ന്. നികുതി കുറച്ച് വ്യവസായത്തെ വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിക്കണമെന്നാണ് അവരുടെ ആവശ്യം. ആ വാദം നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റ് ചില സംഗതികള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ബിസ്‌കറ്റ് വിപണിയില്‍ ഏറെ ചെലവുള്ളത് ചെറിയ പാക്കറ്റുകള്‍ക്കാണ്. അഞ്ച് രൂപക്കും ഏഴ് രൂപക്കും പത്ത് രൂപക്കുമൊക്കെ കമ്പനികള്‍ വിപണിയിലെത്തിക്കുന്ന പാക്കറ്റുകള്‍ക്ക്. ഇവയുടെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായെന്നാണ് കമ്പനികളുടെ തന്നെ കണക്ക്.

അതായത് അഞ്ച് മുതല്‍ പത്ത് വരെ രൂപ വിലയുള്ള ബിസ്‌കറ്റ് പാക്കറ്റുകള്‍ മുമ്പ് വാങ്ങിയിരുന്നത് പോലെ വാങ്ങാനുള്ള ശേഷി ഇന്ത്യന്‍ യൂനിയനിലെ വലിയൊരു വിഭാഗത്തിന് ഇല്ലാതായിരിക്കുന്നുവെന്ന് ചുരുക്കം. ബിസ്‌കറ്റ് വാങ്ങുന്നത് ഒഴിവാക്കുകയോ അതിന്റെ അളവ് കുറക്കുകയോ ചെയ്ത്, ആ പണം കൂടി അത്യാവശ്യ ചെലവിന് മാറ്റിവെക്കുകയാണ് അവര്‍. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അനിവാര്യമായത് മാത്രമേ ഇക്കൂട്ടര്‍ ഇപ്പോള്‍ വാങ്ങുന്നുണ്ടാകൂ. ജി എസ് ടി ഉയര്‍ത്തിയതിനേക്കാള്‍ വലിയ പ്രശ്‌നമാണിത്. അഞ്ച് മുതല്‍ പത്ത് രൂപ വരെ വിലയുള്ള ബിസ്‌കറ്റ് പാക്കറ്റുകള്‍ വാങ്ങാന്‍ പോലും കഴിയാത്ത വിധത്തില്‍ കാലിയായിരിക്കുന്നു സാധാരണക്കാരന്റെ കീശ (ഒരു പക്ഷേ, കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇത്തരമൊരു സാഹചര്യം എളുപ്പത്തില്‍ ദഹിക്കാന്‍ ഇടയില്ല).

ഇന്ത്യന്‍ യൂനിയനിലെ വലിയ കമ്പോളം ഇപ്പോഴും ഗ്രാമങ്ങളാണ്. അവിടുത്തെ വിപണി സജീവമാകുമ്പോഴാണ് വളര്‍ച്ചാ നിരക്കിലേക്ക് വലിയ സംഭാവനയുണ്ടാകുക. അവരുടെ കൈവശം പണമില്ലാതായാല്‍ ഇന്ത്യയെന്ന വലിയ കമ്പോളത്തിന്റെ 60 ശതമാനം സ്തംഭനത്തിലേക്ക് നീങ്ങുന്നുവെന്നാണ് അര്‍ഥം. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ യഥാര്‍ഥ കാരണങ്ങളിലൊന്ന് ഇതാണ്. അതിന്റെ തുടര്‍ച്ചയിലാണ് ബിസ്‌കറ്റ് മുതല്‍ കാറ് വരെയുള്ള വിപണികള്‍ മുരടിക്കുന്നത്. ഇത് മറികടക്കണമെങ്കില്‍ ആദ്യം വേണ്ടത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുക എന്നതാണ്. അങ്ങനെ ചലിപ്പിക്കണമെങ്കില്‍ ഗ്രാമങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കണം. അത് കൃത്യമായ സമയത്ത് ലഭിക്കുകയും വേണം. ജി എസ് ടി ഉയര്‍ത്തിയത് മൂലം വില്‍പ്പന കുറഞ്ഞ കമ്പനികള്‍ നേരിടുന്ന പ്രതിസന്ധിയേക്കാള്‍ വലുതാണ്, നിത്യനിദാനച്ചെലവിന് പോലും പണം തികയാത്ത സാധാരണക്കാരന്റെത്. അത് പരിഹരിക്കപ്പെട്ടാല്‍ വിപണിയിലെ മുരടിപ്പ് നീങ്ങും, കമ്പനികള്‍ നേരിടുന്ന പ്രതിസന്ധിയും.

മാന്ദ്യം നേരിടാനുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ മട്ടേയില്ല. സ്വകാര്യ – കുത്തക കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയാല്‍ നിക്ഷേപം കൂടുമെന്നും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് കേന്ദ്രം കരുതുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്തിടെ പ്രഖ്യാപിച്ച മൂന്നോ നാലോ പാക്കേജുകളുടെയൊക്കെ അടിസ്ഥാനം ഇതായിരുന്നു. അതില്‍ ഏറ്റവും അവസാനത്തെതാണ് കോര്‍പറേറ്റ് നികുതിയില്‍ വരുത്തിയ ഇളവ്. 30 ശതമാനമായിരുന്ന നികുതി, 22 ശതമാനമായാണ് കുറച്ചത്. സര്‍ക്കാറില്‍ നിന്നുള്ള ഇളവുകള്‍ സ്വീകരിക്കാത്ത ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ഇത് ബാധകമാകുക. മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സ് (കോര്‍പറേറ്റ് ടാക്‌സ് നല്‍കാന്‍ പാകത്തിലുള്ള ലാഭം രേഖപ്പെടുത്താത്ത കമ്പനികള്‍, അവരുടെ കണക്ക് പുസ്തകത്തിലെ ലാഭത്തിന്‍മേല്‍ നല്‍കേണ്ട നികുതിയാണിത്) ഇത്തരം കമ്പനികള്‍ നല്‍കേണ്ടതുമില്ല. കോര്‍പറേറ്റ് നികുതി കുറക്കുകയും എം എ ടി ഒഴിവാക്കുകയും ചെയ്തതിലൂടെ ഖജനാവിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലുള്ള നഷ്ടം 1.45 ലക്ഷം കോടിയാണ്.

1.45 ലക്ഷം കോടിയുടെ ഇളവ് വന്‍കിട കമ്പനികള്‍ക്ക് നല്‍കുമ്പോള്‍ പത്ത് രൂപയുടെ ബിസ്‌കറ്റ് വാങ്ങുന്നതിനെക്കുറിച്ച് രണ്ട് വട്ടം ആലോചിക്കേണ്ടി വരുന്ന സാധാരണക്കാരന് എന്ത് പ്രയോജനം? ബിസ്‌കറ്റിന്റെ ജി എസ് ടി പതിനെട്ടില്‍ നിന്ന് 12 ശതമാനമായി കുറച്ചിരുന്നുവെങ്കില്‍ അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുമായിരുന്നു. അതുപോലും നല്‍കേണ്ടെന്ന് തീരുമാനിച്ചുകൊണ്ടാണ് കോര്‍പറേറ്റ് നികുതി കുറച്ചു കൊടുക്കാന്‍ ധനമന്ത്രി തീരുമാനിച്ചത്. കോര്‍പറേറ്റ് നികുതി ഇളവ് ചെയ്യുന്നതിലൂടെ അത്രയും തുക കൂടി കമ്പനികളില്‍ നിക്ഷേപമായി എത്തുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. അതുവഴി ഉത്പാദനം വര്‍ധിക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും. വാങ്ങാനുള്ള ശേഷി ഇല്ലാതായ സമൂഹത്തിന് മുന്നില്‍, ഉത്പന്നങ്ങളുടെ കൂമ്പാരമുണ്ടായിട്ട് എന്തുകാര്യം?

കോര്‍പറേറ്റ് നികുതിയില്‍ ഇളവ് ലഭിക്കുന്നതോടെ ഉത്പന്നങ്ങളുടെ വില കുറക്കാന്‍ കമ്പനികള്‍ തയ്യാറാകുമെന്നും അതോടെ കുറഞ്ഞ വിലക്ക് ഉത്പന്നങ്ങള്‍ വിപണിയിലെത്തുമെന്നുമാണ് മറ്റൊരു പ്രതീക്ഷ. അതോടെ വിപണി സജീവമാകുമെന്നും. ലാഭ കേന്ദ്രീകൃതമായി മാത്രം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഉത്പന്ന വില കുറക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. വില കുറച്ചാല്‍പ്പോലും വിപണനം സാധ്യമാകുന്ന അന്തരീക്ഷമില്ലെന്നിരിക്കെ, നികുതി ഇളവിലൂടെ ലഭിക്കുന്ന പണം തങ്ങളുടെ സാമ്പത്തിക നില ഭദ്രമാക്കാന്‍ മാത്രമേ അവരുപയോഗിക്കൂ. പ്രത്യേകിച്ചൊരു നേട്ടം ജനങ്ങള്‍ക്കോ സമ്പദ് വ്യവസ്ഥക്കോ സമ്മാനിക്കാത്ത, ഖജനാവിന് 1.45 ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുന്ന ഈ തീരുമാനം അല്‍പ്പമെങ്കിലും ചലനമുണ്ടാക്കിയത് ഓഹരി വിപണിയില്‍ മാത്രമാണ്. തുടര്‍ച്ചയായ മുരടിപ്പില്‍ നിന്ന് ഓഹരി വിപണികള്‍ പൊടുന്നനെ ഉണര്‍ന്നു. ഒരു ദിവസം കൊണ്ട് സെന്‍സെക്‌സ് ആയിരത്തിലധികം പോയന്റ് നേട്ടമുണ്ടാക്കി.

പത്ത് രൂപയുടെ ബിസ്‌കറ്റ് വാങ്ങണമോ എന്ന് രണ്ട് വട്ടം ആലോചിക്കേണ്ടിവരുന്ന സാധാരണക്കാരന് ഇതുകൊണ്ട് പ്രയോജനമൊന്നുമില്ല. ഓഹരി വിപണിയിലെ ഊഹക്കച്ചവടം കൊഴുക്കുമ്പോള്‍ പലപ്പോഴും നേട്ടമുണ്ടാകുന്നത് അവിടെ നിക്ഷേപം നടത്തുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ലാഭമുള്‍പ്പെടെ പിന്‍വലിച്ച നിക്ഷേപം ഏതാണ്ട് 6,000 കോടി രൂപയാണ്. പുതിയ പ്രഖ്യാപനങ്ങളിലൂടെ ഊഹക്കച്ചവടം കൊഴുപ്പിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ലാഭമെടുപ്പും കൂടാനാണ് ഇട. അവിടെയും നഷ്ടം വരിക, ഊഹക്കണക്കിലെ ലാഭം പ്രതീക്ഷിച്ച് വിപണിയിലിറങ്ങുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ക്കാകും.

1.45 ലക്ഷം കോടിയുടെ വരുമാനം വേണ്ടെന്ന് വെക്കുമ്പോള്‍ അത്, നിലവില്‍ തന്നെ നിയന്ത്രണത്തിലല്ലാത്ത ധനക്കമ്മി വീണ്ടും ഉയരാന്‍ കാരണമാകും. അടിസ്ഥാന സൗകര്യ മേഖലയിലോ പൊതു മേഖലയിലോ സര്‍ക്കാര്‍ അധിക നിക്ഷേപം നടത്തുക വഴി കമ്മി വര്‍ധിക്കുന്നത് പോലുള്ള സാഹചര്യമല്ല ഇവിടെ. അത്തരം നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കില്‍ അത് വിപണിയിലേക്ക് പണമെത്താനും തൊഴിലവസരം സൃഷ്ടിക്കാനും സഹായകമാകുമായിരുന്നു. അതിന് മുതിരാതെ, ഖജനാവിലേക്കുള്ള വരുമാനം ഇല്ലാതാക്കും വിധത്തില്‍ നികുതി ഇളവ് അനുവദിക്കുമ്പോള്‍, വരുംകാലത്ത് സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത കൂടി അടക്കുകയാണ് കേന്ദ്രം. അത്തരം നിക്ഷേപങ്ങളിലൂടെ വിപണിയിലേക്ക് പണമെത്താതിരുന്നാല്‍ പുതിയ കടമെടുപ്പിനോ നിക്ഷേപത്തിനോ സ്വകാര്യ കമ്പനികള്‍ സന്നദ്ധമാകുകയുമില്ല. ചുരുക്കത്തില്‍ ധനമന്ത്രി സാമ്പത്തിക ഉത്തേജന പാക്കേജെന്ന പേരില്‍ ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം സ്വകാര്യ വന്‍കിട കമ്പനിയുടമകളെ പൊതുവില്‍ സന്തോഷിപ്പിക്കുമെങ്കിലും രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ സഹായിക്കുന്നതല്ല.

റിസര്‍വ് ബേങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിലേക്ക് പിടിച്ചു വാങ്ങിയ ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് 1.45 ലക്ഷം കോടിയുടെ ഇളവ് അനുവദിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ക്കണം. ആര്‍ ബി ഐയില്‍ നിന്ന് പിടിച്ചെടുത്ത പണം ഇനി ഉപയോഗിക്കപ്പെടുക അധികരിക്കുന്ന ധനക്കമ്മിയെ പിടിച്ചു നിര്‍ത്താന്‍ മാത്രമായിരിക്കും. അതായത് ആ പണം പോലും പൊതു നിക്ഷേപമായി രാജ്യത്തെ വിപണിയിലേക്ക് എത്തില്ല. ബേങ്കുകള്‍ക്ക് 70,000 കോടി രൂപ മൂലധന നിക്ഷേപമായി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ഏഴ് ലക്ഷം കോടിയിലധികം വരുന്ന കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനെക്കുറിച്ച് മിണ്ടുന്നില്ല. ഇവ്വിധം കിട്ടാക്കടമുണ്ടാക്കി ബേങ്കുകളെ പ്രതിസന്ധിയിലാക്കിയ കോര്‍പറേറ്റുകള്‍ക്ക് പുതിയ ഇളവുകള്‍ അനുവദിക്കുകയും ചെയ്യുന്നു.

സാമ്പത്തിക മാന്ദ്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അതിന്റെ ആഴം മനസ്സിലാക്കേണ്ട ബാധ്യത അവര്‍ക്കില്ലതാനും. പ്രതിസന്ധിയുണ്ടെന്ന് അംഗീകരിക്കാത്തതുകൊണ്ടുതന്നെ അതിനെ ഏത് വിധത്തില്‍ മറികടക്കണമെന്ന് ആലോചിക്കേണ്ട ഉത്തരവാദിത്തവും അവര്‍ക്കില്ല. കാഴ്ചശക്തിയില്ലാത്തവന്‍ ആനയെ കണ്ടതുപോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കാണുന്നവര്‍ പ്രതിസന്ധികളെ മനസ്സിലാക്കണമെന്ന് ശഠിക്കുന്നതില്‍ അര്‍ഥവുമില്ല.