നാളെ നാല് ജില്ലകളില്‍ കനത്ത മഴ; യെല്ലോ അലര്‍ട്ട്

Posted on: September 23, 2019 10:58 am | Last updated: September 23, 2019 at 11:14 am

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ കനത്ത മഴയും മറ്റിടങ്ങളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കനത്ത മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ചയും കനത്ത മഴയുണ്ടാകും. ഈ ജില്ലകളിലെല്ലാം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ആന്ധ്രതീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ്ക്ക് കാരണമാകുക. മത്സ്യത്തൊഴിലാളികള്‍ അടുത്ത 48 മണിക്കൂറില്‍ മധ്യ കിഴക്ക്, അതിനോട് ചേര്‍ന്നുള്ള വടക്ക് കിഴക്ക് അറബിക്കടല്‍, ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.