പാലായില്‍ ഭേദപ്പെട്ട പോളിംഗ്: 53 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

Posted on: September 23, 2019 10:33 am | Last updated: September 23, 2019 at 4:48 pm

പാലാ: പ്രമുഖ മുന്നണികള്‍ക്ക് പ്രതീക്ഷയേകി  പാല ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിംഗ്. ഉച്ചക്ക് 2.30വരെയുള്ള കണക്ക് പ്രകാരം 53 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നഗര, ഗ്രാമ വിത്യാസമില്ലാത ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ 77.25 ശതമാനത്തിന് സമാനമായ പോളിംഗ് ഇത്തവണയും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാലായുടെ ചില ഭാഗങ്ങളില്‍ മഴ തുടങ്ങിയത് രാഷ്ട്രീയ പാര്‍ട്ടികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പോളിംഗ് അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കിയിരിക്കെ കൂടുതല്‍ പേര്‍ ബൂത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
അനിഷ്ട സംഭവങ്ങളൊന്നും എവിടിയെും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മണ്ഡലത്തിലെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വത്തങ്ങള്‍ രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പാലായിലെ സെന്റ് തോമസ് സ്‌കൂളിലെ ബൂത്തിലെത്തി കെ എം മാണിയുടെ കുടുംബം വോട്ട് ചെയ്തു. ജോസ് കെ മാണി, നിഷാ ജോസ് കെ മാണി, കെ ം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെ.എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ഥിച്ചതിന് ശേഷമാണ് മാണി കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.

ഇത്തവണ പാലായില്‍ മാറ്റമുണ്ടാകുമെന്ന് മാണി സി കാപ്പന്‍ വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചു. കുടുംബത്തിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാന്‍ എത്തിയത്. യു ഡി എഫിലെ അസംതൃപ്തരും തനിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിജയം നൂറ്ശതമാനം ഉറപ്പാണെന്നും പോളിംഗ് ശതമാനം ഉയരുമെന്നും യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു.

അതിനിടെ യു ഡി എഫിലെ അനൈക്യം പ്രകടമാക്കി ട്ടടുപ്പ് ദിവസം രാവിലെ തന്നെ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മില്‍ വാക്ക്‌കൊണ്ട് ഏറ്റ്മുട്ടി. മാണിയുടെ പിന്തുടര്‍ച്ചാവകാശം ഒരു കുടുംബത്തിന് അവകാശപ്പെട്ടതല്ലെന്ന് ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം പറഞ്ഞു. യു ഡി എഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കാണ് മാണിയുടെ പിന്തുടര്‍ച്ചാവകാശമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജോയ് എബ്രഹാമിനെതിരെ യു ഡി എഫില്‍ പരാതി നല്‍കുമെന്ന് ജോസ് കെ മാണി വിഭാഗം പറഞ്ഞു.