വാര്‍ത്ത നല്‍കിയതിന് ടെലിഗ്രാഫിന്റെ മലയാളി മാധ്യമ പ്രവര്‍ത്തകന് കേന്ദ്രമന്ത്രിയുടെ ഭീഷണി

Posted on: September 23, 2019 10:21 am | Last updated: September 23, 2019 at 4:47 pm

കൊല്‍ക്കത്ത: ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട തനിക്കെതിരായ വാര്‍ത്ത നല്‍കിയ ടെലിഗ്രാഫിന്റെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ രാജഗോപാലിനെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. വാര്‍ത്ത പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ടായിരുന്നു തെറിവിളി. എന്നാല്‍ മന്ത്രിയുടെ ഭീഷണികൂടി ഉള്‍പ്പെടുത്തി ഇതിനെതിരെ വാര്‍ത്ത നല്‍കിയാണ് ടെലിഗ്രാഫ് മറുപടി നല്‍കിയത്.

സര്‍വ്വകലാശാലയിലെ സംഘര്‍ഷത്തിനിടെ സുപ്രിയോ വിദ്യാര്‍ഥിനിയുടെ കഴുത്തിന് പിടിക്കുന്ന ചിത്രം ടെലിഗ്രാഫ് ആദ്യ പേജില്‍ കൊടുത്തിരുന്നു. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ചിത്രം മാത്രമാണ് നല്‍കിയതെന്നും മാപ്പു പറയില്ല എന്നും രാജഗോപാല്‍ മറുപടി പറഞ്ഞു.

ഇത് കേട്ട സുപ്രിയോ താന്‍ കേന്ദ്രമന്ത്രിയാണെന്ന കാര്യം താന്‍ ഓര്‍ക്കണമെന്ന് പറഞ്ഞാണ് രാജഗോപാലിനെ ഭീഷണിപ്പെടുത്തിയത്. കേന്ദ്രമന്ത്രിയാണെന്നത് വിഷയമല്ലെന്നും ഞാനും ഇന്ത്യന്‍ പൗരനാണെന്ന് മറുപടി പറഞ്ഞ തന്നെ തെറി പറഞ്ഞെന്നാണ് രാജഗോപാല്‍ പറയുന്നത്. തുടര്‍ന്ന് ബാബുല്‍ സുപ്രിയോയുടെ ഭീഷണിയും തെറിയും ടെലിഗ്രാഫ് മറ്റൊരു വാര്‍ത്തയാക്കി നല്‍കുകയായിരുന്നു.