ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം

Posted on: September 23, 2019 9:31 am | Last updated: September 23, 2019 at 9:31 am


കോഴിക്കോട്: മുസ്‌ലിം ലീഗിൽ കോളിളക്കം സൃഷ്ടിച്ച യാത്രാപ്പടി വിവാദത്തെ തുടർന്ന് പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സംസ്ഥാന പ്രസിഡന്റ്സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് കത്തയച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ്ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, ട്രഷറർ പാറക്കൽ അബ്ദുല്ല എം എൽ എ എന്നിവരെ രൂക്ഷമായി വിമർശിക്കുന്ന കത്തിൽ കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകൾ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

യാത്രാപ്പടി വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ നിലനിൽക്കുന്ന ഭിന്നത ഇതോടെ കൂടുതൽ രൂക്ഷമായി. മുസ്‌ലിം ലീഗിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ സങ്കട ഹരജിയെന്ന പേരിലെഴുതിയിരിക്കുന്ന കത്തിൽ നേതാക്കളുടെ കൊള്ളരുതായ്മകളാണ് അക്കമിട്ട് നിരത്തുന്നത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വാർഷിക കൗൺസിൽ യോഗത്തിൽ വരവ് ചെലവ് കണക്കുകൾ വായിക്കുമ്പോഴാണ് ജില്ലാ പ്രസിഡന്റ്7,42,000 രൂപ യാത്രാപ്പടി ഇനത്തിൽ വാങ്ങിയതായി രേഖപ്പെടുത്തിയത് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്രയധികം തുക യാത്രാപ്പടി ഇനത്തിൽ കൈപ്പറ്റിയത് ചോദ്യം ചെയ്ത് കമ്മിറ്റിയിൽ രൂക്ഷമായ വാഗ്വാദം നടന്നു. ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദും എം സി മായിൻ ഹാജിയും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന്റെ തുടർച്ചയായി പാർട്ടി കീഴ് ഘടകങ്ങളിലും യാത്രാപ്പടി വിവാദം വലിയ ഒച്ചപ്പാടിന് ഇടയാക്കി. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം നേതാക്കൾ ഒപ്പിട്ട കത്ത് സംസ്ഥാന പ്രസിഡന്റിന് അയച്ചത്.

കോഴിക്കോട് ജില്ലയിൽ ലീഗ് നാറുകയാണെന്നും സ്വന്തം മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലും മെമ്പർഷിപ്പ് പ്രകാരമുള്ള കമ്മിറ്റിയുണ്ടാക്കാൻ കഴിയാത്തവനാണ് ലീഗ് നേതാക്കളുടെ കാലുതടവി പ്രസിഡന്റായതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർ ആറ് സ്‌കൂൾ മാനേജ്‌മെന്റുകളിൽ നിന്ന് ഒരു കോടിയലധികം രൂപ കൈപ്പറ്റിയിട്ടുണ്ട്.

യു ഡി എഫ് ഭരണകാലത്ത് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഇവർ കോടികൾ കൈപ്പറ്റിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളിലെല്ലാം ജില്ലാ പ്രസിഡന്റും ജനറൽ സെക്രട്ടറിയും കൂട്ടുത്തരവാദികളാണെന്നും പാറക്കൽ അബ്ദുല്ല കടലാസിലെ ഖജാൻജിയാണെന്നും ആരോപിക്കുന്നു. കാട്ടുകൊള്ളയാണ് ജില്ലയിലെ പാർട്ടിയിൽ നടക്കുന്നത്. ഈ പണം വാരിക്കൂട്ടിയിട്ടും യാത്രാ ബത്തയായി ഏഴര ലക്ഷം രൂപയാണ് അടിച്ചുമാറ്റിയിരിക്കുന്നത്.

മുസ്‌ലിം പണ്ഡിതന്മാർക്കും മറ്റ് പാർട്ടി നേതാക്കൾക്കും മുസ്‌ലിം ലീഗ് നേതാക്കളെ കുറിച്ച് അറപ്പും വെറുപ്പുമാണ്. ജില്ലാ പ്രസിഡന്റിന്റെ ബേപ്പൂർ മണ്ഡലത്തിൽ ശാഖ വരെ ഗ്രൂപ്പ് പോരാണ്, ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്ററുടെ കൊടുവള്ളിയിൽ പരസ്പരം പാർട്ടി നേതാക്കൾ മുഖത്ത് നോക്കാറില്ല. കൊയിലാണ്ടിയിലും വടകരയിലും ചെക്യാട്ടും ഖജാൻജിയുടെ കുറ്റ്യാടി മണ്ഡലത്തിലും പൊരിഞ്ഞ തല്ലാണ്. കോഴിക്കോട് സി എച്ച് സെന്ററിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചാൽ മാനം കെടും. മെഡിക്കൽ കോളജിൽ നിന്ന് 15 കിലോമീറ്റർ ദൂരത്ത് കൊടുവള്ളിയിൽ വീടുള്ള റസാഖ് മാസ്റ്റർ എന്തിനാണ് സി എച്ച് സെന്ററിന്റെ എ സി റൂമിൽ താമസിക്കുന്നത്. സി എച്ച് സെന്ററിന്റെ സ്ഥലമെടുപ്പും അതിൽ നിന്നുള്ള ഭൂമി വിൽപ്പനയും അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ജില്ലാ കമ്മിറ്റി പിരിച്ചുവിടുക, ജില്ലാ കൗൺസിൽ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തുക, മെമ്പർഷിപ്പിന്റെ പണം നൽകാത്തവരെയും ഭരണഘടന പറഞ്ഞ പ്രകാരം കൗൺസിൽ രൂപവത്കരിക്കാത്ത മണ്ഡലങ്ങളിൽ നിന്നുള്ളവരെയും ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കുക, ജില്ലാ മുസ്‌ലിം ലീഗിന്റെ പേരിൽ ചില നേതാക്കൾ നടത്തിയ സാമ്പത്തിക ഇടപാടകൾ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തിൽ മുന്നോട്ട് വെക്കുന്നുണ്ട്.