ഇന്ത്യന്‍ സ്വപ്‌നം തകര്‍ന്നു; ദക്ഷിണാഫ്രിക്കയോട്‌ ഒമ്പത് വിക്കറ്റിന്‌ തോറ്റു

Posted on: September 23, 2019 9:29 am | Last updated: September 23, 2019 at 9:29 am

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരേ സ്വന്തം മണ്ണില്‍ ആദ്യമായി ടി20 പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യന്‍ സ്വപ്‌നം തകര്‍ന്നു. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ക്വിന്റണ്‍ ഡികോക്ക് നയിച്ച ദക്ഷിണാഫ്രിക്കന്‍ യുവനിര ഇന്ത്യയെ തരിപ്പണമാക്കി. ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ഇതോടെ പരമ്പര 1-1ന് അവസാനിച്ചു. പരമ്പരയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു. ടോസിനു ശേഷം ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം വലിയ പിഴവായി. ഒമ്പത് വിക്കറ്റിന് 134 റണ്‍സെടുക്കാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ. മറുപടിയില്‍ നായകന്‍ ഡികോക്ക് (79*) തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 16.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കടന്നു. 52 പന്തില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

ടെംബ ബവുമ 23 പന്തുകളില്‍ 27 റണ്‍സോടെ പുറത്താവാതെ നിന്നു. റീസ്സ ഹെന്‍ഡ്രിക്‌സാണ് (28) ഔട്ടായത്. നേരത്തേ റണ്‍മഴ പെയ്യുമെന്ന് പ്രവചിക്കപ്പെട്ട പിച്ചില്‍ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തിക്ക്കാന്‍ കഴിഞ്ഞില്ല. 36 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മാത്രമേ കുറച്ചെങ്കിലും പിടിച്ചുനിന്നുള്ളൂ. 25 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും ധവാന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. റിഷഭ് പന്ത് (19), രവീന്ദ്ര ജഡേജ (19), ഹാര്‍ദിക് പാണ്ഡ്യ (14) എന്നിവരാണ് രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. രോഹിത് ശര്‍മ (9), നായകന്‍ വിരാട് കോലി (9), ശ്രേയസ് അയ്യര്‍ (5), ക്രുനാല്‍ പാണ്ഡ്യ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി.

മൂന്നു വിക്കറ്റെടുത്ത കാഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ബ്രോണ്‍ ഫോര്‍ട്യുനും ബ്യുറെന്‍ ഹെന്‍ഡ്രിക്‌സും രണ്ടു വിക്കറ്റ് വീതമെടുത്തു. രോഹിത് വീണ്ടും രണ്ടാം ടി20യിലും ഓപ്പണര്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തി. വെറും ഒമ്പത് റണ്‍സ് നേടാനെ ഹിറ്റ്മാന് കഴിഞ്ഞുള്ളൂ. എട്ട പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ ഒമ്പത് റണ്‍സെടുത്ത താരത്തെ മടക്കിയത് ബ്യുറെന്‍ ഹെന്‍ഡ്രിക്‌സാണ്. സ്ലിപ്പില്‍ റീസ്സ ഹെന്‍ഡ്രിക്‌സാണ് ക്യാച്ചെടുത്തത്്. രണ്ടാം വിക്കറ്റില്‍ മിന്നുന്ന ഫോമില്‍ കളിച്ച ധവാന് കൂട്ടായി നായകന്‍ വിരാട് കോലിയെത്തിയതോടെ ഇന്ത്യന്‍ സ്‌കോറിന് വേഗം കൂടി.
ധവാനായിരുന്നു കൂടുതല്‍ ആക്രമണകാരി. സ്പിന്നര്‍ ഷാംസിയുടെ ഒരോവറില്‍ തുടരെ രണ്ടു സിക്‌സറുകള്‍ പറത്തി ധവാന്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തെ ഇളക്കി മറിച്ചു. മികച്ച രീതിയില്‍ മുന്നേറിയ സഖ്യത്തെ വേര്‍പിരിച്ചത് ഷാംസി തന്നെയായിരുന്നു. വമ്പനടിക്കു ശ്രമിച്ച ധവാനെ ഷംസിയുടെ ബൗളിങില്‍ ബവുമ പിടികൂടുകയായിരുന്നു. റിഷഭ് പന്തിന് ഇത്തവണയും വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല. മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഇത് വലിയ സ്‌കോറിലേക്കു മാറ്റുന്നതില്‍ താരം പരാജയപ്പെട്ടു. 20 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കം 19 റണ്‍സെടുത്ത പന്തിനെ സ്പിന്നര്‍ ഫോര്‍ട്യുനാണ് പുറത്താക്കിയത്. കൂറ്റനടിക്കു ശ്രമിച്ച പന്തിന് ടൈമിങ് പാളിയപ്പോള്‍ ഫെലുക്വായോ അനായാസം കൈക്കുള്ളിലാക്കി. ഇതേ ഓവറില്‍ തന്നെ ശ്രേയസ് അയ്യരും പുറത്തായതോടെ ഇന്ത്യ ഞെട്ടി. ക്രീസിനു പുറത്തേക്കു ഇറങ്ങി ഷോട്ടിനു ശ്രമിച്ച ശ്രേയസിനെ ക്വിന്റണ്‍ ഡികോക്ക് സ്റ്റംപ് ചെയ്യുകയായിരുന്നു.