Connect with us

Kerala

ഗ്രൂപ്പ് സമവായത്തിൽ വലഞ്ഞ് കോൺഗ്രസ്; പഴയ മുഖങ്ങളെ ആശ്രയിച്ച് ബി ജെ പി; പ്രഖ്യാപനം വേഗത്തിലാക്കാൻ സി പി എം

Published

|

Last Updated

തിരുവനന്തപുരം: നിയമസഭാ കാലാവധി പൂർത്തിയാക്കാൻ കൃത്യം ഒന്നര വർഷം ശേഷിക്കെ അഞ്ച് മണ്ഡലങ്ങൾ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർഥി നിർണയമുൾപ്പെടെ രാഷ്ട്രീയ ചർച്ചകൾക്ക് ചൂടുപിടിച്ചു. നിലവിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാലും പ്രതിനിധാനം ചെയ്യുന്ന യു ഡി എഫ് ഇവ നിലനിർത്തുന്നതിനാവശ്യമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുള്ള ചർച്ചകളിലേക്ക് കടക്കുന്നതേയുള്ളൂ. ഗ്രൂപ്പ് സമവായവും സ്ഥാനാർഥിമോഹികളുടെ തള്ളിക്കയറ്റവും ചർച്ചകളെ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണ്.
യു ഡി എഫിന്റെ കൈയിലുള്ള നാലെണ്ണത്തിൽ കോൺഗ്രസും ഒരു സീറ്റിൽ മുസ്‌ലിം ലീഗുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് മത്സരിക്കുന്ന നാലെണ്ണത്തിൽ മൂന്നെണ്ണം ഐ ഗ്രൂപ്പും ഒരെണ്ണം എ ഗ്രൂപ്പുമാണ് കൈവശം വെച്ചിരിക്കുന്നത്. വട്ടിയൂർക്കാവ്, കോന്നി, എറണാകുളം എന്നിവയാണ് ഐ ഗ്രൂപ്പിന്റേത്. അരൂരിൽ കഴിഞ്ഞ തവണ എ ഗ്രൂപ്പ് സ്ഥാനാർഥിയാണ് മത്സരിച്ചത്. നിലവിലെ സാഹചര്യത്തിൽ വട്ടിയൂർക്കാവ് എ ഗ്രൂപ്പിന് കൈമാറി അരൂർ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നുണ്ട്.

ഇതിനിടെ മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ തള്ളിക്കയറ്റം സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വട്ടിയൂർക്കാവിൽ മുൻ എം പി പീതാംബരക്കുറുപ്പ്, ഡി സി സി അധ്യക്ഷൻ സനൽ നെയ്യാറ്റിൻകര, കെ മോഹൻ കുമാർ തുടങ്ങിയവർ ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പുകൾ തമ്മിൽ സീറ്റ് വെച്ചുമാറ്റമുണ്ടായാൽ എ ഗ്രൂപ്പിലെ പി സി വിഷ്ണുനാഥിന്റെ പേരും ഉയർന്നുവരും. അരൂരിൽ ഷാനിമോൾ ഉസ്മാന് അവസരം നൽകുന്നത് സംബന്ധിച്ചും ആലോചനകൾ നടക്കുന്നുണ്ട്.

എറണാകുളത്തും കോന്നിയിലുമുൾപ്പെടെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചേർന്ന് ആദ്യഘട്ട ചർച്ച ഉടൻ നടക്കും. ഇതിന് ശേഷമായിരിക്കും വിശദമായ ചർച്ചകളിലേക്ക് കടക്കുക.

ഇന്ന് നടക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം സ്ഥാനാർഥി നിർണയിത്തിലേക്ക് കടക്കാനാണ് യു ഡി എഫ് തീരുമാനം. ഗ്രൂപ്പ് സമവാക്യങ്ങളടക്കം ഏകോപിപ്പിച്ച് സ്ഥാനാർഥി നിർണയം നടത്തുക എന്ന കടമ്പയാണ് യു ഡി എഫിന് മുന്നിലുള്ളത്. ജാതി സമവാക്യം വിജയ ഘടകമാകുന്ന വട്ടിയൂർക്കാവിൽ എൻ എസ് എസ് പിന്തുണയുള്ള സ്ഥാനാർഥിക്കായിരിക്കും യു ഡി എഫിൽ പ്രഥമ പരിഗണന ലഭിക്കുക.
അതേസമയം, സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കി പ്രചാരണത്തിൽ മുന്നിലെത്താനുള്ള നടപടികളിലേക്കാണ് എൽ ഡി എഫും സി പി എമ്മും കടക്കുന്നത്. ഇതിന്റെ ഭാഗമായി സി പി എം സംസ്ഥാന സമിതി യോഗം നാളെയും തുടർന്ന് ഇടതുമുന്നണിയോഗവും ചേരും.

ഇടതു സ്ഥാനാർഥികളുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ലെങ്കിലും വട്ടിയൂർക്കാവിൽ മേയർ വി കെ പ്രശാന്തും അരൂരിൽ മനു സി പുളിക്കനും ചിത്തരഞ്ജനുമൾപ്പെടെയുള്ളവരുടെ സാധ്യത തള്ളിക്കളയാനാകില്ല.

ബി ജെ പിയിൽ സ്ഥാനാർഥി നിർണയത്തിൽ ആദ്യഘട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. പഴയ മുഖങ്ങളെ തന്നെയാണ് ബി ജെ പി ഉപതിരഞ്ഞെടുപ്പിലും ആശ്രയിക്കുന്നത്. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കോന്നിയിൽ ശോഭാ സുരേന്ദ്രനും പി കെ കൃഷ്ണദാസും തന്നെയാണ് ബി ജെ പിയുടെ ആദ്യ പരിഗണനയിലുള്ളത്. കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബി ജെ പി സംസ്ഥാന നേതൃത്വം ഇത് അംഗീകരിച്ചിട്ടില്ല. പാർട്ടി നേതൃത്വം അന്തിമ തീരുമാനമെടുത്താൽ നേതാക്കൾക്ക് ഇത് അംഗീകരിക്കേണ്ടി വരും.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest