നെതന്യാഹുവിന്റെ പതനം ഇന്ത്യക്ക് നൽകുന്ന പാഠം

വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ അഴിമതിക്കേസുകൾ അട്ടിമറിക്കാമെന്നത് തന്നെയായിരുന്നു നെതന്യാഹുവിന്റെ ലാക്ക്. മൂന്ന് കേസുകളാണ് അടുത്ത മാസം രണ്ടിന് വിചാരണക്കെടുക്കാൻ പോകുന്നത്. ഈ കേസുകളിൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ കാവൽ പ്രധാനമന്ത്രിയായിരിക്കെ തന്നെ ശ്രമം നടത്തിയയാളാണ് നെതന്യാഹു. തിരിച്ചു വന്നിരുന്നെങ്കിൽ ഉറപ്പാണ് ഇമ്യൂണിറ്റി ബിൽ കൊണ്ടുവന്ന് വിചാരണ മറികടക്കുമായിരുന്നു. അത് അനുവദിക്കില്ലെന്ന് മാത്രമാണ് ഈ ജനവിധിയുടെ അർഥം. അദ്ദേഹം മുന്നോട്ട് വെച്ച എല്ലാ വിദ്വേഷ രാഷ്ട്രീയത്തിനും ജൂത ഭൂരിപക്ഷം പിന്തുണയർപ്പിക്കുമ്പോഴും അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് വോട്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നു. ഭൂരിപക്ഷത്തിന് അരികെയെത്തിയിട്ടും മറ്റ് പാർട്ടികളൊന്നും നെതന്യാഹുവിനോട് സഹകരിക്കാത്തതും ഈ ജനവിധി തിരിച്ചറിഞ്ഞത് കൊണ്ടാണ്. അങ്ങനെ നോക്കുമ്പോൾ വർഗീയ രാഷ്ട്രീയവും അതി ദേശീയതയും കത്തിക്കുന്ന ബി ജെ പിയെ നേരിടാൻ രാഹുൽ ഗാന്ധി പ്രയോഗിച്ച 'ചൗക്കിദാർ ചോർ ഹേ' മുദ്രാവാക്യം ശരിയായ രാഷ്ട്രീയമായിരുന്നുവെന്ന് പറയേണ്ടി വരും, അമ്പേ പരാജയപ്പെട്ടെങ്കിലും. വരും കാലങ്ങളിൽ ഉയർത്തേണ്ട മുദ്രാവാക്യത്തിന്റെ ഉള്ളടക്കം സാമ്പത്തിക പ്രതിസന്ധിയാണെന്ന നിഗമനത്തിൽ നമുക്ക് എത്തിച്ചേരാനുമാകും.
ലോകവിശേഷം
Posted on: September 22, 2019 10:03 pm | Last updated: September 22, 2019 at 10:03 pm

ഇസ്‌റാഈൽ പാർലിമെന്റായ സെനറ്റിലേക്ക് രണ്ടാമതും നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ബെഞ്ചമിൻ നെതന്യാഹു ഒരിക്കൽ കൂടി അധികാരത്തിൽ വരില്ലെന്ന് ഉറപ്പാക്കിയിരിക്കുന്നു. ഈ വസ്തുത ഇസ്‌റാഈൽ എന്ന രാജ്യത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം വരുത്തുമോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാണ് ഉത്തരം. ബഹുകക്ഷി സമ്പ്രദായം നിലനിൽക്കുന്നത് കൊണ്ട് മാത്രം അത്തരമൊരു സംവിധാനം കൊണ്ടുണ്ടാകേണ്ട ജനാധിപത്യ മൂല്യങ്ങൾ പുലർന്നു കൊള്ളണമെന്നില്ല. ഈ ബഹുകക്ഷികൾ എത്രമാത്രം ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്നതാണ് ചോദ്യം. മൊത്തം പാർട്ടികളും വിശദാംശങ്ങളിൽ വ്യത്യാസപ്പെടുമ്പോഴും ഫലസ്തീൻവിരുദ്ധതയിലും സയണിസ്റ്റ് ദേശീയതയിലും യുദ്ധോത്സുകതയിലും ഒരേ മേൽക്കൂര പങ്കിടുന്ന സ്ഥിതിയാണ് ജൂതരാഷ്ട്രത്തിലുള്ളത്. അതിനാൽ നെതന്യാഹുവിന്റെ പരാജയം ലോകത്താകെയുള്ള മനുഷ്യസ്‌നേഹികൾക്ക് വലിയ ആഹ്ലാദമൊന്നും പകരുന്നില്ല. എന്നാൽ ഇന്ത്യയിലെ ഹിന്ദുത്വവാദികൾക്ക് അത് വലിയ ഇച്ഛാഭംഗമുണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്താണ് നെതന്യാഹു. ‘ഞങ്ങൾ തമ്മിലുള്ള ബന്ധം സ്വർഗത്തിൽ രചിക്കപ്പെട്ട’താണ് എന്ന് പ്രഖ്യാപിച്ച് മോദിയെ തരംകിട്ടുമ്പോഴെല്ലാം പുകഴ്ത്തുന്നയാളാണ് നെതന്യാഹു. ഏപ്രിലിലെ തിരഞ്ഞെടുപ്പിൽ മോദിയുടെ പടം വെച്ച് വോട്ടു പിടിച്ചയാളാണ് അദ്ദേഹം. ആ വോട്ടെടുപ്പിൽ തന്റെ ലിക്കുഡ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും അവിഗ്‌ദോർ ലീബർമാൻ നയിക്കുന്ന യിസ്‌റാഈൽ ബൈത്തനു എന്ന തീവ്രവലതുപക്ഷ (ഒരു വേള ഭീകര) സംഘടനയെ കൂടെക്കൂട്ടാൻ സാധിക്കാത്തത് കൊണ്ട് സർക്കാർ രൂപവത്കരണം അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ രണ്ടാം തിരഞ്ഞെടുപ്പിന് വഴങ്ങേണ്ടി വന്നു നെതന്യാഹുവിന്. അപ്പോഴും അദ്ദേഹത്തിന്റെ പ്രധാന ‘പ്രചാരകൻ’ മോദിയായിരുന്നു. മോദിയുമായി ചർച്ച നടത്താൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നായിരുന്നു അദ്ദേഹം പ്രചാരണത്തിലുടനീളം പ്രസംഗിച്ചത്.

ഇന്ത്യയിൽ ആർ എസ് എസും അനുബന്ധ സംഘടനകളും ശക്തനായ ലോകനേതാവായി കാണുന്നവരിൽ ഒന്നാം പേരുകാരനാണ് നെതന്യാഹു. ഈ കാഴ്ചപ്പാടിന്റെ പ്രധാന ആശയ അടിത്തറ ഇസ്‌റാഈൽ സമ്പൂർണ മതാധിഷ്ഠിത രാഷ്ട്രമാണ് എന്നത് തന്നെയാണ്. മാത്രമല്ല രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന അറബ് വംശജരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന നയങ്ങൾ അതിവേഗം നടപ്പാക്കിയ ഭരണാധികാരിയാണ് നെതന്യാഹു. ഫലസ്തീന്റെ മണ്ണിൽ ആയിരക്കണക്കിന് ജൂത കുടിയേറ്റ കേന്ദ്രങ്ങൾ ബലാത്കാരമായി പണിത് ആധുനിക അധിനിവേശത്തിന്റെ പ്രയോക്താവായി മാറിയ നെതന്യാഹു ഇന്ത്യയിലെ സംഘ്പരിവാരങ്ങളുടെ താരമാകുക സ്വാഭാവികമാണല്ലോ. ഗാസയിലെ കുട്ടികളെ കൊന്നൊടുക്കുന്ന യുദ്ധോത്സുകത കൂടിയാകുമ്പോൾ ഈ ഇഷ്ടത്തിന്റെ മാറ്റ് കൂടും. രാഷ്ട്രമില്ലാത്ത ജനതയാണ് ജൂതരെന്ന സയണിസ്റ്റ് നുണ ഹിന്ദുത്വരും ആവർത്തിച്ചു കൊണ്ടിരിക്കുന്നതാണ്. ഹിന്ദുവിന് രാജ്യമില്ലെന്ന നുണ അതിൽ നിന്ന് രൂപപ്പെടുത്തിയെടുക്കാൻ വേണ്ടിയാണ് ഈ ഉരുക്കഴിക്കൽ. ജൂത രാഷ്ട്രത്തിന്റെ മാതൃകയിൽ ഒരു ഹിന്ദുത്വ രാഷ്ട്രത്തെ അവർ സ്വപ്‌നം കാണുന്നു. ആ രാഷ്ട്രം എങ്ങനെയിരിക്കുമെന്നതിന് അവർക്ക് മുന്നിലെ ജീവിക്കുന്ന ഉദാഹരണം നെതന്യാഹുവിന്റെ ഇസ്‌റാഈലാണ്. ലോക ശാക്തിക ചേരിയുടെ നേതൃസ്ഥാനത്തുള്ള അമേരിക്കയുടെ ഏറ്റവും വത്സല രാഷ്ട്രമെന്ന നിലയിലും പ്രിയമേറും. ഡൊണാൾഡ് ട്രംപാണല്ലോ ഹിന്ദുത്വരുടെ മറ്റൊരു ഹീറോ. അതുകൊണ്ട് നെതന്യാഹു വീണ്ടും വന്നില്ലെന്നത് ഹിന്ദുത്വർ കരുതിവെച്ച വലിയൊരു ആഘോഷം നഷ്ടപ്പെടുത്തുന്നുണ്ട്.

നെതന്യാഹു ചരിത്രത്തിലേക്കുള്ള വലിയ ചുവടുവെപ്പിന് തൊട്ടുമുമ്പാണ് വേച്ച് വീഴുന്നത്. അഞ്ചാമതും പ്രധാനമന്ത്രിയാകാൻ ഇരിക്കുകയായിരുന്നു അദ്ദേഹം. ജൂതരാഷ്ട്ര സ്ഥാപകൻ എന്ന് വിശേഷിപ്പിക്കാവുന്ന ആദ്യത്തെ പ്രധാനമന്ത്രി ഡേവിഡ് ബൻഗൂറിയൻ സ്ഥാപിച്ച റെക്കോർഡ് മറികടക്കാനായിരുന്നു ജൈത്രയാത്ര. അതുകൊണ്ട്, ആവനാഴിയിലെ സർവ അസ്ത്രവും അദ്ദേഹം പുറത്തെടുത്തു. ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധമായി മാറിക്കഴിഞ്ഞ അപരത്വ നിർമാണം ഭംഗിയായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രാതിനിധ്യ ജനാധിപത്യത്തിലെ തന്ത്രങ്ങളെ കുറിച്ചും പുതിയ കാലത്തെ കുടില പരീക്ഷണങ്ങളെക്കുറിച്ചും പഠിക്കുന്നവർക്ക് പാഠപുസ്തകമാണ് നെതന്യാഹുവിന്റെ നീക്കങ്ങൾ.

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മിക്കവയും അട്ടിമറിച്ചു. എതിരാളികളെ ഏറ്റവും മോശമായ ഭാഷയിൽ ശകാരിച്ചു. അറബ് ന്യൂനപക്ഷത്തെ പരമാവധി രാക്ഷസവത്കരിച്ചു. അയൽ രാജ്യങ്ങളിൽ ബോംബ് വർഷിച്ചു. ഫലസ്തീൻ മണ്ണ് കൂടുതൽ കവർന്നെടുത്തു. ജറൂസലമിലേക്ക് തലസ്ഥാനം മാറ്റുന്നതിനുള്ള നീക്കങ്ങൾ വേഗത്തിലാക്കുകയും അതിന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ഒരേ സമയം യു എസിന്റെയും റഷ്യയുടെയും പിന്തുണ തനിക്കാണെന്ന് വരുത്തിത്തീർത്തു. ജോർദാന്റെ കൈവശമുള്ള, ഇസ്‌റാഈൽ അവകാശവാദം ഉന്നയിക്കുന്ന പ്രദേശം താൻ അധികാരത്തിലെത്തിയാൽ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചു. തർക്കത്തിലിരിക്കുന്ന ജൂലാൻ കുന്നുകളും ഇസ്‌റാഈലിന്റെ ഭാഗമാകുമെന്ന് അദ്ദേഹം ആക്രോശിച്ചു. തന്റെ പേരിൽ ഉയർന്ന അഴിമതി ആരോപണങ്ങളെ മറച്ചു വെക്കാനാണ് ജൂത വികാരത്തെ അദ്ദേഹം പരമാവധി കത്തിച്ചത്. മറച്ചു വെക്കുക മാത്രമല്ല, വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ കേസുകൾ അട്ടിമറിക്കാമെന്നത് തന്നെയായിരുന്നു ബിബി എന്ന് വിളിക്കപ്പെടുന്ന നെതന്യാഹുവിന്റെ ലാക്ക്. പ്രമുഖ കമ്പനികൾക്ക് വേണ്ടി നിയമം മാറ്റിയെഴുതാൻ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടും സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടും മൂന്ന് കേസുകളാണ് അടുത്ത മാസം രണ്ടിന് വിചാരണക്കെടുക്കാൻ പോകുന്നത്.

ഈ കേസുകളിൽ പ്രോസിക്യൂഷൻ ഒഴിവാക്കാൻ കാവൽ പ്രധാനമന്ത്രിയായിരിക്കെ തന്നെ ശ്രമം നടത്തിയയാളാണ് നെതന്യാഹു. തിരിച്ചു വന്നിരുന്നെങ്കിൽ ഉറപ്പാണ് ഇമ്യൂണിറ്റി ബിൽ കൊണ്ടുവന്ന് വിചാരണ മറികടക്കുമായിരുന്നു. അത് അനുവദിക്കില്ലെന്ന് മാത്രമാണ് ഈ ജനവിധിയുടെ അർഥം. അദ്ദേഹം മുന്നോട്ട് വെച്ച എല്ലാ വിദ്വേഷ രാഷ്ട്രീയത്തിനും ജൂത ഭൂരിപക്ഷം പിന്തുണയർപ്പിക്കുമ്പോഴും അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് വോട്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നു.

ഭൂരിപക്ഷത്തിന് അരികെയെത്തിയിട്ടും മറ്റ് പാർട്ടികളൊന്നും നെതന്യാഹുവിനോട് സഹകരിക്കാത്തതും ഈ ജനവിധി തിരിച്ചറിഞ്ഞത് കൊണ്ടാണ്. അങ്ങനെ നോക്കുമ്പോൾ വർഗീയ രാഷ്ട്രീയവും അതി ദേശീയതയും കത്തിക്കുന്ന ബി ജെ പിയെ നേരിടാൻ രാഹുൽ ഗാന്ധി പ്രയോഗിച്ച ‘ചൗക്കിദാർ ചോർ ഹേ’ മുദ്രാവാക്യം ശരിയായ രാഷ്ട്രീയമായിരുന്നുവെന്ന് പറയേണ്ടി വരും, അമ്പേ പരാജയപ്പെട്ടെങ്കിലും. വരും കാലങ്ങളിൽ ഉയർത്തേണ്ട മുദ്രാവാക്യത്തിന്റെ ഉള്ളടക്കം സാമ്പത്തിക പ്രതിസന്ധിയാണെന്ന നിഗമനത്തിൽ നമുക്ക് എത്തിച്ചേരാനുമാകും.

തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ ബെന്നി ഗാൻഡ്‌സിനോട് പോലും സഹായം തേടാൻ നെതന്യാഹു തയ്യാറായത് തന്റെ ഗതികേട് കൊണ്ടാണ്. എന്നാൽ ഐക്യ സർക്കാറിനുള്ള ആഹ്വാനം ഗാൻഡ്‌സ് തള്ളുകയായിരുന്നു. പോൾ ചെയ്ത 97 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ഭരണ കക്ഷിയായ ലികുഡ് പാർട്ടിക്ക് 31 സീറ്റുകൾ മാത്രമാണ് നേടാനായത്. കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. ലികുഡ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പൂർവ സഖ്യ കക്ഷികളുടെ സീറ്റ് നില കൂടി കണക്കിലെടുത്താൽ പോലും ഈ അംഗ സംഖ്യ തികക്കാൻ കഴിയില്ല. 55 സീറ്റുകളിലാണ് സഖ്യം ജയിച്ചത്. അതേസമയം, മുഖ്യ പ്രതിപക്ഷ പാർട്ടിയായ ബ്ലൂ ആൻഡ് വൈറ്റ് (ബെന്നി ഗാൻഡ്‌സിന്റെ പാർട്ടി) തനിച്ച് 33 സീറ്റുകൾ നേടിയിട്ടുണ്ട്. ബ്ലൂ ആൻഡ് വൈറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിനും 55 സീറ്റുകളിൽ മേൽക്കൈ ലഭിച്ചു. ഈ സാഹചര്യത്തിൽ ഒമ്പത് സീറ്റുള്ള അവിഗ്‌ദോർ ലീബർമാന്റെ യിസ്‌റായേൽ ബെയ്തിനു പാർട്ടിയുടെ തീരുമാനം നിർണായകമാകും. നേരത്തേ നെതന്യാഹുവിന്റെ മിത്രമായിരുന്ന ലീബർമാൻ ഇപ്പോൾ എതിർ ചേരിയിലാണ്. കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം ലീബർമാൻ ലിക്കുഡ് സഖ്യ സർക്കാറിൽ ചേരാൻ വിസമ്മതിച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർബന്ധിതനായത്.

ലീബർമാന് നെതന്യാഹുമായുള്ള വിയോജിപ്പ് തൊലിപ്പുറമേ മാത്രമാണ്. യാഥാസ്ഥിക ജൂതൻമാരെ നിർബന്ധിത സൈനിക സേവനത്തിന് ഉപയോഗിക്കരുതെന്ന ആവശ്യം തള്ളിയതാണ് നെതന്യാഹുവുമായി അദ്ദേഹത്തെ അകറ്റിയത്. പുതിയ സാഹചര്യത്തിൽ ഗാൻഡ്‌സ് നേതൃത്വം നൽകുന്ന മുക്കൂട്ട് മുന്നണിയെ പിന്തുണക്കുക മാത്രമാണ് ലീബർമാന് മുന്നിലെ പോംവഴി. അതോടെ ഗാൻഡ്‌സിന്റെ സഖ്യം ലികുഡ് സഖ്യത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലാതെ വരും. ഫലസ്തീൻ അടക്കമുള്ള വിഷയങ്ങളിൽ നെതന്യാഹു സർക്കാറിനോളം മാരകമായി ഈ വിശാല മുന്നണി സർക്കാറും മാറും.

അൽജസീറയിലെ മർവൻ ബിശാറ മുന്നോട്ട് വെക്കുന്ന വസ്തുതകൾ ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. അതിൽ ഇന്ത്യക്ക് ഏറെ പാഠങ്ങളുണ്ട്. ഒന്ന്, ഇസ്‌റാഈൽ രൂപവത്കരണം മുതൽ സജീവമായി ഉണ്ടായിരുന്ന ഇടത് ചേരി തികച്ചും അപ്രസക്തമായി എന്നുള്ളതാണ്. ലേബർ പാർട്ടിയും മെരറ്റ്‌സ് പാർട്ടിയും പാർലിമെന്റിൽ കയറാനുള്ള 3.25 ശതമാനം വോട്ട് നേടിയത് ചെറു കക്ഷികളുമായി സഖ്യമുണ്ടാക്കിയത് കൊണ്ടുമാത്രമാണ്. എന്താണ് ഇത് അർഥമാക്കുന്നത്? തീവ്രവലതുപക്ഷത്തിന്റെ തേരോട്ടം ആദ്യം പ്രതിസന്ധിയിലാക്കുന്നത് ഇടത് പാർട്ടികളെയായിരിക്കുമെന്ന് തന്നെ. ത്രിപുരയും പ. ബംഗാളും അതിന്റെ തെളിവാണല്ലോ.

നെതന്യാഹു പോകുമ്പോൾ വരുന്നത് ആരെന്നതാണ് രണ്ടാമത്തെ വിഷയം. വരുന്നത് വലതു പാർട്ടികളും യിസറായേൽ ബൈത്തനു പോലുള്ള തീവ്രവലതുപാർട്ടികളും തന്നെയാണ്. സെക്യുലർ കക്ഷികളും മധ്യ കക്ഷികളും കൂട്ടത്തിലുണ്ട്. ഇവക്കൊന്നിനും അടിസ്ഥാനപരമായി വലിയ വ്യത്യാസമൊന്നുമില്ല. ഇവയെല്ലാം ഫലസ്തീൻ വിരുദ്ധതയിൽ പടുത്തുയർത്തിയവയാണ്. സെക്യുലർ കക്ഷികളാകട്ടേ ജൂത സ്വത്വബോധത്തിലധിഷ്ഠിതമാണ്. അനുഷ്ഠാനങ്ങളുടെ കാർക്കശ്യത്തെയോ പരമ്പരാഗത ആചാരങ്ങളെയോ മാത്രം ഇവ ചോദ്യം ചെയ്യുന്നു. തീവ്രവലതു പക്ഷ യുക്തികൾ സൃഷ്ടിക്കുന്ന ആശയ മണ്ഡലത്തിന്റെ ഗുണഭോക്താക്കളാണ് ഈ പാർട്ടികളെല്ലാമെന്ന് ചുരുക്കം. ഗാൻഡ്‌സ് ആകട്ടേ നെതന്യാഹുവാകട്ടേ വിരമിച്ച സൈനിക ജനറൽമാരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും മുന്നിട്ടു നിന്നത് എന്നതാണ് മൂന്നാമത്തെ സവിശേഷത. തീവ്ര ദേശീയത തന്നെയാണ് പ്രധാന ആയുധമെന്ന് ഇത് വ്യക്തമാക്കുന്നു. മോദിയെ രണ്ടാമത് അധികാരത്തിലെത്തിച്ചത് ബാലാകോട്ട് ആണെന്നോർക്കണം.

ഇസ്‌റാഈൽ തിരഞ്ഞെടുപ്പിലെ ഏററവും തിളക്കമാർന്ന ഭാഗം അറബ് പാർട്ടികൾ നേടിയ വിജയമാണ്. തികച്ചും പാർശ്വവത്കരിക്കപ്പെട്ട ജനതയാണ് ഇസ്‌റാഈലിലെ അറബ് ന്യൂനപക്ഷം. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടങ്ങിയ ഈ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളുടെ കൂട്ടായ്മയാണ് ജോയിന്റ് ലിസ്റ്റ്. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഐക്യസർക്കാറിനുള്ള സാധ്യതയാണ് തെളിയുന്നത്. 13 സീറ്റുകളുള്ള അറബ് പാർട്ടികളാകും പ്രതിപക്ഷത്തുണ്ടാകുക. പ്രതിപക്ഷത്തിന് വലിയ പ്രാധാന്യവും നിർണായക സമിതികളിലെല്ലാം അംഗത്വവും നൽകുന്ന ഇസ്‌റാഈൽ വ്യവസ്ഥയിൽ അറബ് പാർട്ടികൾ പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നത് ചരിത്രപരമായ മുന്നേറ്റമാണ്.