Connect with us

Gulf

89 ന്റെ ആഘോഷ പൊലിമയില്‍ സഊദി അറേബ്യ

Published

|

Last Updated

റിയാദ്: സഊദി അറേബ്യക്ക് തിങ്കളാഴ്ച 89-ാം ദേശീയ ദിനം. ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അഭിവാദ്യങ്ങളര്‍പ്പിച്ചു കൊണ്ടുള്ള ബാനറുകള്‍ എങ്ങും ഉയര്‍ന്നിട്ടുണ്ട്. ഇതിനു പുറമെ,
പ്രധാന റോഡുകളും കെട്ടിടങ്ങളും രാജ്യത്തിന്റെ പതാകയുപയോഗിച്ച് അലങ്കരിച്ചും സഊദി അറേബ്യന്‍ വസ്ത്രങ്ങളണിഞ്ഞുമാണ് ആഘോഷ പരിപാടികളില്‍ ജനങ്ങള്‍ പങ്കുചേരുന്നത്. വിവിധ ഉത്സവപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. സ്പോര്‍ട്സ്, സാംസ്‌ക്കാരിക പരിപാടികള്‍, വെടിക്കെട്ടുകള്‍, ലേസര്‍ ഷോകള്‍, സംഗീതപരിപാടികള്‍ തുടങ്ങിയവ വിവിധ പ്രവിശ്യകളില്‍ അരങ്ങേറും.

സഊദിയുടെ പാരമ്പര്യത്തെയും ആചാരങ്ങളെയും മനസ്സിലാക്കാനുള്ള അവസരമായിട്ടാണ് ഈ ദിവസത്തെ ലോകം കാണുന്നത്. പാരമ്പര്യത്തെ അവതരിപ്പിക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭംഗിയും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുകയും ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുകയുമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. സ്വദേശികളും വിദേശികളും ദേശീയ ദിനാഘോഷ പരിപാടികളില്‍ പങ്കുചേരും.

സഊദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് 1932ലാണ് സഊദി ഭരണകൂടം സ്ഥാപിച്ചത്. സ്ഥാപക ദിനമായ സെപ്തംബര്‍ 23നാണ് ദേശീയ ദിനമായി ആചരിക്കുന്നത്. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പ്രവിശ്യകളില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിഷന്‍ 2030നെ അടിസ്ഥാനമാക്കിയായിരിക്കും ആഘോഷ പരിപാടികള്‍ നടക്കുക.1938ല്‍ എണ്ണ ഖനനം ആരംഭിക്കും വരെ സഊദി അറേബ്യയുടെ മുഖ്യ വരുമാനം കാര്‍ഷിക വൃത്തി, ആടു വളര്‍ത്തല്‍, സമുദ്ര വിഭവങ്ങള്‍, ഹജ്ജ് -ഉംറ തീര്‍ഥാടകര്‍ എന്നിവയില്‍ നിന്നുള്ള വരുമാനമായിരുന്നു.

എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയത് അറേബ്യന്‍ ജനതയുടെ സാമ്പത്തിക മുന്നേറ്റത്തിന് വഴിതെളിച്ചു. അറേബ്യന്‍ അമേരിക്കന്‍ ഓയില്‍ കമ്പനി (അരാംകോ)യുടെ നേതൃത്വത്തില്‍ എണ്ണ ഉത്പാദനം പുരോഗമിച്ചു.ഇതോടെ സഊദി ലോകത്തിലെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. വിവിധ ഘട്ടങ്ങളിലൂടെ ലോകം സാമ്പത്തിക മാന്ദ്യങ്ങളുടെ പിടിയിലമര്‍ന്നപ്പോഴും എണ്ണ ഉത്പാദനം രാജ്യത്തിന് കരുത്തുറ്റ സാമ്പത്തിക അടിത്തറ നല്‍കി.

Latest