ഉപ തിരഞ്ഞെടുപ്പ്: കുമ്മനവും സുരേന്ദ്രനും ബി ജെ പി സാധ്യതാ പട്ടികയില്‍

Posted on: September 22, 2019 7:34 pm | Last updated: September 23, 2019 at 11:12 am

കൊച്ചി: സംസ്ഥാനത്ത് നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള ബി ജെ പി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയാറായി. പാര്‍ട്ടി കോര്‍കമ്മിറ്റിയാണ് പട്ടികക്ക് രൂപം നല്‍കിയത്. മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പട്ടികയിലുണ്ട്. പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.

പ്രധാന നേതാക്കള്‍ മത്സര രംഗത്തുണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വിജയസാധ്യത മുന്‍നിര്‍ത്തി കുമ്മനം തന്നെ മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലുയര്‍ന്ന പൊതു വികാരം. ഓരോ മണ്ഡലത്തിലേക്കും മൂന്നു പേരുകള്‍ വീതമാണ് കേന്ദ്ര കമ്മിറ്റിക്ക് നല്‍കുന്നതെന്നും എന്നാല്‍ ഇപ്പോഴത് പരസ്യപ്പെടുത്താനാവില്ലെന്നും രമേശ് പറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലും കെ സുരേന്ദ്രന്‍, എറണാകുളത്ത് ബി ഗോപാലകൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.