പാക് അധീന കശ്മീര്‍ രൂപം കൊണ്ടതിനു പിന്നില്‍ നെഹ്‌റു; ആരോപണം ആവര്‍ത്തിച്ച് അമിത് ഷാ

Posted on: September 22, 2019 7:29 pm | Last updated: September 23, 2019 at 11:12 am

മുംബൈ: പാക് അധീന കശ്മീര്‍ രൂപം കൊണ്ടതിനു പിന്നില്‍ മുന്‍ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് വീണ്ടും ആരോപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947ല്‍ പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ സേന ശക്തമായി പൊരുതുന്നതിനിടെ നെഹ്‌റു നടത്തിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണ് പാക് അധീന കശ്മീര്‍ സൃഷ്ടിക്കപ്പെടാന്‍ വഴിവച്ചത്. നെഹ്‌റു അത് ചെയ്തില്ലായിരുന്നുവെങ്കില്‍ കശ്മീരിന്റെ ഒരുഭാഗം പാക് ഭാഗത്തേക്ക് പോകില്ലായിരുന്നു. സര്‍ദാര്‍ പട്ടേലായിരുന്നു കശ്മീര്‍ വിഷയം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. പട്ടേല്‍ നടത്തിയ ഇടപെടലില്‍ നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യയുടെ ഭാഗമായിത്തീര്‍ന്നത് നാം കാണേണ്ടതുണ്ട്. ഷാ പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നതിന് 370 ാം വകുപ്പാണ് തടസ്സമായിരുന്നത്. അത് റദ്ദാക്കിയതോടെ കശ്മീര്‍ മുഴുവന്‍ ഇന്ത്യയുടെ ഭാഗമാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. ഷാ കൂട്ടിച്ചേര്‍ത്തു.