സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല: പത്മജ വേണുഗോപാല്‍

Posted on: September 22, 2019 4:41 pm | Last updated: September 22, 2019 at 7:55 pm

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. മത്സരിക്കണമെന്ന് ആരോടും ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, സ്ഥാനാര്‍ഥിയാകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. പത്മജയെ സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് മുരളീധരന്‍ പറഞ്ഞത് എന്തുകൊണ്ടാണെന്നറിയില്ല. കഴിഞ്ഞ കുറച്ചുകാലമായി ഞാന്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരികയാണ്. തിരുവനന്തപുരത്താണ് പഠിച്ചുവളര്‍ന്നത് എന്നതുകൊണ്ട്, അവിടുത്തെ പ്രവര്‍ത്തകരുമായി നല്ല ബന്ധമുണ്ട്. അങ്ങനെ വന്നതായിരിക്കണം പേര് എന്നാണ് കരുതുന്നത്- പത്മജ പറഞ്ഞു.

സഹോദരിയായ പത്മജയെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്നും അങ്ങനെ വന്നാല്‍ കുടുംബാധിപത്യം എന്ന ആരോപണമുയരുമെന്നും നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നു. താന്‍ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തില്‍ നിന്നുമൊരാള്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്നാണ് പത്മജ വ്യക്തമാക്കുന്നത്.