താത്തൂര്‍ ശുഹദാ ആണ്ടു നേര്‍ച്ച നാളെ തുടങ്ങും

Posted on: September 22, 2019 3:12 pm | Last updated: September 22, 2019 at 4:11 pm

മുക്കം: നൂറ്റാണ്ടുകളായി നടന്നു വരുന്ന താത്തൂര്‍ ശുഹദാ ആണ്ടു നേര്‍ച്ചക്ക് നാളെ തുടക്കമാവും.
നേര്‍ച്ചയുടെ ഭാഗമായി
ഖത്മുല്‍ ഖുര്‍ആൻ, ശുഹദാ മൗലിദ് സദസ്, കൂട്ടു പ്രാര്‍ത്ഥന, അന്നദാനം, മജ്‌ലിസുല്‍ അദ്കാര്‍, മജ്‌ലിസുല്‍ ഇഷ്ഖ്, മജ്‌ലിസുന്നസീഹ, കൊന്നാര് സാദാത്തുക്കളുടെ വരവ് എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ മുക്കത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പനങ്ങോട് സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ എത്തുന്ന പതാക തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങള്‍ ഉയര്‍ത്തുന്നതോടെയാണ് നാലുനാള്‍ നീണ്ടു നില്‍ക്കുന്ന ശുഹദാ ആണ്ടു നേര്‍ച്ചക്ക് തുടക്കമാവുക. രാത്രി നടക്കുന്ന ദിഖ്ര്‍ ദുആ സമ്മേളനം സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍) ഉദ്ഘാടനം ചെയ്യും.

സമസ്ത കേന്ദ്ര മുശാവറ അംഗം താനാളൂര്‍ അബ്ദു മുസ്ലിയാര്‍ ദിക്‌റ് മജ്‌ലിസിന് നേതൃത്വം നല്‍കും. സമദ് സഖാഫി മായനാട് തസ്‌കിയ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ അല്‍- ബുഖാരി, പൊന്മള മുഹിയുദ്ദീന്‍ കുട്ടി ബാഖവി, അര്‍ഷാദ് നൂറാനി അസ്സഖാഫി , മുഹമ്മദ് റഫീഖ് ബാഖവി, ബീരാന്‍ ബാഖവി, പി.കെ ഹുസൈന്‍ സഖാഫി സംബന്ധിക്കും. താത്തൂര്‍ ശുഹദാ മഖാം ഖുര്‍ആന്‍ അക്കാദമിയില്‍ നിന്ന് മൂന്ന് വര്‍ഷത്തെ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാർഥികളെ അനുമോദിക്കും. ചൊവ്വാഴ്ച രാത്രി നടക്കുന്ന മജ്‌ലിസുല്‍ ഇഷ്ഖിന്റെ ഭാഗമായി ദഫ്, നശീദ, സൂഫി മഹ്ഫില്‍ എന്നിവ നടക്കും. സംസ്ഥാന പിന്നാക്ക കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തും.

ബുധനാഴ്ച രാത്രി നടക്കുന്ന മജ്‌ലിസുന്നസീഹയില്‍ ഡോ.ദേവര്‍ഷോല അബ്ദുല്‍ സലാം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. സപ്തംബര്‍ 26 വ്യാഴാഴ്ച ളുഹ്‌റിന് ശേഷം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അഹ്ദല്‍ തങ്ങള്‍ മുത്തനൂര്‍ നേതൃത്വം നല്‍കും.വൈകീട്ട് 5 മണിക്ക് കൊന്നാര് സാദാത്തുക്കളുടെ വരവോടെ നേര്‍ച്ച സമാപിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ളിയാഉല്‍ മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.നേര്‍ച്ച ദിവസങ്ങളില്‍ ളുഹ്‌റ്, അസറ് നിസ്‌കാരാനന്തരം നടക്കുന്ന ശുഹദാ മൗലിദ് മജ്‌ലിസ്, കൂട്ടുപ്രാര്‍ഥന എന്നിവക്ക് സയ്യിദ് മശ്ഹൂര്‍ മുല്ലക്കോയ തങ്ങള്‍ വാവാട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഫള്ല്‍ ജിഫ്രി കുണ്ടൂര്‍, സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തുടങ്ങിയ സാദാത്തുക്കളും,പണ്ഡിതരും നേതൃത്വം നല്‍കും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ഭാരവാഹികളായ അര്‍ഷാദ് നൂറാനി അസ്സഖാഫി, ശരീഫ് സഖാഫി താത്തൂര്‍, വി.കെ.കരീം ഹാജി പങ്കെടുത്തു.