Connect with us

National

ബാബരി മസ്ജിദ് ധ്വംസനം: കല്യാണ്‍ സിംഗിന് സിബിഐ കോടതി സമന്‍സ് അയച്ചു

Published

|

Last Updated

ലക്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിങ്ങിന് പ്രത്യേക സിബിഐ കോടതി സമന്‍സ് അയച്ചു. സെപ്റ്റംബര്‍ 27 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പ്രത്യേക ജഡ്ജി എസ് കെ യാദവ് സമന്‍സ് നല്‍കിയത്.

രാജസ്ഥാന്‍ ഗവര്‍ണറായിരുന്ന സിങ്ങിന്റെ കാലാവധി ഈ മാസം ആദ്യവാരം അവസാനിച്ചുവെന്ന് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ നല്‍കിയ വിവരം കണക്കിലെടുത്താണ് കോടതി നടപടി. നേരത്തെ, സിംഗ് ഗവര്‍ണറായിരുന്ന കാലാവധി അവസാനിച്ചതായി രേഖകള്‍ ഹാജരാക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖകള്‍ ലഭിക്കാത്തതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ അഭ്യര്‍ഥിച്ചിരുന്നു.

1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സെപ്തംബര്‍ ഒന്‍പതിന് അദ്ദേഹം വീണ്ടും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗവര്‍ണറായി സ്ഥാനമൊഴിഞ്ഞയുടനെ സിംഗിനെ പ്രതിയായി വിളിക്കാന്‍ സിബിഐക്ക് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

ബാബരി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, എം എം ജോഷി, ഉമാ ഭാരതി എന്നിവരടക്കം പ്രതികളെ വിചാരണ കോടതി വിചാരണ നടത്തുന്നുണ്ട്.

Latest