ചന്ദ്രയാന്‍ രണ്ട് ദൗത്യം 98 ശതമാനവും വിജയം: ഡോ. കെ ശിവന്‍

Posted on: September 21, 2019 4:16 pm | Last updated: September 22, 2019 at 10:31 am

ബംഗളൂരു: ചന്ദ്രയാന്‍-2 ദൗത്യം 98 ശതമാനം ലക്ഷ്യങ്ങള്‍ നേടിയിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. ദൗത്യത്തില്‍ ഉള്‍പ്പെട്ട ഓര്‍ബിറ്റര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നേരത്തെ നിശ്ചയിച്ചതനുസരിച്ചുള്ള പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍ബിറ്ററില്‍ എട്ട് ഉപകരണങ്ങളുണ്ട്, ഓരോ ഉപകരണവും അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയവും സാങ്കേതികവുമായ കാരണങ്ങള്‍ കൊണ്ട് പദ്ധതി 98 ശതമാനവും വിജയകരമാണ്. സാങ്കേതിക പ്രകടനത്തിന്റെ കാര്യത്തില്‍ ഏതാണ്ട് നൂറുശതമാനവും വിജയം കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടാമത് സമ്മേളന ചടങ്ങില്‍ പങ്കെടുക്കാന്‍ ഭുവനേശ്വര്‍ ഐഐടിയിലേക്ക് പോകുന്നതിനുമുമ്പ് ബംഗളൂരു വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരന്നു ഡോ. ശിവന്‍.

ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒന്നും അന്തിമമായി തീരുമാനിച്ചിട്ടില്ല. വിക്രം ലാന്‍ഡറിന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. വിക്രമുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത് എന്തുകൊണ്ടാണ് എന്നത് സംഭവിച്ച് അക്കാദമിക് വിദഗ്ധരും ഐഎസ്ആര്‍ഒ വിദഗ്ധരും അടങ്ങുന്ന ദേശീയതല സമിതി വിശകലനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലാന്‍ഡറുമായി ആശയവിനിമയം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഡാറ്റ ലഭിച്ചാലുടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ലാന്‍ഡര്‍ തുടക്കത്തില്‍ ഒരു വര്‍ഷത്തേക്കാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഇത് ഏഴര വര്‍ഷം കൂടി നീണ്ടുനില്‍ക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും ശിവന്‍ വ്യക്തമാക്കി.