മോട്ടോര്‍ വാഹന നിയമം: പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം

Posted on: September 21, 2019 2:41 pm | Last updated: September 22, 2019 at 10:31 am

തിരുവനന്തപുരം: കേന്ദ്ര മോട്ടര്‍ വാഹന നിയമമനുസരിച്ച് വര്‍ധിപ്പിച്ച പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് നിയമപരമായി കുറയ്ക്കാന്‍ കഴിയുന്ന തുക കുറയ്ക്കാന്‍ തീരുമാനമായത്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു. അതേസമയം, ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

പിഴ കുറയ്ക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പിഴത്തുക കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളെല്ലാം കേന്ദ്രതീരുമാനം കാത്തിരിക്കുകയാണ്. എന്നാല്‍ അപകടങ്ങള്‍ തടയാന്‍ കര്‍ശന നിയമം ആവശ്യമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

പിഴ കൂട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വാഹന പരിശോധന സംസ്ഥാനത്ത് പുനഃരാരംഭിച്ചെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുതുക്കിയ തുക ഈടാക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കേസുകള്‍ കോടതിക്ക് കൈമാറുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ബോധവല്‍ക്കരണ പരിപാടികളും നടക്കുന്നുണ്ട്.