Connect with us

Editorial

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍

Published

|

Last Updated

പശ്ചിമേഷ്യയുടെ ആകാശത്ത് വീണ്ടും യുദ്ധഭീതി ഉരുണ്ടു കൂടിയിരിക്കുന്നു. പ്രശ്‌നം രൂക്ഷമാകുന്നത്, വാള്‍സ്ട്രീറ്റിനെ മാത്രമല്ല കേരളത്തിലെ കുഗ്രാമത്തെയും ബാധിക്കുന്നതാണ്. പശ്ചിമേഷ്യന്‍ മേഖലയില്‍ കാലങ്ങളായുള്ള നിഴല്‍ യുദ്ധം മറനീക്കിയിരിക്കുന്നു എന്നതേ പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നുള്ളൂ. നിലവിലെ സംഭവ വികാസത്തിന്റെ പ്രത്യക്ഷ കാരണത്തില്‍ മാത്രമേ പുതുമയുള്ളൂ.

പശ്ചാത്തലവും വാദഗതികളും കക്ഷികളുമെല്ലാം പഴയത് തന്നെ. സഊദി അറേബ്യയുടെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ ഖുറൈസ്, അബ്‌ഖൈഖ് ശാലകള്‍ക്ക് നേരെ കഴിഞ്ഞ 14നുണ്ടായ ആക്രമണമാണ് യുദ്ധഭീതിക്ക് വിത്തിട്ടത്. അമേരിക്കയുടെ പ്രകോപന ഇടപെടലുകള്‍ അതിന് വളമായി. 1991ല്‍ കുവൈത്തി എണ്ണപ്പാടങ്ങള്‍ ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ സൈന്യം തീവെച്ച് നശിപ്പിച്ചതിന് ശേഷമുള്ള ഗള്‍ഫ് മേഖലയിലെ എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമായാണിതിനെ കാണുന്നത്.

ആഗോള എണ്ണ വിതരണത്തിന്റെ ആറ് ശതമാനം പ്രതിനിധാനം ചെയ്യുന്ന അരാംകോക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ വില ഉയര്‍ന്നു. ആക്രമണത്തിന്റെ ഉത്ഭവം തന്നെ ഇറാനില്‍ നിന്നാണെന്ന്, തെളിവുകള്‍ നിരത്തി സഊദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിയന്‍ ഡെല്‍റ്റ വിംഗ് യു എ വി അടക്കം 25 ഡ്രോണുകളും മിസൈലുകളുമാണ് അരാംകോക്ക് നേരെ വന്നതെന്ന് ആക്രമണ സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഇവയുടെ അവശിഷ്ടങ്ങള്‍ തെളിവാക്കി സഊദി വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ആക്രമണ സ്ഥലം നേരില്‍ കാണാന്‍ സഊദി അവസരമൊരുക്കുകയും ചെയ്തു.

മേഖലയിലെ പ്രധാന സഖ്യകക്ഷിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്ക രായ്ക്കുരാമാനം പ്രതികരിച്ചു. സൈന്യം സുസജ്ജമാണെന്നായിരുന്നു വൈറ്റ്ഹൗസിന്റെ മുന്നറിയിപ്പ്. വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സഊദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും മറ്റ് പ്രധാന നേതാക്കളെയും കാണുക മാത്രമല്ല, കനത്ത മറുപടി നല്‍കാന്‍ സഊദിക്ക് അവകാശമുണ്ടെന്ന് പറഞ്ഞ് മുറിവില്‍ എരിവ് പടര്‍ത്തുകയും ചെയ്തു.

സഊദി കഴിഞ്ഞാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാനിയായ യു എ ഇയും പോംപിയോ സന്ദര്‍ശിച്ചു. ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നും യമനിലെ ഹൂത്തി വിഭാഗമാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ കാര്യം മനസ്സിലാക്കണമെന്നുമാണ് ഇറാന്റെ നിലപാട്. മാത്രമല്ല, അമേരിക്കയുടെ നേതൃത്വത്തിലുള്ള പോര്‍വിളികള്‍ക്ക് കനത്ത മറുപടിയുമാണ് ഇറാന്‍ നല്‍കുന്നത്. തങ്ങളെ തൊട്ടാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതാദ്യമായല്ല, ഇറാനും അമേരിക്കയുടെ നേതൃത്വത്തില്‍ ഗള്‍ഫ് ചേരികളും യുദ്ധഭീഷണി മുഴക്കുന്നത്. കഴിഞ്ഞ മാസം ജിബ്രാള്‍ട്ടറില്‍ വെച്ച് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവിക സേന പിടിച്ചെടുത്തത് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. യൂറോപ്യന്‍ യൂനിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് ഇന്ധനവുമായി പോകുകയാണെന്ന ആരോപണമുന്നയിച്ചായിരുന്നു എണ്ണടാങ്കര്‍ പിടിച്ചെടുത്തത്. ഇതിന് പകരമായി ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപേറോ ഇറാനും കസ്റ്റഡിയിലെടുത്തിരുന്നു. ഇറാന്‍ കപ്പല്‍ തടഞ്ഞുവെക്കുന്നതില്‍ അമേരിക്കയുടെ താത്പര്യം സുതരാം വ്യക്തവുമായിരുന്നു. ജൂണ്‍ മാസത്തിലും ഇറാനെ ബന്ധപ്പെടുത്തി എണ്ണക്കപ്പല്‍ പ്രശ്‌നം കൊടുമ്പിരികൊണ്ടു. ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളാണ് രംഗം വഷളാക്കിയത്. ജപ്പാന്‍, നോര്‍വേ ഉടമസ്ഥതകളിലുള്ള കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അതിന്റെ ഒരു മാസം മുമ്പ് സഊദിയുടെയും നോര്‍വേയുടെയും ഉടമസ്ഥതയിലുള്ള നാല് എണ്ണക്കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കിന് പുറത്ത് യു എ ഇ തീരത്തോട് ചേര്‍ന്ന് ആക്രമണമുണ്ടായി. എല്ലാത്തിലും അമേരിക്ക വിരല്‍ ചൂണ്ടിയത് ഇറാന് നേരെയാണ്. പതിവുപോലെ എല്ലാം ഇറാന്‍ തള്ളിക്കളഞ്ഞു.

പശ്ചിമേഷ്യന്‍ മേഖലയിലെ ചെറിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പോലും ലോക സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും നേരിട്ട് ബാധിക്കുന്നതാണ്. മാത്രമല്ല, കേരളത്തിലെ സാധാരണ കുടുംബത്തെ പോലും പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ പിടിച്ചുകുലുക്കുന്നതാണ്. ലോക വ്യാപാരത്തിന്റെ നട്ടെല്ലായ ഇന്ധനവും വാതകവും അനുബന്ധ ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന മേഖലയാണ് മിഡില്‍ ഈസ്റ്റ്- വടക്കന്‍ ആഫ്രിക്ക (മെന). ഗള്‍ഫ്- അറേബ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനവും വാതകവും മറ്റും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യയില്‍ നിന്ന് ലോകത്തേക്കുള്ള കവാടമായ ഇത് ഇറാന്റെ അധികാരത്തിലാണ്. അതിനാലാണ് ഇറാനുമായി ബന്ധപ്പെട്ട എന്ത് പ്രശ്‌നവും ലോകവ്യാപാരത്തിന്റെ സുഗമമായ ഒഴുക്കിന് വിഘാതമാകുമെന്ന് പറയുന്നത്. അതേസമയം, മേഖലയിലെ അപ്രമാദിത്വത്തിന് ഇറാന്‍ നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ കാണാതിരുന്നുകൂടാ. സദ്ദാം ഹുസൈനെ കഴുമരത്തിലേറ്റിയതിലടക്കം ഇറാനിലെ ശിയാ ഭരണകൂടത്തിന്റെ വഞ്ചനാപരമായ ഇടപെടലുകള്‍ പകല്‍ പോലെ വ്യക്തമാണ്. ഇപ്പോള്‍ നടക്കുന്ന പോര്‍വിളികള്‍ ആയുധം പ്രയോഗിക്കുന്നതിലേക്ക് നയിക്കില്ലെന്ന് തന്നെയാണ് ലോകത്തിന്റെ പ്രതീക്ഷ.

അതേസമയം, ഭരണകൂട വീഴ്ചകള്‍ മറച്ചുവെക്കാനും രാഷ്ട്രീയ മേല്‍ക്കോയ്മക്കും യുദ്ധഭീതി സൃഷ്ടികളെ കരുവാക്കുന്ന അധികാര സംസ്‌കാരത്തെയാണ് നാം തിരിച്ചറിയേണ്ടത്. അമേരിക്കയുടെയും തിരശ്ശീലക്ക് പിന്നിലുള്ള ഇസ്‌റാഈലിന്റെയുമൊക്കെ ഗൂഢതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് പെരുമാറുന്നതായിരിക്കണം പശ്ചിമേഷ്യന്‍ നേതാക്കളുടെ പ്രഥമ പരിഗണനയിലുണ്ടാകേണ്ടത്. ഇറാന്‍ പ്രശ്‌നത്തില്‍ വീഴുന്ന ഓരോ തുള്ളി ചോരയിലും നഷ്ടം മേഖലക്ക് മാത്രമാണ്; മേഖലയെ അവലംബിച്ച് കഴിയുന്ന ദേശങ്ങള്‍ക്കും.

---- facebook comment plugin here -----

Latest