ഇരുട്ടില്‍ തന്നെ നില്‍ക്കുകയാണോ ഇന്ത്യ?

ജാതീ ശ്രേണിയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയിലെ തോട്ടിപ്പണിക്കാരെക്കുറിച്ച് രാജ്യത്തെ പരമോന്നത കോടതി ആശങ്കയറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ലോകത്ത് മറ്റൊരു രാജ്യത്തും ജനങ്ങളെ മരിക്കാന്‍ ഗ്യാസ് ചേംബറിലേക്കു തള്ളിവിടാറില്ലെന്നും സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിലധികം പിന്നിട്ടിട്ടും ജാതിവിവേചനവും അതിന്റെ പേരിലുള്ള പീഡനങ്ങളും അവഗണനകളും ഇപ്പോഴും രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ചെറുകിട സ്ഥാപനങ്ങള്‍ മുതല്‍ ഉന്നത നിലവാരത്തിലുള്ള സര്‍വകലാശാലകളില്‍ വരെ ജാതീയതയും വിവേചനവും ഇപ്പോഴും സജീവമാണ്. 
Posted on: September 21, 2019 2:10 pm | Last updated: September 21, 2019 at 2:15 pm

ജാതീയമായി വിഭജിക്കപ്പെട്ട ഇന്ത്യയെന്നത് ഇന്നും ഒരു പരമാര്‍ഥമാണ്. ജാതീയമായ വേര്‍തിരിവുകള്‍ നടപ്പില്‍ വരുത്താന്‍ ആവതും ശ്രമിക്കുന്ന സംഘ്പരിവാര്‍ ഉള്‍പ്പെടുന്ന ബ്രാഹ്മണിക്കല്‍ മേധാവിത്വത്തെ ഉടച്ചുവാര്‍ക്കാന്‍ ഇപ്പോഴും നമ്മുടെ ഇന്ത്യക്കായിട്ടില്ല. ജാതീ ശ്രേണിയില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയിലെ തോട്ടിപ്പണിക്കാരെക്കുറിച്ച് രാജ്യത്തെ പരമോന്നത കോടതി ആശങ്കയറിയിച്ചത് കഴിഞ്ഞ ദിവസമാണ്. ലോകത്ത് മറ്റൊരു രാജ്യത്തും ജനങ്ങളെ മരിക്കാന്‍ ഗ്യാസ് ചേംബറിലേക്കു തള്ളിവിടാറില്ലെന്നും സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിലധികം പിന്നിട്ടിട്ടും ജാതിവിവേചനവും അതിന്റെ പേരിലുള്ള പീഡനങ്ങളും അവഗണനകളും ഇപ്പോഴും രാജ്യത്തു നിലനില്‍ക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

മാന്‍ഹോളുകളും ഓടകളും വൃത്തിയാക്കാനിറങ്ങുന്ന തൊഴിലാളികള്‍ക്ക് എന്തുകൊണ്ടാണ് മാസ്‌കും ഓക്സിജന്‍ സിലിന്‍ഡറും അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇപ്പോഴും നല്‍കാത്തതെന്നും കോടതി ആരാഞ്ഞിരുന്നു. എല്ലാ മനുഷ്യരും തുല്യരാണെന്നാണ് ഭരണഘടന പറയുന്നത്. പക്ഷേ, അവര്‍ക്ക് അധികൃതര്‍ തുല്യമായ സംവിധാനങ്ങളൊന്നും നല്‍കുന്നില്ല. ഓടകളും മാന്‍ഹോളുകളും വൃത്തിയാക്കാനിറങ്ങുന്ന അവര്‍ക്ക് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നല്‍കാത്തത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

പറഞ്ഞുവരുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തി നില്‍ക്കുന്ന ഇന്ത്യയെ കുറിച്ചാണ്. നൂറ്റാണ്ടുകളായി ഈ രാജ്യം സഞ്ചരിച്ചിരുന്ന തൊട്ടുകൂടായ്മയുടെയും അവഗണനയുടെയും വഴികളിലൂടെ തന്നെയാണ് ഇപ്പോഴും ദൃശ്യമായും പലപ്പോഴും അദൃശ്യമായും അതിന്റെ സഞ്ചാരം. കര്‍ണാടകയില്‍ താഴ്ന്ന ജാതിക്കാരനായതിന്റെ പേരില്‍ അവഗണനയും വിലക്കും നേരിട്ട ഒരു ജനപ്രതിനിധിയെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു.

മഹാത്മാ ഗാന്ധി

ചെറുകിട സ്ഥാപനങ്ങള്‍ മുതല്‍ ഉന്നത നിലവാരത്തിലുള്ള സര്‍വകലാശാലകളില്‍ വരെ ജാതീയതയും വിവേചനവും ഇപ്പോഴും സജീവമാണ്. അപ്പോള്‍ വിദ്യാഭ്യാസപരമായും വികസനപരമായും ഏറെ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഗ്രാമങ്ങളെ കുറിച്ചും അവിടെ നടക്കുന്ന ജാതി മേല്‍ക്കോയ്മകളെ കുറിച്ചും പറയേണ്ടതില്ലല്ലോ. ഐ ഐ ടികളിലെ ജാതി വിവേചനവും ബ്രാഹ്മണിക്കല്‍ നയങ്ങളും മുമ്പും ഏറെ ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ യൂത്ത് കി ആവാസ് നല്‍കിയ വിവരാവകാശ നിയമപ്രകാരമുള്ള ഒരു ചോദ്യത്തിന് ലഭിച്ച മറുപടി ഇന്ത്യയിലെ ഐ ഐ ടികളില്‍ പോലും ജാതി വിവേചനം എത്രത്തോളം ഭീകരമാണെന്നു വ്യക്തമാക്കുന്നു. നിരവധി വിദ്യാര്‍ഥികളെ ജാതിയുടെ പേരില്‍ സ്ഥാപനത്തില്‍ നിന്ന് തന്ത്രപരമായി നീക്കം ചെയ്യുന്നുവെന്നാണ് കണ്ടെത്തല്‍. ഐ ഐ ടി കാണ്‍പൂരില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളില്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ഒരു വിദ്യാര്‍ഥി പോലുമില്ലെത്രെ.

വള്ളത്തോള്‍

2012 മുതല്‍ 2016 വരെ സസ്പെന്‍ഡ് ചെയ്യപ്പെട്ട 60 പേരില്‍ മുഴുവന്‍ പേരും എസ് സി, എസ് ടി, ഒ ബി സി, പിഡബ്‌ള്യൂ ഡി വിഭാഗങ്ങളിലുള്ളവരാണ്. ജനറല്‍ വിഭാഗങ്ങളില്‍ നിന്ന് ഒരാളുമില്ല. 2017ല്‍ എസ് സി, എസ് ടി, ഒ ബി സി, പി ഡബ്‌ള്യൂ ഡി വിഭാഗങ്ങളിലെ 48 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ജനറല്‍ വിഭാഗത്തില്‍ നിന്ന് ആറ് പേരെ സസ്പെന്‍ഡ് ചെയ്തെന്നും വിവരാവകാശ രേഖകള്‍ പറയുന്നു. അതേസമയം, ജാതി നോക്കിയല്ല വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുമ്പോഴും അതിനെയെല്ലാം അപ്രസക്തമാക്കും വിധത്തില്‍ തെളിവുകള്‍ സംസാരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യം ഭരിക്കുന്ന കേന്ദ്ര ഭരണകൂടത്തിന് ചില പ്രത്യേക താത്പര്യങ്ങളുണ്ട്. അവരുടെ ഭാവനയിലുള്ള ഭാവി ഭാരത രാജ്യത്തിനുമുണ്ട് ചില സവിശേഷതകള്‍. ആസൂത്രിതമായി പദ്ധതികള്‍ ആവിഷ്‌കരിച്ച് യാഥാര്‍ഥ്യമാക്കാന്‍ അവര്‍ താത്പര്യപ്പെടുന്ന ആ ഇന്ത്യയില്‍ ജാതീയ വിവേചനം കുറയാന്‍ സാധ്യത വളരെ കുറവാണ്. കാരണം സംഘ്പരിവാര്‍ സ്വപ്‌നം കാണുന്ന ഇന്ത്യ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും സ്വഭാവങ്ങള്‍ പുലര്‍ത്തുന്ന ബ്രാഹ്മണിക്കല്‍ ഇന്ത്യയാണ്. അവിടെ താഴ്ന്നവരും ജാതീയമായി പുറം പോക്കില്‍ നില്‍ക്കുന്നവരും സവര്‍ണ മാടമ്പിത്തത്തിന്റെ കാഴ്ചപ്പുറത്ത് നിന്നും കേള്‍വിപ്പുറത്തു നിന്നും ഏറെ അകലെയായിരിക്കും.

അംബേദ്കര്‍

അവരുടെ സങ്കല്‍പ്പത്തിലെ ഇന്ത്യക്ക് സവര്‍ണ മനോഭാവമുണ്ട്, സവര്‍ണ മേധാവിത്വമുണ്ട്. ജാതിയില്‍ താഴ്ന്നവരെല്ലാം താഴ്ന്ന ജോലികളില്‍ മാത്രം ഏര്‍പ്പെടുകയും വില കുറഞ്ഞ ജീവിതം നയിക്കുകയും ചെയ്യണമെന്ന് പരമ്പരാഗതമായി അവര്‍ വിശ്വസിക്കുന്നു. അങ്ങനെ താഴ്ന്ന ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജാതിയുടെ അടിസ്ഥാനത്തിലുള്ള സൗകര്യങ്ങളേ നല്‍കേണ്ടതുള്ളൂവെന്ന് അവര്‍ വിശ്വസിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസപരമായി താഴ്ന്ന ജാതിക്കാര്‍ ഉയര്‍ന്നു വരുന്നതിനെതിരെ കാലങ്ങളായി സംഘ്പരിവാറിനകത്ത് ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേരളം പോലുള്ള, വിദ്യാഭ്യാസപരമായി മുന്നിട്ടു നില്‍ക്കുന്ന ചില അപൂര്‍വം സംസ്ഥാനങ്ങളില്‍ ഒഴികെ സംഘ്പരിവാര്‍ അവരുടെ അജന്‍ഡകള്‍ കൃത്യമായി നടപ്പാക്കാനും ശ്രമിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആ നിലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ആസൂത്രണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ജാതീയമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ക്ലാസ് റൂമിലെത്തി അതിനെ ചോദ്യം ചെയ്യുകയും ജാതീയമായി പിന്നാക്കം നില്‍ക്കുന്ന ആ കുട്ടികള്‍ക്ക് നേരെ അക്രമത്തിന്റെ ഭാഷ പുറത്തെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അതായത് അയിത്തവും ജാതീയ വിവേചനങ്ങളും സാമ്പ്രദായിക വഴികളിലൂടെ തന്നെ നിലനിന്നു കാണണമെന്ന് താത്പര്യപ്പെടുന്നവരുടെ കൈവശമാണ് ഇപ്പോള്‍ ഇന്ത്യ. അവിടെ തോട്ടിപ്പണി ചെയ്യുന്ന താഴ്ന്ന ജാതിക്കാരന് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടാകില്ല. അവന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുള്ളവരുമുണ്ടാകില്ല. മഹാത്മാ ഗാന്ധി മുതല്‍ ഇങ്ങോട്ട് ഇന്ത്യയുടെ സമുന്നത നേതാക്കളെല്ലാം ജാതീയതയെയും തൊട്ടുകൂടായ്മയെയും നഖശിഖാന്തം എതിര്‍ത്തു തോല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും ബ്രാഹ്മണിക്കല്‍ സമൂഹം രാഷ്ട്രീയത്തിലും മറ്റുമുള്ള സ്വാധീനത്തെ പ്രയോജനപ്പെടുത്തി അവരുടെ മേധാവിത്വം ഉറപ്പിക്കുകയും ജാതിയില്‍ താഴ്ന്നവരോട് പരമാവധി അകലം പാലിക്കുകയും ചെയ്യുന്നു. അയിത്താചരണം ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

അത് ഹിന്ദു മതത്തിന്റെ ഭാഗമായിരുന്നുവെങ്കില്‍ ഹിന്ദുമതം തന്റേതല്ലെന്നും ഞാന്‍ കരുതിയിരുന്നു എന്ന് അയിത്താചരണത്തെ കുറിച്ചും ജാതീയതയെ കുറിച്ചും മഹാത്മാ ഗാന്ധി പറഞ്ഞുവെച്ചിട്ടുണ്ട്. നമ്മുടെ ദുര്‍ബലരായ സഹോദരങ്ങള്‍ക്കെതിരെ നാം ചെയ്തു കൊണ്ടിരിക്കുന്ന പാപവൃത്തിയില്‍ നിന്ന് നാം മോചിതമാകാത്ത കാലത്തോളം നാം മൃഗങ്ങളില്‍ നിന്ന് ഒട്ടും മെച്ചപ്പെട്ടവരല്ലെന്നും ഗാന്ധി ഓര്‍മപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ചില ഗ്രാമങ്ങളില്‍ ചീഞ്ഞ മാംസ ഭോജനം നടത്തിയിരുന്ന ചില വിഭാഗങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ ജാതിയില്‍ താഴ്ന്ന ഈ വിഭാഗം അങ്ങനെയുള്ള മാംസ ഭോജനം അവസാനിപ്പിച്ചു. ഇതറിഞ്ഞ് ബ്രാഹ്മണിക്കല്‍ മനോഭാവം പുലര്‍ത്തുന്ന ചിലര്‍ ഇവരെ മര്‍ദിച്ചതായും ഈ ചീഞ്ഞ മാംസം തിന്നുന്നത് അവരുടെ മതപരമായ ആചാരമാണെന്ന് ഓര്‍മപ്പെടുത്തി വീണ്ടും ചീഞ്ഞ മാംസ ഭോജനത്തിന് നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ച് ഡോ. അംബേദ്കര്‍ മഹാത്മാഗാന്ധിയോട് പറയുന്നുണ്ട്. അന്നത്തെ ഇന്ത്യയില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഇന്നത്തെ ഇന്ത്യക്കുണ്ടായിട്ടില്ല. താഴ്ന്ന ജാതിക്കാര്‍ ഇപ്പോഴും വിവിധ തരത്തിലുള്ള അവഗണനകളും മാറ്റിനിര്‍ത്തപ്പെടലുകളും നേരിട്ടുകൊണ്ടിരിക്കുന്നു. താഴ്ന്ന ജാതിയില്‍ പെട്ടവര്‍ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളെ കുറിച്ചും അവഗണനയെ കുറിച്ചും ഒടുക്കം സുപ്രീം കോടതിക്ക് വരെ ആശങ്കപ്പെടേണ്ടി വന്നു. ചുറ്റുമുള്ള രാജ്യങ്ങള്‍ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ എന്റെ ദൈവമേ ഈ രാജ്യം ഇരുട്ടില്‍ തന്നെയായിപ്പോകുമോ എന്ന് വള്ളത്തോള്‍ ദുഃഖിച്ച് കരയുകയുണ്ടായി. ഈ രാജ്യത്തിന്റെ ഇരുട്ടുനീങ്ങി വെളിച്ചമെത്തിയോ എന്ന് ഇക്കാലത്തും വലിയ ചോദ്യമായി നിലനില്‍ക്കുന്നു.