Connect with us

Kerala

സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഒമ്പത് ദിവസം മാത്രം; കേരളം വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്

Published

|

Last Updated

കോഴിക്കോട്: പാലാ ചൂടില്‍ നില്‍ക്കുന്ന രാഷ്ട്രീയ കേരളം ഇനി ഉപതിരഞ്ഞെടുപ്പിന്റെ പുതിയ അങ്കത്തട്ടിലേക്ക്. ഒക്ടോബര്‍ 21 ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പത്രിക സമര്‍പ്പിക്കാന്‍ ഇനിയുള്ളത് ഒമ്പത് ദിവസങ്ങള്‍ മാത്രം.

ഒക്ടോബര്‍ 23 ന് തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍കാവ് വരെ നീളുന്ന കേരളത്തിലെ നിയമസഭമണ്ഡലങ്ങളൊന്നാകെ തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലേക്ക് കടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനവും മറ്റന്നാളാണ്.

കോന്നി, വട്ടിയൂര്‍കാവ്, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ്.പ്രതിനിധികള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനാലാണ് നാലു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.എംഎല്‍എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവ കോണ്‍ഗ്രസിന്റെയും അരൂര്‍ സിപിഎമ്മിന്റെയും മഞ്ചേശ്വരം മുസ്ലിം ലീഗിന്റെയും സിറ്റിംഗ് സീറ്റുകളാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടക്കുമെന്ന സാഹചര്യത്തില്‍ കേരളത്തിലെ ഒമ്പത് മണ്ഡലങ്ങളില്‍ നിന്നുള്ള എം എല്‍ എ മാരെ സ്ഥാനാര്‍ഥികളാക്കുകയായിരുന്നു. മത്സരിച്ചവരില്‍ നാലു പേരാണ് വിജയിച്ചത്. ഹൈബി ഈഡന്‍ എറണാകുളത്തും വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരന്‍ വടകരയിലും അരൂര്‍ എംഎല്‍എ ആരിഫ് ആലപ്പുഴയിലും എറണാകുളം എംഎല്‍എ കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങളിലും വിജയിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണുള്ളതെന്ന ശ്രദ്ധേയ സാഹചര്യം മുന്നണികളെ ആശങ്കയിലാക്കുമെന്ന കാര്യം ഉറപ്പാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അടിയന്തര യോഗം 24 ന് തീരുമാനിച്ചിട്ടുണ്ട്. കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗവും ഉടനുണ്ടാകും. തിരഞ്ഞെടുപ്പ് വിജ്ഞാപനവും മറ്റന്നാളാണ്. പാലായിലെ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റന്നാള്‍ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏഴു ദിവസം മാത്രമാണ് പത്രിക നല്‍കാന്‍ സമയം നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ മുന്നണികള്‍ക്കിടയില്‍ ഇനിയുള്ള ചൂടേറിയ ചര്‍ച്ച ഉപതിരഞ്ഞെടുപ്പ് തന്നെയാകും.

Latest