കിഫ്ബി, കിയാൽ, ട്രാൻസ്ഗ്രിഡ് പാലാരിവട്ടം പ്രതിരോധിക്കാൻ ആരോപണ പരമ്പരയുമായി പ്രതിപക്ഷം

Posted on: September 21, 2019 11:17 am | Last updated: September 21, 2019 at 2:44 pm

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്ക് പിന്നാലെ പാലാരിവട്ടം പാലം അഴിമതിയിലും മുൻ മന്ത്രിയുൾപ്പെടെയുള്ള യു ഡി എഫ് നേതാക്കൾക്കെതിരെ തെളിവുകൾ പുറത്തുവന്നപ്പോൾ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാറിനെതിരെ ആരോപണ പരമ്പരയുമായി പ്രതിപക്ഷം രംഗത്ത്.

നേരത്തേ ഉന്നയിച്ച കിഫ്ബിക്കെതിരായ ആരോപണങ്ങൾക്ക് പുറമെ കണ്ണൂർ അന്താരാഷ്ട്ര എയർപ്പോർട്ടുമായി ബന്ധപ്പെട്ട സി എ ജി ഓഡിറ്റും കെ എസ് ഇ ബിക്ക് വേണ്ടി സർക്കാർ ഒപ്പിട്ട ട്രാൻസ്ഗ്രിഡ് പദ്ധതിയിലും പുതിയ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. കിയാലിലെ ഓഡിറ്റും കിഫ്ബി ക്രമക്കേടും ട്രാൻസ്ഗ്രിഡ് അഴിമതിയുമടക്കം ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സംസ്ഥാന സർക്കാറിനെതിരെ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.

കണ്ണൂർ വിമാനത്താവളത്തിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും മൂടിവെക്കാനാണ് ഇവിടെ സമ്പൂർണ സി എ ജി ഓഡിറ്റ് നടത്താൻ സർക്കാർ അനുമതി നൽകാത്തതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതുവഴി കണ്ണൂർ വിമാനത്തവാളത്തിൽ അനധികൃതമായി നിയമിച്ചിരിക്കുന്ന പല സി പി എം നേതാക്കളുടെ മക്കളെയും രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സി എ ജി ഓഡിറ്റിംഗിന് അനുമതി നൽകിയാൽ നിയമനത്തിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പുറത്തു വരുമെന്ന ഭയമാണ് സമ്പൂർണ സി എ ജി ഓഡിറ്റിംഗിനെ എതിർക്കാർ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. സമാനമായ രീതിയിലുള്ള വലിയ ക്രമക്കേടാണ് കിഫ്ബിയുടെ പേരിലും നടക്കുന്നത്.
ഇതുവരെ അഞ്ച് പ്രമുഖ കമ്പനികൾക്ക് വേണ്ടി സർക്കാർ കിഫ്ബി ഫണ്ട് വക മാറ്റി ചെലവാക്കിയിട്ടുണ്ട്. 11 ലക്ഷം രൂപ ചെലവ് വരുന്ന മണ്ണ് മാറ്റൽ പദ്ധതി 1.11 കോടിക്കാണ് കിഫ്ബി നടപ്പാക്കിയത്. ഇക്കാര്യങ്ങളിലെല്ലാം ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഇതിനായി കിഫ്ബിയുടെ നടത്തിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം അനിവാര്യമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കിയാൽ സർക്കാർ കമ്പനിയല്ലെന്നാണ് സി എ ജിയുടെ സമ്പൂർണ ഓഡിറ്റിംഗിനെ സർക്കാർ എതിർക്കാൻ ചൂണ്ടിക്കാട്ടുന്ന വിശദീകരണം. എന്നാൽ സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 65 ശതമാനം ഓഹരിയുള്ള മുഖ്യമന്ത്രി അധ്യക്ഷനായ കിയാൽ എങ്ങിനെ സർക്കാർ കമ്പനിയല്ലാതാകുമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം.

1956ലെ കമ്പനി നിയമത്തിൽ സർക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കൂടുതൽ ഓഹരിയുള്ള സ്ഥാപനത്തിൽ സി എ ജി ഓഡിറ്റ് നിർബന്ധമാണെന്ന ചട്ടം ഉന്നയിച്ചാണ് പ്രതിപക്ഷം സർക്കാർ വിശദീകരണം തള്ളുന്നത്.

അതുപോലെ കിഫ്ബി, കിയാൽ വിഷയങ്ങൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നടപ്പാക്കിയ ട്രാൻസ്ഗ്രിഡ് പദ്ധതിയിലും വൻതോതിൽ അഴിമതി നടന്നതായും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

പാർലിമെന്റ് തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴാണ് ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ കരാരിൽ സർക്കാർ ഒപ്പിട്ടതെന്നാണ് ക്രമക്കേടിന് തെളിവായി പ്രതിപക്ഷം ഉന്നയിക്കുന്നത്. കെ എസ് ഇ ബിക്ക് വേണ്ടി ഈ കരാർ ഒപ്പിട്ട ചീഫ് എൻജിനീയർ ഇപ്പോൾ കരാർ കമ്പനിയായ ടെറാനസിന്റെ ചീഫ് എൻജിനീയറാണ്. പവർ ഫൈനാൻസ് കോർപറേഷനും ഈ അഴിമതിക്ക് കൂട്ടുനിന്നുവെന്നും ആക്ഷേപിക്കുന്ന പ്രതിപക്ഷം, പദ്ധതിയുടെ ഭാഗമായ കോട്ടയം ലൈനിലും കുന്നത്തുനാട് ലൈനിലും വലിയ ക്രമക്കേടുകൾ നടന്നതായും വ്യക്തമാക്കുന്നു.

ഇടുക്കി ചിത്തിരപ്പുരം ട്രാൻസ് ഗ്രിഡ് പദ്ധതിക്ക് 11 ലക്ഷം രൂപ വകയിരുത്തിയ ശേഷം 11 കോടിക്കാണ് പദ്ധതി നടപ്പാക്കിയതെന്നും കുറ്റപ്പെടുത്തുന്നുണ്ട്. വികസനത്തിന്റെ മറവിൽ അഴിമതി നടത്തുന്ന സർക്കാർ , ഉപതിരഞ്ഞെടുപ്പ് സമയത്ത് പാലാരിവട്ടം ഉയർത്തിക്കൊണ്ടുവന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സമർഥിക്കാനും ശ്രമിക്കുന്നുണ്ട്.