കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു

  Posted on: September 21, 2019 11:01 am | Last updated: September 22, 2019 at 10:30 am

  ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം ഒക്ടോബര്‍ 21നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിലേതടക്കം രാജ്യത്തെ 64 നിയമസഭകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. കോന്നി, വട്ടിയൂര്‍കാവ്, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ്. പ്രതിനിധികള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതിനാലാണ് നാലു മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എംഎല്‍എയായിരുന്ന പി.ബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെയാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

  തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബര്‍ 21 ന് തന്നെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണെല്‍ 24 നും നടക്കും. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തിരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ നാല്.  പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴാണ്. അഞ്ചിന് സൂക്ഷ്മ പരിശോധനയും നടക്കും. കേരളത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന തിയതി സെപ്തംബര്‍ 30 നാണ്. 23 മുതല്‍ പത്രിക സമര്‍പ്പണം ആരംഭിക്കും.

  പ്രതിനിധി ഇല്ലാതായി ആറ് മാസത്തിനകം തിരഞ്ഞടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമനുസരിച്ച് ഒന്നരമാസത്തെ കാലാവധി കൂടി ബാക്കിയുണ്ടെങ്കിലും തിയതി പ്രഖ്യാപിക്കുകയായിരുന്നു.

  മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കും ഹരിയാനയിലെ 90 സീറ്റിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. 8.94 കോടിയും ഹരിയാനയില്‍ 1.28 കോടി വോട്ടര്‍മാരുമാണുള്ളത്.

  ഹരിയാനയില്‍ ഭരണത്തിലുള്ള ബിജെപിക്ക് 48 ഉം എസ് എ ഡി 1 ഉം സീറ്റാണ് ആണ് നിലവിലുള്ളത്. മഹാരാഷ്ട്രയില്‍ ബി ജെ പിക്ക് 122 സീറ്റുണ്ട്.

  പാലാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്‍ക്കുന്ന രാഷ്ട്രീയ കേരളം വോട്ടെടുപ്പിന്റെ പുതിയ അങ്കതട്ടിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഇനി ഒമ്പത് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇനിയുള്ള ദിവസങ്ങള്‍ മുന്നണികള്‍ക്ക് തിരക്കിട്ട ദിനങ്ങളാകും. എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് എന്നിവ കോണ്‍ഗ്രസിന്റെയും അരൂര്‍ സിപിഎമ്മിന്റെയും മഞ്ചേശ്വരം മുസ്ലിം ലീഗിന്റെയും സിറ്റിങ് സീറ്റുകളാണ്.