വൈദ്യുതിയുടെ പിതാവിന്റെ കഥ

സെപ്തംബർ 22 മൈക്കൽ ഫാരഡേ ജന്മദിനം
Posted on: September 20, 2019 10:22 pm | Last updated: September 20, 2019 at 10:23 pm

ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രപ്രതിഭയാണ് മൈക്കൽ ഫാരഡെ.
1791 സെപ്തംബർ 22ന് തെക്കൻ ലണ്ടനിലാണ് മൈക്കൽ ഫാരഡേ ജനിച്ചത്. ദാരിദ്ര്യം മൂലം ബാല്യം ദുരിതപൂർണമായിരുന്നു. അഞ്ചാം വയസ്സിൽ മാഞ്ചസ്റ്ററിലെ പ്രാഥമിക വിദ്യാലയത്തിൽ ചേർന്നെങ്കിലും ദാരിദ്ര്യം കാരണം പഠനം തുടരാനാകാതെ 13-ാം വയസ്സിൽ ജോലിക്ക് പോകേണ്ടി വന്നു. പുസ്തകങ്ങൾ തുന്നിക്കെട്ടുന്ന ജോലിയായിരുന്നു തുടക്കത്തിൽ ലഭിച്ചത്. ഇത് കൂടുതൽ പുസ്തകങ്ങൾ വായിക്കാനുള്ള അവസരമുണ്ടാക്കുകയും ഗൗരവമേറിയ വായനയിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തു. റോയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വൈദ്യുതിയെ കുറിച്ചുള്ള പ്രമുഖ ശാസ്ത്രജ്ഞൻ ഹംഫ്രി ഡേവിയുടെ പ്രസംഗം കേൾക്കാനിടയായത് ഫാരഡേയുടെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. കാന്തിക മണ്ഡലവും വൈദ്യുതിയും തമ്മിൽ ബന്ധമുണ്ടെന്ന അദ്ദേഹത്തിന്റെ വാദം പരീക്ഷണങ്ങൾ വഴി അംഗീകരിക്കപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന് സർ പദവി ലഭിച്ചു. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള വഴി കണ്ടെത്തിയ ഫാരഡേയാണ് വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നത്.

കാന്തവും കമ്പിച്ചുരുളും ഉപയോഗിച്ച് വൈദ്യുതി നിർമിക്കാമെന്ന ഫാരഡേയുടെ കണ്ടെത്തലാണ് ഡൈനാമോയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഫാരഡേയുടെ കണ്ടുപിടിത്തം പലപ്പോഴും ഭൗതിക ശാസ്ത്രത്തിൽ നിന്ന് രസതന്ത്രത്തിലേക്കെത്തുകയുണ്ടായി. 1820 ൽ കാർബണിന്റെയും ക്ലോറിന്റെയും സംയുക്തങ്ങൾ ആദേശ രാസപ്രവർത്തനം വഴി നിർമിച്ചു. ഇലക്‌ട്രോമാഗ്‌നെറ്റിസം , ഇലക്‌ട്രോ കെമിസ്ട്രി എന്നിവയും ഫാരഡേയുടെ കണ്ടെത്തലാണ്. മഹത്തായ നിരവധി സംഭാവനകൾ ശാസ്ത്രലോകത്തിന് നൽകിയ ആ പ്രതിഭ 1867 ആഗസ്റ്റ് 25ന് 75-ാം വയസ്സിൽ ലണ്ടനിലെ നെവിംഗ്ടണിൽ അന്തരിച്ചു.