തിരൂരിന്റെ വെറ്റിലപ്പച്ച

നമ്മുടെ സ്വന്തം തിരൂർ വെറ്റിലക്ക് ഭൗമസൂചികാ പദവി ലഭിക്കുകയുണ്ടായല്ലോ. ഉത്തരേന്ത്യയിലും ഇന്ത്യയുടെ അയൽരാജ്യങ്ങളിലും പ്രിയങ്കരനാണ് തിരൂർ വെറ്റില. വെറ്റിലയെയും ഭൗമസൂചികാ പദവിയെയും കുറിച്ച്...
Posted on: September 20, 2019 10:17 pm | Last updated: September 20, 2019 at 10:19 pm
ഔഷധഗുണമുള്ള
വള്ളിച്ചെടി

പൈപ്പെറേസീ (Piperaceae) കുടുംബത്തിൽപ്പെട്ട ഔഷധമൂല്യമുള്ള വള്ളിച്ചെടിയാണ് വെറ്റില. ഇലരൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം കൂടിയാണിത്. ചിലതരം രോഗങ്ങൾക്ക് പ്രതിരോധമരുന്നായും വെറ്റില ഉപയോഗപ്പെടുത്തുന്നുണ്ട്. അതിപുരാതന കാലംതൊട്ടേ ഇന്ത്യയിൽ വെറ്റില കൃഷി ചെയ്തു വരുന്നു. ഇതിന്റെ ഇല മുറുക്കാനും പാനിലും ചേർത്ത് ഉപയോഗിക്കുന്നുണ്ട്. സിംഗപ്പൂരും മലായയുമാണ് ജന്മദേശമെന്ന് പറയപ്പെടുന്നു. ഇന്ത്യയിൽ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ചതുപ്പുപ്രദേശങ്ങളിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.
കേരളത്തിലെ വെറ്റില കൃഷിയുടെ ആസ്ഥാനമാണ് മലപ്പുറം ജില്ലയിലെ തിരൂർ. ആലപ്പുഴയിലെ വെൺമണി പ്രദേശത്തും വെറ്റില കൃഷിയുണ്ട്. പ്രധാനമായും ഉൾനാടൻ പ്രദേശങ്ങളിലാണ് കേരളത്തിൽ വെറ്റില കൃഷിയുള്ളത്. നീർവാർച്ചയും വളക്കൂറുമുള്ള മണ്ണുണ്ടെങ്കിൽ വെറ്റിലക്ക് നല്ല വളർച്ച ലഭിക്കും. അടക്ക, തെങ്ങിൻ തോപ്പുകളിൽ ഇടവിളയായും ഇവ വളർത്തുന്നുണ്ട്.

വെറ്റിലക്കായൊരു
പോസ്റ്റ് ഓഫീസ്

ഇതരരാജ്യങ്ങളിലെ വ്യാപാരികളുമായി കത്തിടപാടുകൾ നടത്താൻ കർഷകർ ബുദ്ധിമുട്ട് നേരിട്ടതോടെ തപാൽ വകുപ്പ് പാൻബസാറിൽ ഒരു ഓഫീസ് സ്ഥാപിക്കുകയുണ്ടായി. വെറ്റില കൃഷി സംബന്ധമായ കത്തിടപാടുകൾക്ക് മാത്രമായി സജ്ജീകരിച്ച ഓഫീസ് വഴി ഉർദുവിലും ഹിന്ദിയിലുമായി ഉത്തരേന്ത്യയിലേക്കും മറ്റിടങ്ങളിലേക്കും തിരിച്ചും കത്തുകൾ പ്രവഹിച്ചു. എന്നാൽ, പിന്നീട് കച്ചവടം കുറഞ്ഞതോടെ പാൻബസാറിലെ തിരൂർ ഈസ്റ്റ് തപാൽ ഓഫീസ് മാറ്റുകയുണ്ടായി.

ലോകമറിഞ്ഞ
തിരൂർ വെറ്റില

1880കളിൽത്തന്നെ തിരൂർ മേഖലയിൽ വെറ്റില കൃഷി സജീവമായിരുന്നു. പ്രദേശത്തെ 95 ശതമാനം പേരും വെറ്റിലയാണ് ഉപജീവനമാർഗമായി കണ്ടിരുന്നത്. വെറ്റിലയുടെ ഗുണമറിഞ്ഞ് പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് വ്യാപാരികൾ തിരൂരിലെത്തിയിരുന്നു. ഇതരരാജ്യങ്ങളിൽ നിന്നുള്ള കച്ചവടക്കാർ തിരൂരിൽ സജീവമായതോടെ ഇതരഭാഷകൾ പരിചയപ്പെടാൻ തിരൂരുകാർക്കായി. ഉത്തരേന്ത്യയിൽ നിന്നുള്ള വ്യാപാരികൾ ഇവിടെയെത്തിയതോടെ തിരൂരുകാർ ഉർദു പഠിച്ചു. തുടർന്ന് കത്തിടപാടുകളെല്ലാം ഉർദുവിലായി.

തിരിച്ചടികളും
അതിജീവനവും

വിഷം തളിക്കാത്തതും ഗുണമേന്മയേറിയതുമായ വെറ്റിലയാണെന്ന കാരണത്താൽ അയൽരാജ്യങ്ങളിലെ നിരവധിയാളുകൾ തിരൂർ വെറ്റിലയുടെ ഉപഭോക്താക്കളായുണ്ടായിരുന്നു. അന്ന് പ്രതിദിനം 20 ക്വിന്റലിലധികം വെറ്റില കയറ്റുമതി ചെയ്തിരുന്നു. ഇത് കർഷകരുടെ വരുമാനം വർധിക്കാനിടയാക്കി. അതേത്തുടർന്നാണ് പാൻബസാറെന്ന പേരിൽ തിരൂരിൽ ഒരു ചന്ത തന്നെ സ്ഥാപിക്കപ്പെടുന്നത്. അന്നേയുള്ള കാത്തിരിപ്പിന് വിരാമമാകുന്നത് ഈ ഭൗമസൂചികാ പദവി ലഭിച്ചതോടെയാണ്.

കാർഷിക കേരളത്തിന്റെ പ്രധാന ഇനമായി അതിവേഗം മുന്നേറിയ വെറ്റിലക്ക് ഇടക്ക് ചില തിരിച്ചടികളും നേരിടേണ്ടിവന്നിട്ടുണ്ട്. ശ്രീലങ്കയിൽ വെറ്റില കൃഷി വർധിച്ചത് തിരൂർ വെറ്റിലയുടെ കച്ചവടത്തിൽ ഗണ്യമായ കുറവ് വരുത്തി. 1990കളുടെ അന്ത്യത്തോടെയായിരുന്നു ഇത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വന്നതോടെ കയറ്റുമതിയെ സാരമായി ബാധിക്കുകയും തന്മൂലം ബിസിനസ് താറുമാറാകുകയും ചെയ്തു. ഇത് ശ്രീലങ്ക മുതലെടുക്കുക കൂടി ചെയ്തതോടെ തിരൂരിലെ കർഷകരുടെ വരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചു. കർഷകരുടെ എണ്ണം നാമമാത്രമായി കുറഞ്ഞു. പിന്നീട് കേരളത്തിലെയും ഇന്ത്യൻ സംസ്ഥാനങ്ങളിലെയും വിപണിസാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് തിരൂർ വെറ്റില പഴയ പ്രതാപം വീണ്ടെടുത്തത്.

തിരൂരിൽ നിന്ന്
രാജ്യാതിർത്തി ഭേദിച്ച്…

ഭൗമസൂചികാ പദവി ലഭിച്ചതോടെ തിരൂർ വെറ്റിലയുടെ പ്രശസ്തി ഇനി കൂടുതൽ രാജ്യങ്ങൾ കടക്കും. ഉത്തരേന്ത്യക്കാരും ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ളവരും തിരൂർ വെറ്റിലയെ പ്രിയംവെക്കുന്നവരാണ്. മലപ്പുറം ജില്ലയിലെ തിരൂർ, തിരൂരങ്ങാടി, താനൂർ, കോട്ടക്കൽ, കുറ്റിപ്പുറം, വേങ്ങര എന്നീ പ്രദേശങ്ങളാണ് ഈ വെറ്റില കൃഷിയുടെ ആസ്ഥാനം. പുതുക്കൊടി, നാടൻ എന്നിവയാണ് ഏറെ പ്രശസ്തമായ ഇനങ്ങൾ. കുഴിനാടൻ, കരിനാടൻ, ചേലൻ എന്നീ പരമ്പരാഗത ഇനങ്ങളും കൃഷിചെയ്യുന്നുണ്ട്.
കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സമിതിയുടെ നേതൃത്വത്തിലാണ് പദവി നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നത്. പദവി ലഭിച്ചതോടെ തിരൂരിന്റെ സാമ്പത്തികവും കാർഷികവുമായ ഉന്നമനത്തിന് കൂടുതൽ വഴിതെളിക്കുന്നതാകും. പദവി ലഭിച്ച തിരൂർ വെറ്റില പ്രത്യേക ബ്രാൻഡായിട്ടാണ് അറിയപ്പെടുക. അതിനാൽത്തന്നെ അന്താരാഷ്ട്ര വിപണിയിൽ ഈ വെറ്റിലക്ക് ആവശ്യക്കാരേറുന്നതും, നല്ല വില ലഭിക്കുന്നതും വെറ്റില കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.

എരിവാണ് താരം

ഭംഗിയുള്ളതും കനം കുറഞ്ഞതും ഔഷധഗുണമുള്ളതുമാണ് തിരൂർ വെറ്റില. എരിവാണ് തിരൂർ വെറ്റിലയുടെ ഏറ്റവും വലിയ പ്രത്യേകത. ഈയൊരു പ്രത്യേകത തന്നെയാണ് ഉത്തരേന്ത്യക്കാരെയും അയൽരാജ്യക്കാരെയും ഇതിനോട് കൂടുതൽ അടുപ്പിക്കുന്നതും. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്കാണ് തിരൂർ വെറ്റില പ്രധാനമായും കയറ്റി അയക്കുന്നത്.

ഭൗമസൂചികാ
പദവി എന്നാൽ…

ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണമേന്മ അത് ഉത്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ തിരിച്ചറിയാൻ വേണ്ടി നൽകുന്നതാണ് ഭൗമസൂചികാ പദവി. കേന്ദ്ര വാണിജ്യമന്ത്രാലയമാണ് ഈ പദവി നൽകുന്നത്. കേരളത്തിലെ നിരവധി ഉത്പന്നങ്ങൾക്ക് ഈ പദവി ലഭിച്ചിട്ടുണ്ട്. നിലമ്പൂർ തേക്ക്, ആറന്മുള വാൽക്കണ്ണാടി, ആലപ്പുഴ കയർ, പാലക്കാടൻ മട്ട, വാഴക്കുളം പൈനാപ്പിൾ, ആലപ്പുഴ പച്ച ഏലം, മലബാർ കുരുമുളക്, മറയൂർ ശർക്കര എന്നിവ അവയിൽ ചിലതാണ്.
.