പാലാരിവട്ടം പാലം: ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു; മുന്‍കൂര്‍ പണം നല്‍കിയത് മന്ത്രിസഭാ യോഗ തീരുമാനപ്രകാരം- ഉമ്മന്‍ ചാണ്ടി

Posted on: September 20, 2019 8:44 pm | Last updated: September 21, 2019 at 11:20 am

പാലാ: പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഴിമതി കാണിച്ചവര്‍ നിയമത്തിന് മുന്നില്‍ വരണമെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന മനഃസാക്ഷിയുടെ ശക്തിയിലാണ് ഇത് പറയുന്നതെന്നും പാലായില്‍ വാര്‍ത്തസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അഴിമതി കാണിച്ചവര്‍ നിയമത്തിന് മുന്നില്‍ വരണം.കോടിയേരിയുടെ രാഷ്ട്രീയ മുതലെടുപ്പ് തന്റെയടുത്ത് വിലപ്പോകില്ലെന്ന് പാലാരിവട്ടം കേസില്‍ ഉമ്മന്‍ ചാണ്ടിക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്ന സി പി എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.പ്രകോപനപരമായ പ്രസ്താവനയിറക്കി ആര്‍ക്കെങ്കിലുമെതിരെ പ്രതികരിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ വിജയിക്കില്ല. കേസുമായി ബന്ധപ്പെട്ട് ആരെയും തള്ളിപ്പറയില്ല. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കിയത് അടക്കം തീരുമാനങ്ങള്‍ മന്ത്രിസഭ യോഗത്തിന്‍േറതാണ്. പണി സമയബന്ധിതമായി തീര്‍ക്കാന്‍ അത്തരത്തില്‍ പല തീരുമാനങ്ങളും എടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.