രണ്ട് എക്‌സ്പ്രസ് ബസ് സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും

Posted on: September 20, 2019 8:27 pm | Last updated: September 20, 2019 at 8:29 pm

അബുദാബി: അബുദാബിയില്‍ രണ്ട് എക്‌സ്പ്രസ് ബസ് സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ളതാണ് ഇതിലൊന്ന്. മുശ്‌രിഫ് പ്രദേശത്തെ ക്രിസ്ത്യന്‍ പള്ളികളെ തമ്മില്‍ ബന്ധപ്പെടുത്തികൊണ്ടുള്ളതാണ് ഇത്. നമ്പര്‍ എക്‌സ് 09 ബസ് അബുദാബി ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെട്ട് പള്ളികളിലൂടെ സഞ്ചരിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ഒമ്പത് വരെ അര മണിക്കൂര്‍ ഇടവേളകളില്‍ ബസ് സര്‍വീസ് നടത്തും.

ഈ സര്‍വീസ് വെള്ളിയാഴ്ചകളില്‍ മാത്രമായിരിക്കും. മുഹമ്മദ് ബിന്‍ സായിദ് സിറ്റിയും അല്‍ സഹിയ എയര്‍ ടെര്‍മിനലും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് അടുത്ത സര്‍വീസ്. നമ്പര്‍ എക്‌സ് 10 ബസ് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ 60 മിനുട്ട് ഇടവേളകളിലാണ് സര്‍വീസ് നടത്തുക. പൊതുഗതാഗതം ശക്തമാക്കുക, നിരത്തുകളില്‍ വാഹനങ്ങളുടെ തിരക്ക് കുറക്കുക എന്നീ ലക്ഷ്യത്തോടെ സമഗ്ര ഗതാഗത വകുപ്പാണ് ബസ് സര്‍വീസുകളുടെ പ്രഖ്യാപനം നടത്തിയത്. എക്‌സ്പ്രസ് ബസ്സുകള്‍ പ്രധാന സ്റ്റോപ്പുകളില്‍ മാത്രമാണ് നിര്‍ത്തുക, യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും പൊതു ഗതാഗത വകുപ്പ് അറിയിച്ചു.