യു എ ഇയില്‍ റൂപേ കാര്‍ഡിന് വ്യാപക സ്വീകാര്യത; 40 ശതമാനം വരെ നിരക്കിളവ് ലഭിക്കും

Posted on: September 20, 2019 8:23 pm | Last updated: September 20, 2019 at 8:23 pm

ദുബൈ: ഇന്ത്യയുടെ റൂപേ കാര്‍ഡ് വഴി, യു എ ഇ യില്‍ തിരഞ്ഞെടുത്ത വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് ദിവസം പരമാവധി 4000 രൂപയുടെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 40 ശതമാനത്തോളം നിരക്കിളവ് ലഭിക്കുമെന്ന് നാഷനല്‍ പേയ്മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അധികൃതര്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് എക്‌സ്‌പോ, ദുബൈ വ്യാപാരോത്സവം (ഡി എസ് എഫ്) പോലുള്ള സന്ദര്‍ഭങ്ങളില്‍ കുറേക്കൂടി ആകര്‍ഷകമായ നിരക്കിളവ് ലഭിക്കും.

എന്‍ പി സി ഐയുടെ തന്ത്രപരമായ അന്താരാഷ്ട്ര വളര്‍ച്ചാ വിപണികളിലൊന്നാണ് യു എ ഇ. രണ്ട് പ്രധാന ഉത്പന്നങ്ങളായ റുപേ, യൂനിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പിഐ) എന്നിവക്ക് യു എ ഇയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ 60 കോടി റൂപേ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്. യു എ ഇയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഈ കാര്‍ഡ് പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയില്‍ 1100ലധികം ബേങ്കുകള്‍ ഇപ്പോള്‍ റുപേ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. യു എ ഇയിലുള്ള ഇന്ത്യക്കാര്‍ നാട്ടിലെത്തുമ്പോള്‍ ബേങ്കുകളില്‍ നിന്ന് കൈപ്പറ്റാം. യു എ ഇയില്‍ ചില ബേങ്കുകള്‍ വഴി വിതരണം വേറെ.

നിലവില്‍ യു എ ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. നിരവധി യു എ ഇ കമ്പനികള്‍ 2018ല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2020 ഓടെ 100 കോടി യു എസ് ഡോളറിനെ മറികടക്കും. എന്‍ ആര്‍ ഐകള്‍ക്ക് എന്‍ പി സി ഐയുടെ ‘യുനൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫേസ്’ വഴി പണമയക്കല്‍ എളുപ്പമാകും. യു എ ഇ സെന്‍ട്രല്‍ ബേങ്ക് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 2018 നാലാം പാദത്തില്‍ എക്‌സ്‌ചേഞ്ച് വഴിയും ബേങ്കുകള്‍ വഴിയും എത്തിയ പണം 1360 കോടി ദിര്‍ഹം ആയിരിക്കെ യു എ ഇയിലെ ഈ വലിയ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് എന്‍ പി സി ഐയുടെ യൂനിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ 2.0) ഇപ്പോള്‍ എല്ലാ എന്‍ ആര്‍ ഐ ബേങ്ക് അക്കൗണ്ട് ഉടമകളെയും ബന്ധിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് തല്‍ക്ഷണം പണം അയക്കാനും സ്വീകരിക്കാനും ഇത് സഹായിക്കും.

ഒന്നിലധികം ബേങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാം. ഇത് അവരുടെ സ്മാര്‍ട് ഫോണുകളിലൂടെ അവരുടെ കുടുംബാംഗങ്ങളിലേക്കോ ഇന്ത്യയില്‍ താമസിക്കുന്ന മറ്റേതെങ്കിലും വ്യക്തികളിലേക്കോ തത്സമയം പണം കൈമാറാന്‍ അവരെ പ്രാപ്തമാക്കുന്നു. ഒരു വിദേശ രാജ്യത്ത് നിന്ന് പണം സ്വീകരിക്കുന്ന പ്രക്രിയ ചിലപ്പോള്‍ സമയമെടുക്കും. യു പി ഐ 2.0 വഴി ഈ പ്രക്രിയ ഇപ്പോള്‍ വളരെ ലളിതവും വേഗത്തിലുമാക്കിയിരിക്കുന്നു.’ അവര്‍ വ്യക്തമാക്കി. എന്‍ പി സി ഐ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ പ്രവീണ റായ്, ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ആരിഫ് ഖാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.