ലോക ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് ഉജ്വല തുടക്കം

Posted on: September 20, 2019 8:15 pm | Last updated: September 20, 2019 at 8:15 pm

ഷാര്‍ജ: ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രാഫി ഫെസ്റ്റിവല്‍, എക്സ്പോഷര്‍ 2019 ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ ഉജ്വല തുടക്കം. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമി ഇന്നലെ രാവിലെ ഉദ്ഘാടനം നിര്‍വഹിച്ചു. ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി അടക്കം പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് രാജ്യാന്തര ചിത്ര ഉത്സവം.

ഫോട്ടോഗ്രാഫി ഏറ്റവും ശക്തമായ മാധ്യമമാണെന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ പറഞ്ഞു. കല, ഏത് രൂപത്തിലും, എല്ലായ്‌പ്പോഴും സൗന്ദര്യം, സ്‌നേഹം, എന്നിവയുടെ സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ശൈഖ് ചൂണ്ടിക്കാട്ടി. ഐഡന്‍ സള്ളിവന്‍, ആമി വിറ്റാലെ, റേ വെല്‍സ് എന്നിവര്‍ ഈ പതിപ്പിന്റെ അന്താരാഷ്ട്ര അതിഥികളാണ്. ഫോട്ടോഗ്രാഫിയുടെ നിര്‍ണായക പങ്കിനെക്കുറിച്ചും ആഗോളതലത്തില്‍ എക്സ്പോഷര്‍ പോലുള്ള പ്രദര്‍ശനങ്ങളുടെ ആവശ്യകതയെക്കുറിച്ചും ആദ്യ ദിവസം ചര്‍ച്ച നടന്നു. ഫോട്ടോഗ്രാഫി സമൂഹം നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും വിലയിരുത്തപ്പെട്ടു.
ഷാര്‍ജ ഗവണ്‍മെന്റ് മീഡിയ ബ്യൂറോ (എസ് ജി എം ബി)യാണ് നാല് ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഏഴ് ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള 357 ഫോട്ടോഗ്രാഫര്‍മാരുടെ 1,112 സൃഷ്ടികള്‍ നാല് വ്യത്യസ്ത തീമുകളിലായി പ്രദര്‍ശിപ്പിക്കുന്നു. എക്‌സ്‌പോസ് അഡ്വഞ്ചര്‍, എക്‌സ്‌പോസ് ഇമോഷനുകള്‍, എക്‌സ്‌പോസ് ആര്‍ട്ട്, എക്‌സ്‌പോസ് ലൈഫ് എന്നിവയാണ് ആശയങ്ങള്‍. ഞായറാഴ്ച രാത്രി പത്ത് വരെ പ്രദര്‍ശനമുണ്ടാകും. യു എ ഇയിലെ അമച്വര്‍മാര്‍ക്കും പ്രൊഫഷണലുകള്‍ക്കും അന്താരാഷ്ട്ര, ദേശീയ പ്രമുഖരെ കേള്‍ക്കാനും സംവദിക്കാനും അവസരമൊരുക്കുന്നു.