ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ കേസിന് തുമ്പായി; നാല് സ്ത്രീകള്‍ അറസ്റ്റില്‍

Posted on: September 20, 2019 8:10 pm | Last updated: September 20, 2019 at 8:10 pm

ദുബൈ: ദുബൈയില്‍ റീഫ് മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ അഞ്ച് വയസുകാരന്റെ കേസിന് തുമ്പായി. ഉപേക്ഷിച്ചത് ഷാര്‍ജയില്‍ താമസിക്കുന്ന വളര്‍ത്തമ്മയെന്ന് പോലീസ് അറിയിച്ചു. ഇവരെയും ഇവരെ സഹായിച്ച മറ്റ് മൂന്ന് സ്ത്രീകളെയും അറസ്റ്റ് ചെയ്തു.

ഏഷ്യക്കാരിയായ മാതാവ് കുട്ടിയെ പ്രസവിച്ച ശേഷം അതേ നാട്ടുകാരിയായ സ്ത്രീയെ ഏല്‍പിച്ചു ഷാര്‍ജ വിടുകയായിരുന്നു. അഞ്ച് വര്‍ഷമായി സംരക്ഷിക്കുന്ന സ്ത്രീയാണ് കുട്ടിയെ മാളില്‍ ഉപേക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. വളര്‍ത്താനോ വിദ്യാലയത്തില്‍ ചേര്‍ക്കാനോ കഴിയാത്തതിനാല്‍ ആദ്യം ഇവര്‍ കുട്ടിയെ മറ്റൊരു സ്ത്രീയെ ഏല്‍പ്പിച്ചിരുന്നു. സുഹൃത്തായ ഒരു സ്ത്രീയുടെ ഉപദേശമനുസരിച്ചാണിത്. അവര്‍ കുട്ടിയെ കുറച്ച് ദിവസത്തിന് ശേഷം തിരിച്ചെത്തിച്ചു. റീഫ് മാളില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീക്കും വിവരങ്ങളെല്ലാം അറിയാമായിരുന്നു. ഇവരും അറസ്റ്റിലായി.

കുട്ടിയുടെ വിശദാംശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട് 90 മിനിറ്റിനുള്ളില്‍ പോലീസിന് ഒരു കോള്‍ ലഭിച്ചിരുന്നുവെന്ന് മുറഖബാത്ത് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഗാനിം വ്യക്തമാക്കി. തനിക്ക് ആണ്‍കുട്ടിയെ അറിയാമെന്നും ഷാര്‍ജയില്‍ താമസിക്കുന്ന ഒരു സ്ത്രീയുടെ കൂടെ കണ്ടിട്ടുണ്ടെന്നും വിളിച്ചയാള്‍ പറഞ്ഞു. ഷാര്‍ജ പോലീസുമായി സഹകരിച്ച് ദുബൈ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ കസ്റ്റഡിയിലെടുത്തു. കുട്ടി തന്റെ മകനല്ലെന്നും അഞ്ച് വര്‍ഷം മുമ്പ് ഒരു പരിചയക്കാരി തന്നെ ഏല്‍പ്പിച്ചു കടന്നു കളയുകയായിരുന്നുവെന്നും യുവതി പറഞ്ഞു. കുട്ടിയുടെ മാതാവ് ഇപ്പോള്‍ എവിടെയെന്ന് അറിയില്ല.

രാജ്യം വിട്ട മാതാവ് ഒരിക്കലും തിരിച്ചെത്തിയിട്ടില്ല. മാതാവിന്റെയോ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ വിശദാംശങ്ങള്‍ തനിക്കില്ലെന്നും യുവതി പറഞ്ഞു. പോലീസ് അന്വേഷണം തുടരുന്നു. കുട്ടി ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചില്‍ഡ്രന്റെ സംരക്ഷണയിലാണ്.

ഈ മാസം ഏഴിനാണ് ഏഷ്യന്‍ കുടുംബത്തിലേതെന്ന് കരുതുന്ന കുട്ടിയെ ഒരു മാളില്‍ കണ്ടെത്തിയത്. മാളില്‍ അലഞ്ഞുനടക്കുന്ന കുട്ടിയെ ഫിലിപ്പിനോ യുവതിയാണ് മുറഖബാദ് പോലീസിലേല്‍പിച്ചത്. ഓമനത്തമുള്ള കുട്ടി യു എ ഇയിലെ പ്രവാസികളുടെയടക്കം ദുഃഖമായി. അതേസമയം കേസ് ഇതുവരെ ജുവൈനല്‍ ആന്‍ഡ് ഫാമിലി പ്രോസിക്യൂഷന് കൈമാറിയിട്ടില്ലെന്ന് അഡ്വ. ജനറല്‍ മുഹമ്മദ് അലി റുസ്തം ബു അബ്ദുല്ല പറഞ്ഞു. ഒരാഴ്ചയായി ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വുമന്‍ ആന്‍ഡ് ചില്‍ഡ്രനാണ് കുട്ടിയെ സംരക്ഷിക്കുന്നത്. കുട്ടിയുടെ ഭാവി ഇനി എന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അഫ്‌റ അല്‍ ബസ്തി പറഞ്ഞു.
‘കുട്ടിയുടെ സംരക്ഷണവും പുനരധിവാസവും മറ്റും ഞങ്ങളാണ് നിര്‍വഹിക്കുന്നത്. എന്നാല്‍ രക്ഷിതാക്കളാരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതരെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണ്.’ അല്‍ ബസ്തി പറഞ്ഞു. കുട്ടിയെ ആരെങ്കിലും ദത്തെടുക്കുമോ എന്നുമറിയില്ല. അധികൃതര്‍ തീരുമാനിക്കും പോലെ കാര്യങ്ങള്‍ നടക്കും. ഇതിനകം ഒട്ടേറെ കുടുംബങ്ങള്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ദൗത്യവുമായി മുന്നോട്ടുവന്നിട്ടുണ്ട്.