ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ സഊദിയുടെ പ്രത്യാക്രമണം;നാല് കേന്ദ്രങ്ങള്‍ തകര്‍ത്തു

Posted on: September 20, 2019 7:40 pm | Last updated: September 21, 2019 at 11:19 am

റിയാദ്: എണ്ണപ്പാടങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു തിരിച്ചടിയെന്നോണം വെള്ളിയാഴ്ച ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദൈദ തുറമുഖത്തിനു നേരേ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അതിശക്തമായ ആക്രമണം നടത്തി. പ്രശ്‌നബാധിത പ്രദേശങ്ങളില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ സഖ്യസേന ആവശ്യപ്പെട്ടു. റിമോട്ട് കണ്‍ട്രോള്‍ ബോട്ടുകളും കടലില്‍ ഉപയോഗിക്കുന്ന മൈനുകളും നിര്‍മിക്കുന്ന നാല് കേന്ദ്രങ്ങള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ നടക്കുന്ന എണ്ണനീക്കത്തിനും വാണിജ്യത്തിനും തടസം സൃഷ്ടിക്കുന്ന നാല് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തതെന്നു സഊദി പ്രതിരോധ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മല്‍ക്കി പറഞ്ഞു.ആഗോള വ്യാപകമായ ഇന്ധനനീക്കത്തിന് സുരക്ഷയൊരുക്കാനാണ് പുതിയ സൈനികസഖ്യമെന്ന് യുഎഇ സാര്‍വദേശീയ സുരക്ഷാവകുപ്പ് മേധാവി സലേം മുഹമ്മദ് അല്‍ സാബി വ്യക്തമാക്കിയിരുന്നു