സര്‍ക്കാര്‍ ഭക്ഷണം: പേര് പറയാതിരുന്നിട്ടും പ്രതിപക്ഷ നേതാവ് വേവലാതിപ്പെടുന്നതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രി

Posted on: September 20, 2019 7:21 pm | Last updated: September 21, 2019 at 11:19 am

കോട്ടയം: വൈദ്യുതി ബോര്‍ഡില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയന്‍. പാലായിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേദിയിലാണ് പ്രതിപക്ഷ ആക്ഷേപങ്ങള്‍ക്ക് പിണറായി വിജയന്റെ മറുപടി. കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ പേരില്‍ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. പക്ഷെ അത് ചീറ്റിപ്പോയെന്ന് പിണറായി വിജയന്‍ പരിഹസിച്ചു.

അഴിമതിക്കെതിരെ അതിശക്തമായ നടപടി ഉണ്ടാകും. അഴിമതിക്കാരെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ഭക്ഷണമാണെന്ന് പറഞ്ഞപ്പോള്‍ തന്നെ ആ തൊപ്പിയെടുത്ത് രമേശ് ചെന്നിത്തല തലയില്‍ വച്ചു. പേര് പോലും പറയാതിരുന്നിട്ടും എന്തിനാണിത്ര വേവലാതിയെന്ന് മനസിലാകുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകേണ്ടിവരുമെന്ന പ്രതിപക്ഷ ആക്ഷേപത്തിനുമുണ്ട് പിണറായി വിജയന്റെ മറുപടി. ഒന്നരക്കൊല്ലം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുണ്ട്. പക്ഷെ അഴിമതി കാണിച്ചിട്ടില്ല. അതുകൊണ്ട് അത് പറഞ്ഞ് ആരും വിരട്ടാന്‍ വരേണ്ടതില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി വഴി നടപ്പാക്കുന്ന കോട്ടയം ലൈന്‍, കോലത്ത്‌നാട് പദ്ധതികളില്‍ രണ്ട് വന്‍കിട സ്വകാര്യ കമ്പനികളെ വൈദ്യുതി ബോര്‍ഡ് വഴിവിട്ട് സഹായിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.