മരട് ഫ്ളാറ്റ്: സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി; പൊളിക്കുമെന്ന് ഉറപ്പ് നല്‍കി

Posted on: September 20, 2019 5:06 pm | Last updated: September 20, 2019 at 9:23 pm

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് കേസില്‍ സുപ്രിം കോടതിയില്‍ മാപ്പപേക്ഷയുമായി ചീഫ് സെക്രട്ടറി ടോം ജോസ്. കോടതി വിധി അനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും തന്റെ ഏതെങ്കിലും പ്രവൃത്തി അനുചിതമായെങ്കില്‍ മാപ്പപേക്ഷിക്കുന്നുവെന്നും അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. 23ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ടോം ജോസ് അഭ്യര്‍ഥിച്ചു.

ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് നേരിട്ട് മേല്‍നോട്ടം വഹിക്കാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പ് നല്‍കി. ഫ്ളാറ്റ് പൊളിച്ചുനീക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി അദ്ദേഹം കോടതിയില്‍ റിപ്പോര്‍റ്റ്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആറ് പേജ് വരുന്ന സത്യവാങ്മൂലമാണ് നല്‍കിയത്.

അതേസമയം, ഫ്ളാറ്റുകൾ പൊളിക്കുന്നത് കടുത്ത പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുമെന്നും നിരവധി സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഫ്ളാറ്റ് പൊളിക്കുന്നതിന് കോടതി കൂടുതല്‍ സാവകാശം അനുവദിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ചീഫ് സെക്രട്ടറി നടത്തിയിരിക്കുന്നത്.