Connect with us

National

ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് അമേരിക്കയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ ഔദ്യോഗിക പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാത്രി അമേരിക്കയിലേക്ക് തിരിക്കും. ഹ്യൂസ്റ്റണിലും ന്യൂയോര്‍ക്കിലും സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഈ മാസം 27 ന് ഐക്യരാഷ്ട്ര പൊതുസഭയെയും അഭിസംബോധന ചെയ്യും.

ഈ മാസം 22 ന് പ്രധാനമന്ത്രി യുഎസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ പങ്കെടുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ന്യൂഡല്‍ഹിയില്‍ അറിയിച്ചു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 24 ന് യുഎന്നില്‍ ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ്, സിംഗപ്പൂര്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ജമൈക്ക പ്രധാനമന്ത്രിമാര്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവരുള്‍പ്പെടെ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

സ്വച്ഛ് ഭാരത് അഭിയാന്‍ ശുചിത്വ ക്യാമ്പയിന്‍ വിജകരമായി നടപ്പാക്കിയതിന് ബില്‍, മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് നല്‍കി മോദിയെ ആദരിക്കും.

ഇന്ത്യ – യുഎസ് വ്യാപാരം വ്യാപിപ്പിക്കലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഹ്യൂസ്റ്റണ്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് ഉത്തേജനം നല്‍കുമെന്നും ഇന്ത്യയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും ഇന്തോ അമേരിക്കന്‍ ചേംബര്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ പറഞ്ഞു. ഹ്യൂസ്റ്റണില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് നടത്തുന്ന കാര്യവും ചര്‍ച്ചയാകും. ബ്രസീല്‍, ചൈന, മെക്‌സിക്കോ എന്നിവയ്ക്ക് ശേഷം ഹ്യൂസ്റ്റണിന്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.

ഹ്യൂസ്റ്റണ്‍ – ഇന്ത്യ വ്യാപാരം ഈ വര്‍ഷം 82.2 ശതമാനം ഉയര്‍ന്നിരുന്നു. മൊത്തം വ്യാപാരത്തിന്റെ അളവ് 2018 ല്‍ 7.2 ബില്യണ്‍ ഡോളറായിരുന്നു. ഹ്യൂസ്റ്റണ്‍ ആസ്ഥാനമായുള്ള 33 സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലുടനീളം 85 ശാഖകളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. 28 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഹ്യൂസ്റ്റണില്‍ ധാരാളം ശാഖകളും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്.

Latest