Connect with us

Malappuram

ഹജ്ജ് ഹൗസ് ഇനി ഉംറ തീർഥാടകർക്കും വിട്ടുകൊടുക്കും

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂർ ഹജ്ജ് ഹൗസ് ഉംറ തീർഥാടകർക്കും വിട്ടുകൊടുക്കാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനിച്ചതോടെ ഹജ്ജ് ഹൗസിന് ഇനി വിശ്രമമില്ലാ നാളുകൾ. സാധാരണ ഹജ്ജ് യാത്രയോടനുബന്ധിച്ചാണ് ഹജ്ജ് ഹൗസിൽ ക്യാമ്പ് ആരംഭിക്കുന്നത്. യാത്രയുടെ സമാപനത്തോടെ ഹജ്ജ് ഹൗസ് വിജനമാവുകയാണ് പതിവ്. പിന്നീട് ഹജ്ജ് കമ്മിറ്റി ഓഫീസ് മാത്രമാണ് പതിവുപോലെ ഇവിടെ പ്രവർത്തിച്ചുവരുന്നത്.

കോടികൾ മുടക്കി സ്ഥാപിച്ച ഹജ്ജ് ഹൗസ് വർഷത്തിൽ ഒരു മാസം മാത്രം പ്രവർത്തിച്ച് 11 മാസം അടച്ചിടുന്നത് ഗുണകരമല്ലെന്ന ഹജ്ജ് കമ്മിറ്റിയുടെ ദീർഘ വീക്ഷണമാണ് ഹജ്ജ് ഹൗസ് വീണ്ടും തീർഥാടകരെ കൊണ്ട് സജീവമാക്കുന്നതിലെത്തിച്ചത്. ഒക്ടോബർ മുതൽ ഉംറ തീർഥാടകർക്കും ഹജ്ജ് ഹൗസ് പ്രയോജനപ്പെടുത്താൻ അനുവദിച്ചു കൊണ്ട് ഇന്നലെയാണ് ഹജ്ജ് കമ്മിറ്റി തീരുമാനം വന്നത്.

ഹജ്ജ് സമാപനത്തോടെ ഉംറ തീർഥാടനത്തിന് സഊദി സർക്കാർ അനുമതി നൽകുന്നതോടെ ആയിരക്കണക്കിന് തീർഥാടകരാണ് ചാർട്ടർ വിമാനത്തിലും പതിവ് വിമാനങ്ങളിലുമായി കരിപ്പൂർ വഴി പുറപ്പെടുന്നത്. ഉംറ തീർഥാടകർക്ക് ഇഹ്‌റാം ചെയ്യുന്നതിനും മറ്റും കരിപ്പൂരിലെ സ്വകാര്യ കെട്ടിടങ്ങളും ഹോട്ടലുകളുമാണ് ട്രാവൽസ് ഏജന്റുമാർ പ്രയോജനപ്പെടുത്തിയിരുന്നത്. ഹജ്ജ് ഹൗസ് ഉംറ തീർഥാടകർക്ക് കൂടി വിട്ടുകൊടുക്കുന്നതോടെ ട്രാവൽ ഏജന്റുമാർക്കും തീർഥാടകർക്കും വേണ്ടിവരുന്ന അധിക ചെലവും ഗണ്യമായി കുറയും.

ഉംറ തീർഥാടകരുമായി എത്തുന്ന ട്രാവൽ ഏജന്റുമാർ രണ്ടാഴ്ച മുമ്പെങ്കിലും ഹജ്ജ് ഹൗസിൽ ബുക്ക് ചെയ്തിരിക്കണം.
വെള്ളം, വെളിച്ചം, ക്ലീനിംഗ് തുടങ്ങിയവക്കായി മിതമായ സംഖ്യ ട്രാവൽ ഏജന്റുമാരിൽ നിന്ന് ഈടാക്കുന്നതായിരിക്കും. വിസയുള്ള പാസ്‌പോർട്ട് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമായിരിക്കും താമസത്തിനും മറ്റും സൗകര്യ അനുവദിക്കുക.
ഹജ്ജ് ഹൗസിൽ മുസ്‌ലിം ഉദ്യോഗാർഥികൾക്കായുള്ള സിവിൽ സർവീസ് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും മറ്റും സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് ആവശ്യപ്പെടും. കരിപ്പൂർ ഹജ്ജ് ഹൗസിൽ വനിതകൾക്കായുള്ള പ്രത്യേക ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഉടനെയുണ്ടാകും.

Latest