Connect with us

Malappuram

ഐ എ എം ഇ 'സ്റ്റംസോറിക്ക' നാളെ മഅ്ദിൻ പബ്ലിക് സ്‌കൂളിൽ

Published

|

Last Updated

ഐ എ എം ഇക്ക് കീഴിൽ മഅ്ദിൻ അക്കാദമിയിൽ നടക്കുന്ന സംസ്ഥാന തല സ്റ്റംസോറിക്ക ശാസ്ത്രമേളയുടെ ഭാഗമായി സ്വലാത്ത് നഗറിൽ സ്ഥാപിച്ച കവാടം

മലപ്പുറം: ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യുക്കേഷന്റെ (ഐ എ എം ഇ) നേതൃത്വത്തിൽ നാളെ “സ്റ്റംസോറിക്ക” എന്ന പേരിൽ ശാസ്ത്ര സാമൂഹിക, ശാസ്ത്ര ഗണിത മേള നടത്തും. മലപ്പുറം മഅ്ദിൻ പബ്ലിക് സ്‌കൂളിൽ നടക്കുന്ന പരിപാടി കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. നിർമൽ ബാബു ഉദ്ഘാടനം ചെയ്യും.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി പി സൈതലവി ചെങ്ങര, ജില്ലാ സെക്രട്ടറി പി എം മുസ്തഫ കോഡൂർ സംസാരിക്കും. 22 ഇനങ്ങളിലായി നൂറിലധികം സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,500ൽ പരം വിദ്യാർഥികൾ അഭിരുചികൾ പങ്കുവെക്കും. റീഡിഫൈനിംഗ് ഇന്നെവേഷൻ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ അപ്പർ പ്രൈമറി, ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികൾ നവീന ആശയങ്ങളെ പ്രകാശിപ്പിക്കുന്ന സ്റ്റാളുകൾ സജ്ജീകരിക്കും.

ശാസ്ത്ര സാമൂഹിക, ശാസ്ത്ര ഗണിത പഠന മേഖലകളിലെ വിദ്യാർഥികളുടെ സാധ്യതകൾ പങ്കുവെക്കുക, ശാസ്ത്ര അഭിരുചി തിരിച്ചറിഞ്ഞ് വിദ്യാർഥികളെ മുന്നേറാൻ പ്രാപ്തരാക്കുക, ശാസ്ത്ര ഗവേഷണ മേഖലയിലേക്ക് വിദ്യാർഥികളെ ആകർഷിക്കുക എന്നിവയാണ് പരിപാടി ലക്ഷ്യമാക്കുന്നത്.

ക്രിയാത്മകമായ ആശയങ്ങൾ പങ്കുവെക്കുന്ന വിദ്യാർഥികൾക്കും സ്‌കൂളിനും പരിപാടിയിൽ അവാർഡ് നൽകും. വൈകീട്ട് നടക്കുന്ന സമാപന സംഗമത്തിൽ ഐ എസ് ആർ ഒയുടെ കീഴിലെ വിക്രം സാരഭായി സ്‌പേസ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. നാരായണൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും.

പി ഉബൈദുല്ല എം എൽ എ വിജയികൾക്ക് ട്രോഫികൾ നൽകും. ഐ എ എം ഇ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ്, ജനറൽ സെക്രട്ടറി എൻ മുഹമ്മദലി, എക്‌സിക്യൂട്ടിവ് ഡയറക്ടർ വി പി എം ഇസ്ഹാഖ്, ഡോ. അമീർ ഹസൻ, നൗഫൽ കോഡൂർ, അഫ്‌സൽ കോളാരി, കെ എം അബ്ദുൽ ഖാദിർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ വി പി എം ഇസ്ഹാഖ്, നൗഫൽ കോഡൂർ, ദുൽഫുഖാർ അലി സഖാഫി, ഖാലിദ് സഖാഫി, സി പി അശ്‌റഫ് പങ്കെടുത്തു.