കോര്‍പറേറ്റ് നികുതി കുറച്ചതിനു പിന്നാലെ കുതിച്ചുയര്‍ന്ന് ഓഹരി വിപണി

Posted on: September 20, 2019 3:29 pm | Last updated: September 20, 2019 at 3:29 pm

ന്യൂഡല്‍ഹി: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ കുറവു വരുത്തിയതായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ ഉണര്‍വ് പ്രകടമായി. കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 25.2 ശതമാനമാകുമെന്ന് ധനമന്ത്രി പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ശേഷം എസ് ആന്റ് പി ബി എസ് ഇ സെന്‍സെക്‌സ് സൂചിക 2,284.55 പോയിന്റ് ഉയര്‍ന്ന് 38,378.02 ലെത്തി. എന്‍എസ്ഇ നിഫ്റ്റി ബെഞ്ച്മാര്‍ക്ക് സൂചിക 11,381.90 എന്ന നിലയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 677.1 പോയിന്റാണ് ഉയര്‍ന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് ഓഹരികളാണ് സെന്‍സെക്‌സിന്റെ കുതിപ്പിന് കാരണമായത്.

കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നത് വിപണികള്‍ക്ക് വലിയ ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഐടിസി, നെസ്‌ലെ, കോള്‍ഗേറ്റ്പാമോലൈവ്, വാഹന നിര്‍മാതാക്കള്‍ തുടങ്ങിയ കമ്പനികളും ഉയര്‍ന്ന നികുതി അടയ്ക്കുന്ന ലാഭകരമായ പൊതുമേഖലാ കമ്പനികളും ഈ നീക്കങ്ങളുടെ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.