കിഫ്ബിയില്‍ കോടികളുടെ അഴിമതി; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

Posted on: September 20, 2019 1:02 pm | Last updated: September 20, 2019 at 5:07 pm

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 60 ശതമാനം ഉയര്‍ന്ന കരാറാണ് നല്‍കിയിട്ടുള്ളത്. ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22 ശതമാനമാണ് നികുതി. ഇത്തരം കമ്പനികള്‍ക്ക് മിനിമം ഓള്‍ട്ടര്‍നേറ്റ് നികുതി നല്‍കേണ്ടതുമില്ല. 18.5ല്‍ നിന്ന് 15 ശതമാനമായാണ് ഓള്‍ട്ടര്‍നേറ്റ് നികുതി കുറച്ചിട്ടുള്ളത്.

വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പിലാക്കിയ ട്രാന്‍സ്ഗ്രിഡിലും കോടികളുടെ അഴിമതി നടന്നു. ആദ്യം 10,000 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 4500 രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികള്‍ മാത്രം ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

അഞ്ച് കമ്പനികള്‍ക്കു വേണ്ടി കിഫ്ബി വകമാറ്റി. പവര്‍ ഫിനാന്‍സ് കോര്‍പറേഷനും അഴിമതിക്ക് കൂട്ടുനിന്നു.
കെ എസ് ഇ ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതികളായ കോട്ടയം ലൈന്‍സ്, കോലത്തുനാട് പദ്ധതികളിലും വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. ഇവക്ക് ടെന്‍ഡര്‍ നല്‍കിയപ്പോള്‍ എല്‍ ആന്‍ഡ് ടി, സ്റ്റാര്‍ലൈറ്റ് എന്നീ വന്‍കിട കമ്പനികള്‍ക്കായി പ്രീ ക്വാളിഫിക്കേഷനില്‍ മാറ്റം വരുത്തി. ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സാധാരണ നിരക്കിനേക്കാള്‍ 60 ശതമാനം ഉയര്‍ന്ന നിരക്കിലാണ് ടെന്‍ഡര്‍ നല്‍കിയത്. മറ്റ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി ഒരു ഉദ്യോഗസ്ഥനെ ചീഫ് എന്‍ജിനീയറായി നിയമിച്ചാണ് മാനദണ്ഡങ്ങള്‍ മറികടന്ന് ടെന്‍ഡറുകള്‍ നല്‍കിയത്.

ഇടുക്കിയിലെ ചിത്തിരപുരത്ത് വൈദ്യുതി ബോര്‍ഡിന്റെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ മണ്ണുമാറ്റി തറ നിര്‍മിക്കാന്‍ 11 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ് എന്നിരിക്കെ, പൂര്‍ത്തിയായപ്പോള്‍ 11 കോടിയായി. എ ജിയുടെ ഓഡിറ്റിംഗ് കിഫ്ബിയില്‍ അനുവദിക്കാത്തത് അഴിമതി നടന്നതിന് പ്രത്യക്ഷ തെളിവാണ്. വിഷയത്തില്‍ സി ബി ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.