Connect with us

National

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; പദ്ധതി നടപ്പിലാക്കുക ഘട്ടങ്ങളായി

Published

|

Last Updated

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ഘട്ടം ഘട്ടമായി നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉപഭോക്തൃ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ സഹകരണവും സേവനവും ഉപയോഗപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. വലിയ ഒരു ദൗത്യമായിരിക്കും ഇതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് വ്യവസായികളുമായി കൂടിയാലോചനകള്‍ നടന്നുവരികയാണ്. പരിസ്ഥിതി, സാമ്പത്തിക വിദഗ്ധന്മാരില്‍ നിന്നും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാങ്കേതിക വിവരങ്ങള്‍ തേടിയിട്ടുണ്ട്.

അടുത്ത മാസം രണ്ടിന് ഗാന്ധിജിയുടെ 150ാം ജന്മദിനത്തില്‍ പദ്ധതിയുടെ രൂപരേഖ പുറത്തിറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപഭോഗം 2022ഓടെ ഒഴിവാക്കണമെന്ന് ആഗസ്റ്റ് 15ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. വ്യാപകമായ പിന്തുണയാണ് ഇതിന് ലഭിച്ചത്. എന്നാല്‍, ആഭ്യന്തര സാമ്പത്തിക രംഗത്ത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതി ഏതു രൂപത്തില്‍ പ്രാവര്‍ത്തികമാക്കാനാകുമെന്ന ചര്‍ച്ചകള്‍ ഭരണ തലത്തില്‍ സജീവമാണ്.

വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. “ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെല്ലാം ഒരേ തരത്തില്‍ പെട്ടതോ ഒരേ നിലവാരത്തിലുള്ളതോ അല്ല. ചിലത്് കുറച്ചു മാത്രം മലിനീകരണം ഉണ്ടാക്കുന്നവയാണെങ്കില്‍ എന്നാല്‍ മറ്റു ചിലത് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.” പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.
പുതുക്കി ഉപയോഗിക്കാന്‍ സാധ്യത കുറഞ്ഞതും അതേസമയം, വലിയ തോതില്‍ ദോഷം വരുത്തുന്നതുമായ പ്ലാസ്റ്റിക്കുകളാണ് ആദ്യം നിരോധിക്കുക.

എന്നാല്‍, പദ്ധതി തിടുക്കത്തില്‍ നടപ്പിലാക്കരുതെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-പരിസ്ഥിതി കേന്ദ്രത്തിലെ (സി എസ് ഇ) മാനേജ്‌മെന്റ് വിദഗ്ധന്‍ ദിനേഷ് രാജ് ബണ്ടേല പറഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത ശേഷം നടപ്പിലാക്കുന്ന നിരോധനം മാത്രമെ ഫലപ്രദമാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

Latest