Connect with us

Editorial

പഞ്ചവടിപ്പാലം

Published

|

Last Updated

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. മുന്‍ മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അറസ്റ്റുണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തിയ ക്രൂരമായ കെടുകാര്യസ്ഥതയും അഴിമതിയുമാണ് പാലാരിവട്ടം മേല്‍പ്പാലത്തിന്റെ വിഷയത്തില്‍ ഉണ്ടായതെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. കുറ്റക്കാര്‍ ആര് എന്നതില്‍ മാത്രമാണ് തര്‍ക്കമുള്ളത്. എന്‍ജിനീയര്‍മാരും ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കിയ ഏജന്‍സിയുമൊക്കെയാണ് കുറ്റക്കാരെന്നും മന്ത്രി ഇബ്‌റാഹീം കുഞ്ഞ് എന്ത് പിഴച്ചുവെന്നുമാണ് യു ഡി എഫ് നേതൃത്വം ചോദിക്കുന്നത്. പക്ഷേ, അത് സമ്മതിച്ച് കൊടുക്കാന്‍ കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ മുന്‍ പൊതു മരാമത്ത് സെക്രട്ടറി ടി ഒ സൂരജ് തയ്യാറല്ല.

മേല്‍പ്പാലം നിര്‍മാണ ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാനുള്ള തീരുമാനം ഇബ്‌റാഹീം കുഞ്ഞിന്റേതായിരുന്നെന്നാണ് കഴിഞ്ഞ ദിവസം ടി ഒ സൂരജ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജിയില്‍ ആരോപിച്ചത്. ഈ മൊഴി കേസില്‍ നിര്‍ണായക വഴിത്തിരിവാണെന്ന് വിലയിരുത്തിയാണ് രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ വേഗത്തിലാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. നിര്‍മാണത്തിന് മുന്‍കൂറായി നിശ്ചിത തുക നല്‍കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നില്ല. കമ്പനിക്ക് 8.25 കോടി രൂപ നിര്‍മാണം തുടങ്ങാന്‍ മുന്‍കൂറായി നല്‍കാന്‍ നിര്‍ദേശിച്ചെന്നാണ് ടി ഒ സൂരജിനെതിരെയുള്ള പ്രധാന ആരോപണം. എന്നാല്‍ പണം മുന്‍കൂര്‍ നല്‍കണമെന്നാവശ്യപ്പെട്ട് സ്വകാര്യ കമ്പനി റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് നല്‍കിയ അപേക്ഷ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനടക്കമുള്ളവര്‍ പരിശോധിച്ചിരുന്നുവെന്നാണ് സൂരജിന്റെ വാദം. മുന്നില്‍ വന്ന അപേക്ഷ ഒപ്പിട്ട് നല്‍കുക മാത്രമാണ് ചെയ്തതെന്നും സൂരജ് ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. പലിശയൊന്നും ഈടാക്കാതെ 8.25 കോടി രൂപ മുന്‍കൂറായി കൊടുക്കാന്‍ അനുമതി നല്‍കിയത് മന്ത്രിയായിരുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഭരണാനുമതി നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നുമായിരുന്നു ഇബ്‌റാഹീം കുഞ്ഞ് നേരത്തേ ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞത്. മൊഴികളില്‍ പരസ്പര വിരുദ്ധമായ കാര്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സൂരജ് ഉള്‍പ്പെടെ നാല് പേരെയാണ് വിജിലന്‍സ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

നിയമ നടപടികള്‍ ഒരു വശത്ത് നടക്കുമ്പോള്‍ മെട്രോമാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പാലം പൊളിച്ചു പണിയാനുള്ള നീക്കത്തിലാണ്. 47.7 കോടി രൂപ ചെലവിട്ടാണ് പാലം പണിതത്. അത്രയും പണം നഷ്ടമാകുമെന്ന് മാത്രമല്ല, പൊളിക്കാന്‍ വേറെയും പണം ഇടിച്ചു തള്ളണം. പുതിയ പാലത്തിന് പിന്നെയും കോടികള്‍. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായി 2014 സെപ്തംബറിലാണ് നിര്‍മാണം തുടങ്ങിയത്. യു ഡി എഫായിരുന്നു അന്ന് ഭരണത്തില്‍. 2016 ഒക്‌ടോബറില്‍ പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്തു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. കണ്‍സള്‍ട്ടന്റ് കിറ്റ്‌കോയായിരുന്നു. കറാറുകാര്‍ കൊച്ചിയിലെ ആര്‍ ഡി എസ് പ്രൊജക്ടും. തുറന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ പാലത്തിലെ റോഡിലെ ടാറിളകി തുടങ്ങിയിരുന്നു. പാലത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെയും പാലത്തെ താങ്ങി നിര്‍ത്തുന്ന ബെയറിംഗുകളുടെയും നിര്‍മാണത്തിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് ബലക്ഷയത്തിലേക്ക് നയിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെലവ് കുറക്കാന്‍ കരാറുകാരും കമ്പനിയും ശ്രമിച്ചതാകാം ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നും നിര്‍മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പാലത്തിന് ആറിടത്ത് വിള്ളലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മദ്രാസ് ഐ ഐ ടി നടത്തിയ പഠനം പാലത്തിന്റെ ഉറപ്പ് സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ പങ്കുവെച്ചു.

ഡിസൈനിംഗിലും മേല്‍നോട്ടത്തിലുമടക്കം സര്‍വ മേഖലയിലും പിഴവുണ്ടായി എന്നതാണ് പാലാരിവട്ടം മേല്‍പ്പാലത്തെ പഞ്ചവടിപ്പാലമാക്കുന്നത്. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന ആക്ഷേപ ഹാസ്യ സിനിമയില്‍ ഉദ്ഘാടന ദിവസം തന്നെ പാലം തകരുന്നതാണ് കാണിക്കുന്നത്. ഈ സിനിമാ പേര് തന്നെ ആവര്‍ത്തിച്ചാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശം നടത്തിയത്. എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്കു പകരം പുതിയ സാങ്കേതിക വിദ്യയായ ഡെക്ക് സ്ലാബ് കണ്ടിന്യുറ്റി രീതി ഉപയോഗിച്ചതിലെ പാകപ്പിഴകളും പാലത്തെ ഉപയോഗ ശൂന്യമാക്കി. ഗര്‍ഡറുകള്‍ക്ക് അനുവദനീയമായ പരിധിയില്‍ കൂടുതല്‍ താഴേക്കു വലിച്ചിലുണ്ടായി. വീടുകളും ചെറിയ കടമുറികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എം 22 ഗ്രേഡിലുള്ള കോണ്‍ക്രീറ്റ് മിക്‌സാണു പാലത്തിന് ഉപയോഗിച്ചത്. കരുത്തു കൂടിയ എം 35 ഗ്രേഡിലുള്ള കോണ്‍ക്രീറ്റ് മിക്‌സാണ് ഉപയോഗിക്കേണ്ടിയിരുന്നത്.
നമ്മുടെ പൊതു നിര്‍മാണ സംവിധാനത്തിന്റെ ഭീകരമായ അവസ്ഥയാണ് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലെ പല പാലങ്ങളിലൂടെയും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാനാകാത്ത അവസ്ഥ. കാട്ടിലെ തടി, തേവരുടെ ആന സമീപനമാണ് ഉദ്യോഗസ്ഥര്‍ക്കും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനും. ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് ഇത്തരക്കാര്‍. ഇവരെ മുഖം നോക്കാതെ ശിക്ഷിക്കണം. രാഷ്ട്രീയമായല്ല കാര്യങ്ങള്‍ കാണേണ്ടത്. ജനങ്ങളുടെ പക്ഷത്ത് നിന്ന് കാണണം. പാലാരിവട്ടത്തില്‍ ഒതുങ്ങരുത് ഈ നിയമ നടപടി. ആവശ്യമെങ്കില്‍ സംശയമുള്ള മുഴുവന്‍ നിര്‍മിതികളുടെ കാര്യത്തിലും സമഗ്രമായ അന്വേഷണം വേണം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയും സര്‍ക്കാറിന് ഉണ്ടായിട്ടുള്ള നഷ്ടം ഇവരില്‍ നിന്ന് ഈടാക്കുകയും വേണം. മനുഷ്യരുടെ ജീവന്‍ വെച്ച് പന്താടുന്ന ഇത്തരം ഉദ്യോഗസ്ഥരെയും കരാറുകാരെയും വെച്ചു പൊറുപ്പിക്കാനാകില്ല. പഞ്ചവടിപ്പാലങ്ങളില്‍ അവസാനത്തേതാകണം പാലാരിവട്ടം മേല്‍പ്പാലം.