ജാതീയ ഇന്ത്യയില്‍ സംവരണം പ്രധാനമാണ്

കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരി പറയുന്നത് പോലെ ചില സമുദായങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതിനോ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു വേണ്ടിയോ സമുദായത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനു വേണ്ടിയോ അല്ല ഇന്ത്യന്‍ ഭരണഘടന സംവരണം വിഭാവനം ചെയ്തത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയുടെ ഭാഗമായി ചില വിഭാഗങ്ങളെ ബോധപൂര്‍വം മാറ്റി നിര്‍ത്തുന്നത് തടയാന്‍ വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. രാജ്യത്തെ ദളിതുകളും പിന്നാക്ക വിഭാഗങ്ങളും അനുഭവിച്ച അരുകുവത്കരണം തടയാന്‍ വേണ്ടി തന്നെയായിരുന്നു സംവരണമെന്ന സംവിധാനം ഭരണഘടനാ നിര്‍മാതാക്കള്‍ എഴുതി ചേര്‍ത്തത്. പിന്നാക്കക്കാരെയും അധസ്ഥിതരെയും ജാതീയമായി താഴെ നില്‍ക്കുന്നവരെയും മുഖ്യധാരയില്‍ നിന്നുള്ള ഈ മാറ്റി നിര്‍ത്തല്‍ ഇന്നും തുടരുന്നുവെന്നാണ് കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത ഓര്‍മപ്പെടുത്തുന്നത്. അവസര സമത്വവും സാമൂഹിക നീതിയും തുല്യയളവില്‍ വിതരണം ചെയ്യപ്പെടാത്ത കാലത്തോളം ജനാധിപത്യത്തില്‍ സംവരണം ഉണ്ടായേ മതിയാകൂ.
Posted on: September 20, 2019 11:57 am | Last updated: September 20, 2019 at 11:57 am

സംവരണം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും തലപൊക്കി തുടങ്ങിയിരിക്കുന്നു. സംവരണം കൊണ്ട് മാത്രം സമുദായം രക്ഷപ്പെടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്ന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയാണ് സംവരണം സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ജാതീയതക്കെതിരെ പോരാടിയ ജ്യോതിറാവു ഫുലെയുടെ പേരിലുള്ള മഹാത്മാ ഫുലെ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ 60ാം വാര്‍ഷികത്തിന്റെ ചടങ്ങില്‍ വെച്ചാണ് കേന്ദ്ര മന്ത്രി ഈ പ്രസ്താവന നടത്തിയത്.

സ്വന്തം കഴിവിലൂടെ സ്ഥാനങ്ങള്‍ നേടാന്‍ സാധിക്കാതെ വരുമ്പോഴാണ് ആളുകള്‍ ജാതി കാര്‍ഡ് പുറത്തെടുക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതേ ദിവസം കര്‍ണാടകത്തില്‍ നിന്ന് മറ്റൊരു വാര്‍ത്തയുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാരനായതിനാല്‍ ബി ജെ പി. എം പി. എ നാരായണ സ്വാമിയെ ഒരു ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാതെ മടക്കി അയച്ചുവെന്നായിരുന്നു വാര്‍ത്ത. കര്‍ണാടക ചിത്രദുര്‍ഗയില്‍ നിന്നുള്ള ബി ജെ പി. എം പിയാണ് എ നാരായണ സ്വാമി. സവര്‍ണ വിഭാഗമായ ഗൊല്ല സമുദായത്തിന് സ്വാധീനമുള്ള തുംകൂര്‍ ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നാരായണ സ്വാമി. എന്നാല്‍ ദളിതനായ എം പിയെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടായിരുന്നു സവര്‍ണരായ ഗ്രാമവാസികള്‍ക്കുണ്ടായിരുന്നത്. രാജ്യം എന്തുകൊണ്ടാണ് സംവരണം വിഭാവനം ചെയ്തതെന്ന ചോദ്യത്തിനുള്ള മറുപടിയാണ് കര്‍ണാടകയിലെ ബി ജെ പി. എം പി നേരിടേണ്ടി വന്ന ദുരവസ്ഥ.

കേന്ദ്ര മന്ത്രി നിഥിന്‍ ഗഡ്കരി പറയുന്നത് പോലെ ചില സമുദായങ്ങള്‍ക്ക് സൗജന്യങ്ങള്‍ നല്‍കുന്നതിനോ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനു വേണ്ടിയോ സമുദായത്തെ സാമ്പത്തികമായി ശക്തിപ്പെടുത്തുന്നതിനു വേണ്ടിയോ അല്ല ഇന്ത്യന്‍ ഭരണഘടന സംവരണം വിഭാവനം ചെയ്തത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയുടെ ഭാഗമായി ചില വിഭാഗങ്ങളെ ബോധപൂര്‍വം മാറ്റി നിര്‍ത്തുന്നത് തടയാന്‍ വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്. രാജ്യത്തെ ദളിതുകളും പിന്നാക്ക വിഭാഗങ്ങളും അനുഭവിച്ച അരുകുവത്കരണം തടയാന്‍ വേണ്ടി തന്നെയായിരുന്നു സംവരണമെന്ന സംവിധാനം ഭരണഘടനാ നിര്‍മാതാക്കള്‍ എഴുതി ചേര്‍ത്തത്. പിന്നാക്കക്കാരെയും അധസ്ഥിതരെയും ജാതീയമായി താഴെ നില്‍ക്കുന്നവരെയും മുഖ്യധാരയില്‍ നിന്നുള്ള ഈ മാറ്റി നിര്‍ത്തല്‍ ഇന്നും തുടരുന്നുവെന്നാണ് കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത ഓര്‍മപ്പെടുത്തുന്നത്. അവസര സമത്വവും സാമൂഹിക നീതിയും തുല്യയളവില്‍ വിതരണം ചെയ്യപ്പെടാത്ത കാലത്തോളം ജനാധിപത്യത്തില്‍ സംവരണം ഉണ്ടായേ മതിയാകൂ.

വിവേചനം
സാമ്പത്തികപരമാണോ?

അതേസമയം, സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാകണമെന്നും സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിവേചനവും മാറ്റി നിര്‍ത്തലുകളുമുണ്ടാകുന്നതെന്നും ഒരു വിഭാഗം വാദിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഈ വാദഗതിക്കാരാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉയര്‍ന്ന വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം നല്‍കുന്ന നിയമം കൊണ്ടുവന്നത്. ഇന്ത്യന്‍ ഇടതുപക്ഷവും ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള വലതു പക്ഷവും ഇതേ വാദം ആവര്‍ത്തിക്കുന്നുവെന്നതാണ് ഏറെ കൗതുകകരം. ബ്രാഹ്മണിക്കല്‍ ആധിപത്യം സമൂഹത്തില്‍ എപ്പോഴും നിലനില്‍ക്കണമെന്നു വാദിക്കുന്നതു കൊണ്ടാണ് ആര്‍ എസ് എസ് എപ്പോഴും സാമുദായിക സംവരണത്തിന് എതിരാകുകയും സാമ്പത്തിക സംവരണത്തിനായി വാദിക്കുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് ആര്‍ എസ് എസിന്റെ നേരിട്ടുള്ള പ്രതിനിധിയായി ക്യാബിനറ്റിലിരിക്കുന്ന ഗഡ്കരിക്ക് സാമുദായിക സംവരണത്തിനെതിരെ വാദം ഉന്നയിക്കാന്‍ കഴിയുകയും ചെയ്യുന്നത്. എന്നാല്‍, ആഗോള പൊതു മാതൃകയില്‍ തന്നെ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെയും മനസ്സിലാക്കിയതാണ് ഇടതുപക്ഷത്തിനു പറ്റിയ തെറ്റ്. ജാതി വ്യവസ്ഥിതിയെ മനസ്സിലാക്കാതെ ഇന്ത്യന്‍ സാമൂഹികക്രമത്തെ നിര്‍വചിക്കാനാകില്ലെന്ന അടിസ്ഥാന പ്രശ്നത്തെ അഭിമുഖീകരിക്കാതെയാണ് സംവരണ വിഷയത്തില്‍ അടക്കം ഇടതുപക്ഷം നിലപാട് സ്വീകരിക്കുന്നത്. ഇടതുപക്ഷത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട്. സാമ്പത്തിക സംവരണം യാഥാര്‍ഥ്യമാക്കുന്ന, ഭരണഘടനാ നിര്‍മാതാക്കളുടെ സംവരണ നിര്‍വചനം തന്നെ അപ്രസക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലില്‍ ഇന്ത്യയിലെ മുഖ്യധാരാ സോഷ്യലിസ്റ്റ് പാര്‍ട്ടികളെല്ലാം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.

ഇടതുപക്ഷത്തിന് ബദലായി
ദളിത് മാര്‍ക്‌സിസം

ദളിത് മര്‍ക്സിസം ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന പുതിയ ചിന്താധാരയാണ്. പൊതു മാര്‍ക്‌സിസ്റ്റ് ചിന്തകളില്‍ നിന്ന് ഇന്ത്യന്‍ യാഥാര്‍ഥ്യത്തെ കുറച്ചുകൂടി അടുത്തു നിന്ന് നിര്‍വചിക്കാനുള്ള ശ്രമമാണ് ദളിത് മാര്‍ക്സിസം ചെയ്യുന്നത്. സംവരണ കാര്യത്തില്‍ അടക്കം മുഖ്യധാരാ മാര്‍ക്‌സിസ്റ്റുകള്‍ സ്വീകരിക്കുന്ന നിലപാടില്‍ നിന്ന് ഏറെ വിഭിന്നമായിട്ടാണ് ദളിത് മാര്‍ക്‌സിസ്റ്റുകള്‍ സമീപിക്കുന്നത്. പൊതു സ്വത്ത്, മുതലാളിത്തം തുടങ്ങിയ മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ക്കൊപ്പം തന്നെ ഇന്ത്യയിലെ ജാതി, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളെ കൂടി ദളിത് മാര്‍ക്‌സിസം കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ട്. സാമ്പത്തിക സംവരണം ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്നും ജാതി വിവേചനത്തെ മറച്ചുവെച്ചു കൊണ്ട് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയെ അളക്കാന്‍ കഴിയില്ലെന്നും ദളിത് മാര്‍ക്സിസ്റ്റുകള്‍ വിശ്വസിക്കുന്നു. സാമ്പത്തിക സംവരണ വക്താക്കളോട് ദളിത് മാര്‍ക്‌സിസ്റ്റുകള്‍ ഉന്നയിക്കുന്ന ലളിതമായൊരു ചോദ്യമുണ്ട്. സാമ്പത്തികമായി പിന്നാക്കം നിന്ന ഒരു വ്യക്തിക്ക് സംവരണം നല്‍കുകയും എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ് അയാള്‍ സമ്പന്നനാകുകയും ചെയ്താല്‍ നിങ്ങളെന്തു ചെയ്യുമെന്നാണ് ചോദ്യം.

എങ്ങനെയായിരുന്നാലും രാജ്യത്തെ ദളിതുകള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമെതിരെയുള്ള വിവേചനങ്ങള്‍ തുടരുന്നിടത്തോളം കാലം സാമുദായിക സംവരണം നിലനിന്നേപറ്റൂ. എങ്കില്‍ മാത്രമേ രാജ്യത്തെ എല്ലാ ജനവിഭാഗത്തിന്റെയും പ്രാതിനിധ്യവും ശബ്ദവും പൊതുയിടങ്ങളില്‍ നിലനില്‍ക്കുകയുള്ളൂ. സംവരണ സീറ്റുകള്‍ക്കപ്പുറത്തേക്ക് രാജ്യത്തെ എത്ര സീറ്റുകളില്‍ ദളിതുകളും സ്ത്രീകളും അടക്കമുള്ളവര്‍ ജയിച്ചു വരുന്നുണ്ടെന്ന് നമ്മുടെ പരിസരങ്ങളില്‍ മാത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പാര്‍ലിമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പോലും ദളിതനായതിന്റെ പേരില്‍ പൊതുയിടത്തില്‍ തടയപ്പെടുന്നുവെന്ന് വരുന്നുവെങ്കില്‍ സംവരണം സാമുദായികമായി തന്നെ തുടരേണ്ടതുണ്ട്.