ഹെറോയിനുമായി അഞ്ച് അഫ്ഗാന്‍ സ്വദേശികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

Posted on: September 19, 2019 9:42 pm | Last updated: September 20, 2019 at 10:40 am

ന്യൂഡല്‍ഹി: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 15 കോടി രൂപ വിലയുള്ള ഹെറോയിനുമായി അഞ്ച് അഫ്ഗാന്‍ സ്വദേശികള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ കസ്റ്റംസ് ആന്‍ഡ് എക്‌സൈസ് വിഭാഗവും ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഹെറോയിന്‍ ഗുളികകള്‍ക്കുള്ളിലാക്കി വിഴുങ്ങി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. അറസ്റ്റിലായവരെല്ലാം 18- 29 വയസിന് ഇടയില്‍ പ്രായമുള്ളവരാണ്.

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന വിമാനത്തിയില്‍ മയക്ക് മരുന്ന് കടത്തുന്നതായി രഹര്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസിന്റെ പരിശോധന.

പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഗുളിക വിഴുങ്ങിയാണ് കടത്താന്‍ ശ്രമിക്കുന്നതെന്ന് സമ്മതിച്ചത്. തുടര്‍ന്ന് റാം മനോഹര്‍ലോഹ്യ ആശുപത്രിയില്‍കൊണ്ടുപോയി പ്രതികളുടെ വയറ്റില്‍ നിന്ന് 370 ഹെറോയിന്‍ ഗുളിക കണ്ടെടുക്കുകയായിരുന്നു. കാണ്ഡഹാറില്‍ നിന്നാണ് ഹെറോയില്‍ കൊണ്ടുവരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. നൈജീരിയയും കാണ്ഡഹാറുമെല്ലാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മയക്ക്മരുന്ന് സംഘത്തിലെ കണ്ണികളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.