Connect with us

National

ഐ എന്‍ എക്‌സ് മീഡിയ കേസ്: ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ മൂന്നു വരെ നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി സുപ്രീം കോടതി ഒക്ടോബര്‍ മൂന്നു വരെ നീട്ടി. കസ്റ്റഡി നീട്ടുന്നത് യാന്ത്രികമായ ഒരു പ്രക്രിയ അല്ലെന്ന് ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന സി ബി ഐ ഹരജിയോട് പ്രതികരിക്കവെ അദ്ദേഹത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ആവശ്യപ്പെട്ടുസിബല്‍ പറഞ്ഞു. കസ്റ്റഡി നീട്ടുന്നതിനുള്ള കാരണം കൃത്യമായി വ്യക്തമാക്കിയിരിക്കണം. ചിദംബരത്തിന് പതിവായി ദിനംപ്രതി മെഡിക്കല്‍ പരിശോധന അനുവദിക്കണമെന്നും
സിബല്‍ ആവശ്യപ്പെട്ടു. മറ്റു തടവുകാര്‍ക്ക് നല്‍കുന്ന എല്ലാ അവകാശങ്ങളും ചിദംബരത്തിനും അനുവദിക്കുമെന്നും അതിന് അപേക്ഷ നല്‍കാവുന്നതാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. ഡല്‍ഹിയിലെ ജോര്‍ ബാഗില്‍ ബ്രാഞ്ചുള്ള ഒരു ബേങ്കിലുള്ള അക്കൗണ്ടിന്റെ സ്‌റ്റേറ്റ്‌മെന്റ് ലഭിക്കാന്‍ അവസരമൊരുക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഐ എന്‍ എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് സെപ്തംബര്‍ അഞ്ചു മുതലാണ് തിഹാര്‍ ജയിലിലാണ് ചിദംബരം. ബുധനാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് എം പിയുമായ കാര്‍ക്കി ചിദംബരവും അവരോടൊപ്പമുണ്ടായിരുന്നു. 2007ല്‍ ചിദംബരം ധനകാര്യ മന്ത്രിയായിരുന്ന കാലത്ത് 307 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് ഐ എന്‍ എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡിന്റെ (എഫ് ഐ പി ബി) ക്ലിയറന്‍സ് അനധികൃതമായി നല്‍കിയെന്നതാണ് കേസ്. 2017 മെയ് 15നാണ് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.