സഊദി ഭരണാധികാരിയും യു എസ് സ്റ്റേറ്റ് സെക്രട്ടറിയും ജിദ്ദയില്‍ കൂടിക്കാഴ്ച നടത്തി

Posted on: September 19, 2019 3:24 pm | Last updated: September 19, 2019 at 8:01 pm

ജിദ്ദ: സഊദി അറാംകോയുടെ രണ്ട് എണ്ണ ശുദ്ധീകരണ ശാലകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ ഉടലെടുത്ത സംഘര്‍ഷവസ്ഥക്ക് പരിഹാരം കാണുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. ദമാം അബ്‌ഖൈക്കിലെയും ഖുറൈസിലെയും എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍, ക്രൂയിസ് മിസൈല്‍ ആക്രമണങ്ങളെ ‘ഇറാനിയന്‍ ആക്രമണം’ എന്നാണ് പോംപിയോ വിശേഷിപ്പിച്ചത്. ഇത്തരം ആക്രമണങ്ങള്‍ മേഖലയിലെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിനും ആഗോള എണ്ണ വിതരണത്തിനും സമ്പദ്വ്യവസ്ഥക്കും നാശമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണെന്ന് കൂടിക്കാഴ്ചയില്‍ സഊദി കിരീടാവകാശി പറഞ്ഞു

സെപ്തംബര്‍ 14 ലെ ആക്രമണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ സഊദി അറേബ്യ സ്വീകരിച്ച നടപടികളെ യു എസ് പിന്തുണക്കുന്നുവെന്നും പോംപിയോ പറഞ്ഞു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക സഊദി അറേബ്യക്കൊപ്പം നില്‍ക്കുകയും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഇറാനിയന്‍ ഭരണകൂടത്തിന്റെ ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം അംഗീകരിക്കില്ലെന്നും കൂടിക്കാഴ്ചക്കു ശേഷം പോംപിയോ ട്വിറ്ററില്‍ കുറിച്ചു. കൂടിക്കാഴ്ചയില്‍ പ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസീദ് ബിന്‍ മുഹമ്മദ് അല്‍-ഐബാന്‍, സഊദിയിലെ യു എസ് അംബാസഡര്‍ ജോണ്‍ അബിസൈദ് പങ്കെടുത്തു.