പാലാരിവട്ടം: ഇബ്‌റാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും; സൂരജ് ഉള്‍പ്പടെയുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടി

Posted on: September 19, 2019 12:48 pm | Last updated: September 20, 2019 at 8:59 am

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കും. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ പ്രതിയും മുന്‍ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇബ്‌റാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.

മന്ത്രിയെ വിശദമായി ചോദ്യം ചെയത ശേഷം മതി അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കൽ എന്നാണ് വിജിലൻസ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. ആദ്യഘട്ടത്തിൽ തെളിവുകൾ പരമാവധി ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങിയാൽ മതിയെന്നാണ് യോഗത്തിൽ അഭിപ്രായമുയർന്നത്. അറസ്റ്റ് സംബന്ധിച്ച് നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.

അതിനിടെ, കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ ജുഡീഷ്യല്‍ റിമാന്‍ഡ് അടുത്തമാസം മൂന്ന് വരെ നീട്ടി. വിജിലന്‍സ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു.