പോര്‍വിമാനമായ തേജസില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ്

Posted on: September 19, 2019 10:36 am | Last updated: September 19, 2019 at 12:32 pm

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോമ്പാറ്റ് പോര്‍വിമാനമായ തേജസില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ്. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എല്‍) വിമാനത്താവളത്തില്‍ നിന്നാണ് മന്ത്രി പറന്നുയര്‍ന്നത്. വെളുത്ത ഹെല്‍മറ്റും ഓക്‌സിജന്‍ മാസ്‌കും ധരിച്ച് പൈലറ്റിന്റെ പിറകിലിരുന്നാണ് രാജ്‌നാഥ് സിംഗ് യാത്ര ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. വ്യത്യസ്തമായ അനുഭവം എന്നാണ് തേജസിലെ യാത്രയെക്കുറിച്ച് അദ്ദേഹം പിന്നീട് ട്വിറ്ററില്‍ കുറിച്ചത്.

1985ലാണ് തേജസ് പോര്‍വിമാനം നിര്‍മിക്കുന്നതിനുള്ള പദ്ധതിക്ക് എച്ച് എ എല്‍ തുടക്കമിട്ടത്. ഡി ആര്‍ ഡി ഒയാണ് വിമാനം വികസിപ്പിച്ചത്. 1994ല്‍ വിമാനം സൈന്യത്തിന്റെ ഭാഗമാക്കാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും നീണ്ടുപോയി. 33 വര്‍ഷങ്ങളെടുത്താണ് നിര്‍മാണവും പരീക്ഷണവും പൂര്‍ത്തിയാക്കി വിമാനം സേനയുടെ ഭാഗമായത്.

ഗോവയിലെ ഐ എന്‍ എസ് ഹന്‍സയില്‍ വച്ച് തേജസിന്റെ അറസ്റ്റഡ് ലാന്‍ഡിംഗ് പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരു്ന്നു. വിമാന വാഹിനി കപ്പലുകളിലെ ലാന്‍ഡിംഗിനാണ് ഈ രീതി ഉപയോഗിക്കുന്നത്. വിമാനം ഇറങ്ങുന്ന അവസരത്തില്‍ വടങ്ങള്‍ വിമാനത്തില്‍ കുടുക്കി വിമാനത്തെ പെട്ടെന്ന് പിടിച്ചുനിര്‍ത്തുന്ന രീതിയാണിത്.